maharaja-hostel

'മഹാരാജ ഹോസ്റ്റല്‍' സിനിമക്ക് വന്ന വിമര്‍ശനങ്ങള്‍ക്ക് റിലീലൂടെ മറുപടി നല്‍കി അഖില്‍ എന്‍ആര്‍ഡി. അഖില്‍ എന്‍ആര്‍ഡി, അഖില്‍ ഷാ, ശരത്ത്, സന്ദീപ് എന്നിവര്‍ ആദ്യമായി ഒന്നിച്ചഭിനയിച്ചിരിക്കുന്ന ഹൊറര്‍ കോമഡി 'മഹാരാജ ഹോസ്റ്റലി'നെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന ഹേറ്റിനെ സാര്‍ക്കാസ്റ്റിക് ആയി അവതരിപ്പിച്ചാണ് അഖില്‍ റീല്‍ ചെയ്തിരിക്കുന്നത്. 

ആക്റ്റിങ് വര്‍ക്ഷോപ്പിന് പോവുകയാണെന്നും അശ്വന്ത് കോക്കിന്‍റെ വീട് ചോദിച്ചറിഞ്ഞിട്ട് അവിടേക്ക് പോവാതിരിക്കാനാണെന്നും വിഡിയോയില്‍ അഖില്‍ പറയുന്നുണ്ട്. തിയേറ്ററില്‍ അത്യാവശം ആളുകളും കുടുംബ പ്രേക്ഷകരും കയറുന്നുണ്ട്. സംവിധായകന് വേണ്ട കഥാപാത്രവും എന്‍റെ റീലിലെ കഥാപാത്രവും ഒരുപോലെയായതുകൊണ്ട് അത് തന്നെ അഡാപ്റ്റ് ചെയ്തതാണ്. ആരേയും രക്ഷപെടാന്‍ സമ്മതിക്കല്ല്, തളര്‍ത്തിയിട്ടോണം എന്ന് പറഞ്ഞാണ് റീല്‍ അവസാനിപ്പിച്ചത്. 

കമന്‍റില്‍ അഖിലിന് പിന്തുണയുമായി അഖില്‍ ഷാ എത്തി. 'ഇത് നിന്റെ ആദ്യ സിനിമയാണ്, അതിൽ നീ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നീ ഓരോ ഷോർട്ട് ഫിലിമിനും എടുക്കുന്നത്ര ശ്രമവും ആത്മാർഥതയും ഞങ്ങളാരും എടുത്തിട്ടില്ല. സെറ്റിൽ എപ്പോഴും കൃത്യസമയത്ത് എത്തുന്നതും, എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ മടിയില്ലാതെ ചോദിക്കുന്നതും നീ മാത്രമായിരുന്നു. അതിൽ നിന്നുതന്നെ സിനിമയോടുള്ള നിന്റെ പാഷനും ആത്മാർത്ഥതയും ഞങ്ങൾക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു. കുരക്കുന്നവര്‍ കുരക്കട്ടെ. കുറഞ്ഞത് നിനക്ക് ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചില്ലേ? അതുതന്നെ വലിയൊരു കാര്യമാണ്,' അഖില്‍ ഷാ കുറിച്ചു. 

സിനിമക്കെതിരായ ഹേറ്റില്‍ പ്രതികരിച്ച് താരങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. 'ഞങ്ങള്‍ തുടക്കകാരായതുകൊണ്ടുതന്നെ ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരുപാട് തെറ്റുകള്‍ ഉണ്ടാകും. നിങ്ങള്‍ ചിത്രം കണ്ടിട്ട് നിങ്ങളുടെ സത്യസന്ധമായിട്ടുള്ള റിവ്യൂ അറിയിക്കണം. ചെറിയ പ്രൊഡക്ഷന്‍ ഹൗസാണ് ചെറിയ ബജറ്റുള്ള മൂവിയാണ്, അതനുസരിച്ചുള്ള പരിമിതികള്‍ ഉണ്ട്. ഞങ്ങള്‍ ആദ്യമായി അഭിനയിക്കുന്നതുകൊണ്ടുള്ള തെറ്റുകള്‍ കാണാം. ചെറിയ പ്രൊഡക്ഷനാണെങ്കിലും അവരാല്‍ കഴിയും വിധം നല്ലവണ്ണം ചിത്രം എടുത്തുവെച്ചിട്ടുണ്ട്. തിയേറ്ററില്‍ പോയി കണ്ടാലേ അതിന്റെ ഫീല്‍ നിങ്ങള്‍ക്ക് മനസ്സിലാകത്തുള്ളൂ. സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് ഒക്കെ വരുന്നുണ്ടെങ്കിലും തിയേറ്ററില്‍ നിന്ന് നേരിട്ട് നല്ല പോസിറ്റീവാണ് ഞങ്ങള്‍ക്ക് കിടുന്നത്. എന്നിട്ടും സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ നെഗറ്റീവ് വരുന്നതെന്താണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. അത് ഭയങ്കരമായിട്ട് വിഷമിപ്പിക്കുന്നുണ്ട്,' ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു. 

ENGLISH SUMMARY:

Actor and content creator Akhil NRD has responded to the online hate targeted at his film Maharaja Hostel through a sarcastic Instagram reel. Featuring Akhil NRD alongside Akhil Shah, Sarath, and Sandeep, the horror-comedy faced heavy criticism on social media despite getting positive responses from theater audiences. Supporting Akhil NRD, his co-star Akhil Shah commented on the post praising his dedication, passion, and punctuality on set while encouraging him to ignore the naysayers. The cast previously appealed to viewers via a video, highlighting their efforts as newcomers working on a small-budget project and expressing disappointment over the online negativity.