Image Credit: Instagram Account / pearlemaany

നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യത്തുടനീളം നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ നടിയും അവതാരകയുമായ പേളി മാണി പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റുകളുമായി ബന്ധപ്പെട്ടുള്ള വിവാദം തുടരുന്നു. പേളിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ഹേറ്റ് ക്യാംപെയ്‌നാണ് നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് ലക്ഷം ഫോളോവേഴ്‌സാണ് ഇൻസ്റ്റഗ്രാമിൽ മാത്രം പേളിക്ക് നഷ്ടമായത്.

ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 5.7 മില്യൺ ഫോളോവേഴ്സാണ് പേർളി മാണിക്കുണ്ടായിരുന്നത്. ഡൽഹിയിലെ സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് പേളിക്കെതിരെ അൺഫോളോ ക്യാംപെയ്‌ൻ ആരംഭിച്ചത്. ഈ വിഷയത്തില്‍  പേളിയുടെ നിലപാട് നിഷ്പക്ഷമല്ലെന്നും, ഗൗരവം കുറച്ചുകാണിക്കുന്നതാണെന്നും  സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നു.

പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം അക്രമ സംഭവങ്ങളിൽ നിന്ന് വിദ്യാർഥികൾ പിന്മാറണമെന്നും ജീവനാണ് പ്രധാനം എന്നും വ്യക്തമാക്കി പേളി പങ്കുവച്ച ദീർഘമായ കുറിപ്പാണ് ഒരു വിഭാഗം ആളുകളെ പ്രകോപിപ്പിച്ചത്. ഇതിനെതിരെ വിമർശനം ഉന്നയിച്ച പലരെയും പേളി ബ്ലോക്ക് ചെയ്തുവെന്ന ആരോപണവും ഉയർന്നു. പിന്നാലെ താരത്തെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ അൺഫോളോ ചെയ്യുന്നുവെന്ന പോസ്റ്റുകളും നിറഞ്ഞു. ഇൻസ്റ്റഗ്രാമിന് പുറമെ ഫെയ്‌സ്ബുക്കിലും പേളിയുടെ യൂട്യൂബ് ചാനലിന്റെയും ഫോളോവേഴ്‌സിന്റെ എണ്ണം ഗണ്യമായി കുറയുന്നുണ്ട്. 

നിലവിൽ അധിക്ഷേപ കമന്റുകളുടെ അതിപ്രസരം മൂലം പേളി തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ കമന്‍റ് ബോക്സ് ഓഫ് ചെയ്തിരിക്കുകയാണ്. നീറ്റ് ചോദ്യപ്പേപ്പര്‍ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചെന്നു കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച പ്രസ്താവന പേളി മാണി സ്റ്റാറ്റസ് ആക്കിയിരുന്നു. ഇതിനെതിരെയും കടുത്ത വിമർശനം ഉയർന്നപ്പോൾ ആ സ്റ്റാറ്റസ് ഡിലീറ്റ് ചെയ്ത പേളി കാവി നിറമാണ് തന്‍റെ പ്രിയപ്പെട്ട നിറമെന്ന് തുറന്നടിച്ച് മറ്റൊരു സ്റ്റാറ്റസ് ഇട്ടിരുന്നു. 

ഇതിനെതിരെയും വ്യക്തി അധിക്ഷേപം ഉൾപ്പെടെയുള്ള കമന്‍റുകള്‍  ഉയർന്നിരുന്നു. സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞതിന്‍റെ പേരിൽ ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിക്ക് നേരെ നടക്കുന്ന ഈ സൈബർ ആക്രമണം വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

 

ENGLISH SUMMARY:

pearlemaany's recent Instagram posts regarding NEET exam irregularities have sparked a significant controversy. The actress and presenter is facing a massive backlash on social media, resulting in a substantial loss of followers across her platforms.