പുസ്തകങ്ങളിലും വാമൊഴിയായും പലകുറി കണ്ടും കേട്ടും അറിഞ്ഞ ഒഡീസിയസിന്‍റെ കഥ ക്രിസ്റ്റഫർ നോളന്‍ ബിഗ് സ്ക്രീനിലേക്കെത്തിച്ചപ്പോള്‍ ഇരുകൈയ്യും നീട്ടിയാണ് സിനിമാ പ്രേമികള്‍ സ്വീകരിച്ചത്. ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ 'ദി ഒഡീസി' കാണുന്നതിനിടയില്‍ പെട്ടന്ന് കറണ്ട് പോയാല്‍ എന്ത് ചെയ്യും? ഒരു ഹിസ്റ്ററി ടീച്ചറാണെങ്കില്‍ എഴുന്നേറ്റ് നിന്ന് ബാക്കി കഥയങ്ങ് പറയും.

അങ്ങനെയൊക്കെ നടക്കുമോ എന്ന് ആശ്ചര്യപ്പെട്ട് മൂക്കത്ത് വിരല്‍ വയ്ക്കാന്‍ വരട്ടെ. ഈ സംഭവം യഥാര്‍ത്ഥത്തില്‍ നടന്നതാണ്. തിയറ്ററില്‍ 'ദി ഒഡീസി' കാണുന്നതിനിടക്ക് കറണ്ട് പോകുമ്പോള്‍ ഒരാള്‍ എഴുന്നേറ്റ് നിന്ന് ബാക്കി ഭാഗങ്ങള്‍ വിശദീകരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കഥ പറയുന്ന ആള്‍ ഹിസ്റ്ററി ടീച്ചറാണെന്നാണ് വിഡിയോ പങ്കുവെച്ചയാള്‍ കാപ്ഷനില്‍ കൊടുത്തിരിക്കുന്നത്.  

വായിച്ചും പറഞ്ഞും കേട്ടിരുന്ന ഈ കഥ തിയറ്ററിലെ ഇരുട്ടിലിരുന്ന് അധ്യാപകന്റെ വായിൽ നിന്ന് കേട്ടത് ആളുകൾക്ക് പുതിയ അനുഭവമായി മാറിയെന്നാണ് തിയറ്ററില്‍ ആ സമത്ത് അവിടെയുണ്ടായിരുന്നവര്‍ പറയുന്നത്. വിഡിയോ പോസ്റ്റ് ചെയ്ത് നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ ഈ സംഭവം ഒഡീസി കഥകൾ പണ്ട് കാലത്ത് കേട്ടിരുന്ന അതേ രീതിയെ ഓർമിപ്പിക്കുന്നതായിരുന്നുവെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. 

ദി ഒഡീസി: ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് 'ദി ഒഡീസി'. ഗ്രീക്ക് കവി ഹോമർ എഴുതിയ വിഖ്യാത ഇതിഹാസ കാവ്യമായ 'ഒഡീസി'യെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ട്രോജൻ യുദ്ധത്തിലെ വിജയത്തിന് ശേഷം തന്റെ ജന്മനാടായ ഇത്താക്കയിലേക്ക് തിരികെ പോകുന്ന ഒഡീസിയസ് എന്ന വീരനായകന്റെ കഥയാണിത്. പത്ത് വർഷം നീണ്ടുനിൽക്കുന്ന ഈ മടക്കയാത്രയിൽ ഒഡീസിയസിന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളെയാണ് ചിത്രം കാണിക്കുന്നത്. മാറ്റ് ഡാമൺ, ടോം ഹോളണ്ട്, റോബർട്ട് പാറ്റിൻസൺ, ആൻ ഹാതവേ, സെൻഡയ, ചാർലിസ് തെറോൺ, ലുപിറ്റ ന്യോങ്കോ എന്നിവരുൾപ്പെടെ ഒരുപറ്റം മികച്ച അഭിനേതാക്കളാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.

ENGLISH SUMMARY:

The Odyssey movie, directed by Christopher Nolan, has captivated audiences, leading to a viral incident where a history teacher explained the plot during a power outage. This unique event brought the epic tale of Odysseus back to life for cinema-goers, reminiscent of ancient storytelling traditions.