johnydeppEbenezar

'തുടരും' സിനിമയിലെ മോഹൻലാലിന്‍റെ ഹിറ്റ് ഡയലോഗാണ് ഹോളിവുഡ് താരം ജോണി ഡെപ്പിന്‍റെ തിരിച്ചുവരവിൽ ആരാധകർ ഏറ്റുപറയുന്നത്. "നിന്‍റെയൊക്കെ കൂട്ടത്തോട് പറഞ്ഞേര്... ഒറ്റയാൻ വീണ്ടും കാടുകേറിയെന്ന്!" ശരിക്കും ഹോളിവുഡിലെ ഒറ്റയാനാണ് ജോണി ഡെപ്പും. വിവാദങ്ങളുടെയും വാർത്തകളുടെയും തോഴൻ.

2018ൽ മുൻഭാര്യ ആംബർ ഹേർഡ് നൽകിയ ഗാർഹിക പീഡനക്കേസിനു ശേഷം ഹോളിവുഡ് സ്റ്റുഡിയോ സിനിമകളിലേക്ക് തിരിച്ചെത്തുകയാണ് ജോണി ഡെപ്പ്. പാരമൗണ്ട് പിക്‌ചേഴ്‌സ് പ്രഖ്യാപിച്ച 'എബനൈസർ: എ ക്രിസ്മസ് കാരോൾ' എന്ന ഹൊറർ-ഫാന്‍റസി ചിത്രത്തിലാണ് ജോണി ഡെപ്പ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ട്രെയിലർ പുറത്തുവന്നതോടെ വീണ്ടും ജോണി ഡെപ്പിന്‍റെ വേഷപ്പകർച്ചയെക്കുറിച്ചാണ് ചർച്ചകൾ ഏറെയും.

കഥാപാത്രങ്ങളുടെ മേക്കോവർ കൊണ്ട് കരിയറിൽ ഉടനീളം പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് ജോണി ഡെപ്പ്. 'പൈറേറ്റ്സ് ഓഫ് ദി കരീബിയൻ' ഫ്രാഞ്ചൈസിയിലെ ക്യാപ്റ്റൻ ജാക്ക് സ്പാരോയ്ക്ക് ആരാധകർ ലോകത്താകമാനമുണ്ട്. പിന്നിയിട്ട മുടിക്ക് മുകളിൽ ഒരു പൈറേറ്റ് തൊപ്പിയും വെച്ച്, ഒരു കുസൃതിച്ചിരിയോടെ താളത്തിൽ നടന്നുവരുന്ന അരക്കിറുക്കനായ ക്യാപ്റ്റൻ ജാക്ക് സ്പാരോ. കൈകൾക്ക് പകരം കത്രികകളുള്ള, വിളറിയ മുഖവും വിചിത്രമായ മുടിയുമുള്ള 'എഡ്വേർഡ് സിസ്സർഹാൻഡ്സ്', 'ആലീസ് ഇൻ വണ്ടർലാൻഡി'ലെ വിചിത്ര വസ്ത്രധാരണവുമായി എത്തിയ മാഡ് ഹാറ്റർ, 'ചാർലി ആൻഡ് ദി ചോക്ലേറ്റ് ഫാക്ടറി'യിലെ വ്യത്യസ്തമായ ബോബ് കട്ട് മുടിയും വലിയ കണ്ണടയുമായി പ്രത്യക്ഷപ്പെട്ട വില്ലി വോങ്ക, 'സ്വീനി ടോഡ്: ദി ഡെമൺ ബാർബർ ഓഫ് ഫ്ലീറ്റ് സ്ട്രീറ്റി'ലെ നരച്ച മുടിയും ഭയപ്പെടുത്തുന്ന ലുക്കുമായെത്തിയ ബാർബർ, ഹാരി പോട്ടർ പ്രപഞ്ചത്തിലെ വില്ലൻ കഥാപാത്രമായ ഗെല്ലെർട്ട് ഗ്രിൻഡൽവാൾഡ്, കഷണ്ടിത്തലയോടെ വേറിട്ട ലുക്കിൽ ഗ്യാങ്സ്റ്ററായി എത്തിയ 'ബ്ലാക്ക് മാസി'ലെ വൈറ്റി ബൾജർ, മുഖം മുഴുവൻ വെള്ളയും കറുപ്പും പെയിന്‍റടിച്ച്, തലയിൽ ചത്ത കാക്കയെ വെച്ച് 'ദി ലോൺ റേഞ്ചറി'ലെ അമേരിക്കൻ ഗോത്രവർഗക്കാരനായ ടോണ്ടോ... ഇങ്ങനെ ജോണി ഡെപ്പിന്‍റെ വേഷപ്പകർച്ചകളാൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ഏറെയാണ്.

