peraley-maaney

TOPICS COVERED

സിജെപി പ്രതിഷേധത്തില്‍ നിലപാട് പറഞ്ഞതിന് ശേഷം പേളി മാണിക്ക് അത്ര നല്ല കാലമല്ല. ജീവൻ അപകടത്തിലാണെങ്കിൽ വിദ്യാർഥികൾ സമരം അവസാനിപ്പിച്ച് തിരികെപ്പോവണമെന്ന് തന്‍റെ പോസ്റ്റില്‍ പേളി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. വിമര്‍ശനങ്ങള്‍ കടുത്തതോടെ താരം കമന്‍റ് ബോക്സ് ഓഫാക്കി വക്കുക പോലും ചെയ്തിരുന്നു. 

ഇതിനിടക്ക് പേളിയുടെ പഴയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രചരിക്കുകയാണ്. ഗലാട്ട പ്ലസ് ചാനലില്‍ വന്ന ആങ്കേഴ്സ് റൗണ്ട് ടേബിളിലെ പേളിയുടെ വാക്കുകളാണ് വീണ്ടും പ്രചരിക്കുന്നത്. 'വിമര്‍ശനം എനിക്ക് ഇഷ്ടമാണ്. അതാണ് എന്നെ വളര്‍ത്തുന്നത്. എല്ലാ കമന്‍റുകളും വായിക്കും. അതെല്ലാം ലൈക്ക് ചെയ്യും,' പേളി പറഞ്ഞു. മോശം കമന്‍റുകള്‍ ആരെങ്കിലും ഡിലീറ്റ് ചെയ്യുമോ എന്ന ചോദ്യത്തിന് സത്യത്തില്‍ മോശം കമന്‍റുകളൊന്നും തനിക്ക് വരാറില്ലെന്നും അത് സാധാരണമല്ലേയെന്നും പേളി ചോദിച്ചു. ഈ വിഡിയോ ആണ് വീണ്ടും പ്രചരിക്കുന്നത്. അതേസമയം ആറ് മാസം മുന്‍പ് വന്ന അഭിമുഖത്തിന്‍റെ കമന്‍റില്‍ തന്നെ പേളി പറയുന്നതൊന്നും ശരിയല്ലെന്നും ഫേക്ക് പേഴ്സണാലിറ്റി ആണെന്നും ആളുകള്‍ വിമര്‍ശിച്ചിരുന്നു. നെഗറ്റീവ് കമന്‍റുകള്‍ വരാറുണ്ടെന്നും അത് അപ്പോള്‍ തന്നെ നീക്കം ചെയ്യപ്പെടുമെന്നും കമന്‍റുകളുണ്ടായിരുന്നു. 

പേളിയുടെ സിജെപി നിലപാടിലും എതിര്‍പ്പ് പ്രകടിപ്പിച്ച് കമന്‍റ് ചെയ്തതിന് ബ്ലോക്ക് ചെയ്തു എന്ന് പറഞ്ഞ് നിരവധി പേരാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. ജീവൻ അപകടത്തിലാകുന്ന സാഹചര്യമുണ്ടെങ്കിൽ വീട്ടിലേക്ക് മടങ്ങുക. സ്വന്തം ജീവൻ നഷ്ടപ്പെടുത്താൻ മാത്രം പ്രാധാന്യമുള്ള ഒരു ലക്ഷ്യവുമില്ല,' എന്നും പേളി കുറിച്ചിരുന്നു. വിദ്യാർഥികൾക്ക് നീതിയുക്തമായ വിദ്യാഭ്യാസ സമ്പ്രദായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനൊപ്പം, പ്രക്ഷോഭത്തിന്റെ യഥാർഥ ലക്ഷ്യം വഴിമാറിപ്പോകരുതെന്നും പേളി കുറിച്ചു. 

പേളിയുടെ നിലപാടിനെ വിമർശിച്ച് സംവിധായകൻ സിബി മലയിലിന്റെ മകനും നടനും സിനിമാ പ്രവർത്തകനുമായ ജോ സിബി മലയിൽ രംഗത്തെത്തിയിരുന്നു. പിന്നാലെ പ്രതിഷേധം 'പരാജയപ്പെട്ട സിനിമാ സംവിധായകനെ' പരാമർശിച്ചുകൊണ്ട് പേളി ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത് കൂടുതൽ വിവാദങ്ങൾക്കിടയാക്കി. തന്റെ നിലപാട് പലരെയും അസ്വസ്ഥരാക്കിയെന്നും ഒരു പരാജയപ്പെട്ട സംവിധായകൻ തന്റെ നാലു പേജ് പോസ്റ്റിനെക്കുറിച്ച് 10 പേജുള്ള തിരക്കഥ എഴുതുകയാണെന്ന് പേളി ആരോപിച്ചിരുന്നു. 

വിവാദങ്ങള്‍ക്കിടെ പേളിയുടെ ഇൻസ്റ്റഗ്രാമിൽ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സാണ് കുറഞ്ഞത്. ഇൻസ്റ്റഗ്രാമിന് പുറമെ യൂട്യൂബ്, ഫെയ്‌സ്ബുക്ക് പ്ലാറ്റ്ഫോമുകളിലും ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ കുറവുണ്ട്. 

ENGLISH SUMMARY:

Pearle Maaney is facing severe backlash and a massive drop in followers across social media platforms after advising students to call off the CJP protest if their lives are in danger. Amid intense criticism and the disabling of her comment section, her past interview claiming she never receives negative comments has resurfaced online to mock her. The controversy further escalated when she posted a cryptic swipe about a "failed film director" following criticism from actor and filmmaker Joe Cibi Malayil. Consequently, this digital row has severely impacted her social media presence, resulting in the loss of over three hundred thousand followers on Instagram alone.