രാജ്യത്ത് നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ്. പ്രതിഷേധത്തെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിക്കുന്നത് ഫാസിസമാണെന്നും താന്‍ അരാഷ്ട്രീയവാദിയാണെന്നും മാധവ് സമൂഹമാധ്യമത്തിലൂടെ തുറന്ന് പറയുന്നു. 'നിലവിലെ സംഭവ വികാസങ്ങള്‍ ഖേദകരമാണെന്നും ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ രാജ്യത്തിന്‍റെ ഭാവി പ്രതീക്ഷകളെ ക്രൂരമായി അടിച്ചമര്‍ത്തുന്നത് സങ്കടമുണ്ടാക്കുന്നതാണ്. ഭരണപക്ഷത്തോട് ആരോഗ്യപരമായി മല്‍സരിക്കേണ്ടവരാകട്ടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഇതിനിടയില്‍പ്പെട്ടുപോകുന്നതില്‍ രാജ്യത്തെ സാധാരണക്കാരാണെ'ന്നും മാധവ് സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'സമാധാനപരമായ പരിഹാരം ഇതിനുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. രാജ്യത്തിന് നല്ലത് സംഭവിക്കട്ടെ. രാജ്യമാണ് എപ്പോഴും ഒന്നാമത്– മാധവ് നിലപാട് വ്യക്തമാക്കുന്നു. ' ആരുടെയും പക്ഷം പിടിക്കാത്ത സെലിബ്രിറ്റി പ്രതികരണം എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നവരോട്, നിങ്ങളെ നിരാശപ്പെടുത്താന്‍ തന്നെയാണ് എന്‍റെ തീരുമാനം. എന്താണ് സംഭവിക്കുന്നതെന്ന് കണ്ണ് തുറന്ന് കാണൂ. ഒരു സംഘം ആളുകളാല്‍ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെടുകയാണ്. അവരെ മറ്റൊരു സംഘം ഉപയോഗിക്കുന്നു. ശരിക്കും രാജ്യത്തിന്‍റെ ഭാവിയാണ് നിങ്ങളുടെ ആശങ്കയെങ്കില്‍ ഇതിനെ ഒരു രാഷ്ട്രീയ യുദ്ധമാക്കി മാറ്റാതിരിക്കുക. എല്ലാ ഇന്ത്യക്കാര്‍ക്കും ഇത് മനസിലാകുമെന്ന് ഞാന്‍ കരുതുന്നു.
ഒരു പ്രതിഷേധത്തെ പിന്തുണയ്ക്കാന്‍ ആളുകളെ നിര്‍ബന്ധിക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. മിണ്ടാതെയിരിക്കാനുള്ള സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യത്തില്‍ വരുന്നതാണ്. അല്ലാതെയുള്ള അടിച്ചേല്‍പ്പിക്കലുകള്‍ ഫാസിസമാണ്. പ്രതികരിച്ചാല്‍ സുഡാപ്പി, പ്രതികരിച്ചില്ലെങ്കില്‍ സങ്കി. പരുക്കന്‍ മെസജുകള്‍ക്ക് അതേ രീതിയിലുള്ള മറുപടിയാകും നല്‍കുക. ഞാന്‍ അരാഷ്ട്രീയവാദിയാണ്. സ്വന്തം താല്‍പര്യങ്ങളെക്കാള്‍ രാജ്യത്തിന് മുന്‍ഗണന നല്‍കുന്ന രാഷ്ട്രീയപ്പാര്‍ട്ടി ഇന്ത്യയില്‍ രൂപപ്പെടുന്നത് വരെ ഞാന്‍ അങ്ങനെയായിരിക്കും'- മാധവ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വിശദീകരിച്ചു.