jakssparow

ആംബർ ഹേർഡുമായുള്ള നിയമപോരാട്ട കാലത്ത് സിനിമയിൽനിന്ന് താൽക്കാലികമായി മാറിനിന്ന ജോണി ഡെപ്പ്, തനിക്ക് അനുകൂലമായ വിധി നേടിയതിനു ശേഷമാണ് വീണ്ടും സജീവമായി തുടങ്ങിയത്. ഏറെ ജനകീയമായ ജാക്ക് സ്പാരോ കഥാപാത്രത്തിൽനിന്ന് വിവാദകാലത്ത് ജോണി ഡെപ്പിനെ പ്രൊഡക്ഷൻ ഹൗസ് ഡിസ്നി ഒഴിവാക്കിയ വാർത്ത നിരാശയോടെയാണ് ആരാധക ലോകം ഏറ്റെടുത്തത്. ഇപ്പോൾ, എട്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു വലിയ പ്രൊഡക്ഷൻ ഹൗസിന്‍റെ ഭാഗമായി ജോണി ഡെപ്പ് എത്തുന്നത്.

ചാൾസ് ഡിക്കൻസിന്‍റെ പ്രശസ്തമായ നോവൽ 'എ ക്രിസ്മസ് കാരോൾ' ആസ്പദമാക്കി, വ്യത്യസ്തമായ അന്തരീക്ഷത്തിൽ എബനൈസർ സ്ക്രൂജ് എന്ന കേന്ദ്ര കഥാപാത്രമായാണ് ജോണി ഡെപ്പ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഇതുവരെ കണ്ട കഥാപാത്രസൃഷ്ടികളിൽനിന്ന് വേറിട്ട ലുക്കിൽ തന്നെയാണ് എബനൈസർ സ്ക്രൂജിനായുള്ള ജോണി ഡെപ്പിന്‍റെ മേക്കോവര്‍.

സ്വാർഥനായ വയോധികൻ എബനൈസർ സ്ക്രൂജിനെ തേടി ഒരു ക്രിസ്മസ് കാലത്ത് ചില ആത്മാക്കൾ എത്തുന്നതാണ് ചാൾസ് ഡിക്കൻസിന്റെ നോവലിന്റെ ഇതിവൃത്തം. ഈ കഥയിൽ ഫാന്‍റസി-ഹൊറർ ചേരുവകളെ ഇഴചേർത്താണ് 'എബനൈസർ: എ ക്രിസ്മസ് കാരോൾ' ഒരുക്കുന്നത്. 'എക്സ്', 'പേൾ' തുടങ്ങിയ ഹൊറർ ചിത്രങ്ങൾ ഒരുക്കിയ ടി. വെസ്റ്റാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇയാൻ മക്കല്ലൻ, റൂപ്പർട്ട് ഗ്രിന്‍റ്, സാം ക്ലാഫിൻ, ആൻഡ്രിയ റൈസ്ബറോ, ഡെയ്സി റിഡ്ലി തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ചിത്രം 2026 നവംബറിൽ തിയറ്ററുകളിലെത്തും.

ENGLISH SUMMARY:

Johnny Depp's comeback is being celebrated by fans, echoing a hit dialogue from a Malayalam film. He is returning to Hollywood studio films after a hiatus, starring in the horror-fantasy movie 'Ebisu: A Christmas Carol'.