നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന സിജെപിക്ക് പിന്തുണയുമായി നടി ജ്യോതിക. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ജ്യോതിക വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പദവി ഒഴിഞ്ഞ് രാജിവയ്ക്കണമെന്ന് ജ്യോതിക കുറിച്ചു. ജെന്‍ സി തലമുറയെ ഓര്‍ത്ത് അഭിമാനിക്കുന്നെന്നും അഭിജീത് ദീപ്കെയെയും സൗരവിനെയും പോലെ ഞങ്ങളുടെ മക്കളെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നെന്നും ജ്യോതിക പോസ്റ്റില്‍ പറയുന്നു.
ജ്യോതികയുടെ വാക്കുകൾ: ‘ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, സ്ഥാനമൊഴിയുക. ഞാൻ നമ്മുടെ രാജ്യത്തെ വിദ്യാർഥികൾക്കും അവരുടെ ഭാവികൾക്കുമൊപ്പം നിൽക്കുന്നു! ഞാൻ ഉത്തരവാദിത്തത്തിനൊപ്പം നിൽക്കുന്നു! ഞാൻ ജനാധിപത്യ ഇന്ത്യയ്ക്കൊപ്പം നിൽക്കുന്നു! ഞാൻ വിദ്യാഭ്യാസ പരിഷ്കരണത്തിനായി നിലകൊള്ളുന്നു!
സോനം വാങ്ചുക്, അഭിജീത് ദീപകെ, സൗരവ് ദാസ്... അമ്മ എന്ന നിലയിൽ ഞങ്ങൾ ഞങ്ങളുടെ മക്കളെ നിങ്ങളെപ്പോലെ വളർത്താൻ ആഗ്രഹിക്കുന്നു. വളച്ചുകെട്ടില്ലാതെ എല്ലാം നേരെ പറയുന്ന ജെൻ സി തലമുറയെക്കുറിച്ച് അഭിമാനിക്കുന്നു. ഒന്നിച്ചുചേർന്നാൽ ‘നമ്മളാണ്’ ഇന്ത്യ എന്ന് നിങ്ങൾ തെളിയിച്ചിരിക്കുന്നു. സമ്മർദ്ദങ്ങളെ അതിജീവിക്കാൻ സഹായിച്ചതിന് നന്ദി. ഞങ്ങളെ നിർഭയരാക്കിയതിന് നന്ദി, സി.ജെ.പി.
ജയ് ഹിന്ദ്, ജ്യോതിക’
ഡൽഹിയിലെ വിദ്യാർഥികളുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. മമ്മൂട്ടി, ഇന്ദ്രജിത്ത് സുകുമാരൻ, മീനാക്ഷി, കുഞ്ചാക്കോ ബോബൻ, സിജു സണ്ണി, റഹ്മാൻ, വിനയ് ഫോർട്ട്, കാളിദാസ് ജയറാം, നസ്‍ലിൻ, നിഖില വിമൽ, ഗ്രേസ് ആന്റണി, ദീപ തോമസ്, ഹാഷിർ തുടങ്ങിയവരും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിസ്മയ മോഹൻലാൽ, ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, പ്രാചി തെഹ്‌ലാൻ, എന്നിവരും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.