അമ്മയുമായ ബന്ധപ്പെട്ട വിവാദത്തിലുള്ള പോസ്റ്റില്‍ മകനെ പറ്റി പരാമര്‍ശിച്ച കമന്‍റിന് മറുപടി നല്‍കി നടി മാല പാര്‍വതി. അമ്മ പ്രസിഡന്‍റ് ശ്വേത മേനോന് മറുപടിയായി നല്‍കിയ പോസ്റ്റിലാണ് മകന്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് മോശം സന്ദേശം അയച്ച സംഭവത്തെ പറ്റി ഒരാള്‍ കമന്‍റ് ചെയ്തത്.
'മകൻ ഒരു ട്രാൻസ് ജൻഡർ യുവതിക്ക് അശ്ലീല ചിത്രങ്ങളും, മകന്റെ പ്രൈവറ്റ് പാർട്സും അയച്ചുവെന്ന് ഒരു വിവാദം കുറച്ചു നാൾ മുൻപ് ഉണ്ടായല്ലോ? ഇപ്പോൾ ആ കേസിന്റെ അവസ്ഥ എന്താണ്. മാതൃകപരമായി അവരെ കല്യാണം കഴിപ്പിച്ചു കൊടുത്തുകാണുമെന്ന് കരുതുന്നു,' എന്നായിരുന്നു കമന്‍റ്.
ഈ കമന്‍റിന് വിശദമായി തന്നെ മാല പാര്‍വതി മറുപടിയും കൊടുത്തു. 'സീമാ വിനീതിൻ്റെ കല്യാണം കഴിത്തു. അവര് കേസ് കൊടുത്തില്ല. കേസ് കൊടുക്കുന്നുണ്ടെങ്കിൽ കൂടെ വരാം എന്ന് പറഞ്ഞതാണ്. പിന്നെ മറ്റ് ചിലര്‍ കേംപ്രമൈസ് ഡീൽസ് സംസാരിച്ചപ്പോൾ, അതിന് നിൽക്കുന്നില്ല എന്ന് പറഞ്ഞു. കാരണം, മാനം പണം കൊടുത്ത് വാങ്ങാനും, നിലനിർത്താനും പറ്റില്ല. ശിക്ഷ, സമൂഹം തരുന്ന നാൾ വരയും അനുഭവിക്കണം.
ഇപ്പോൾ ഈ കമൻ്റുകൾ വരുന്ന വഴി അറിയാം. മറുപടി നൽകേണ്ടതുണ്ട് എന്ന് തോന്നി. കാരണം, ഈ ആരോപണത്തിന്‍റെ പേരിൽ, ആറ് വർഷമായി, ഒരു പൊതു ഇടത്തും എന്‍റെ മകൻ വന്നിട്ടില്ല. എന്നെ ആക്രമിക്കാൻ, മകന്‍റെ പേര് ഉപയോഗിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഞാൻ എന്തെങ്കിലും പറയുന്നത്, എനിക്ക് നേട്ടം ഉണ്ടാക്കാനല്ല. അത് കൊണ്ട് തന്നെ ശരിപക്ഷത്ത് ഉറച്ച് നിൽക്കും. തെറ്റിയാൽ തിരുത്തും,' മാല പാര്‍വതി പറഞ്ഞു.
മാലയുടെ കമന്‍റിന് പിന്തുണയുമായി നിരവധി പേരാണ് വരുന്നത്. ഇത്തരം കമന്‍റുകളെ മൈന്‍ഡ് ചെയ്യരുതെന്നും മറുപടി കൊടുക്കേണ്ട ആവശ്യമില്ലെന്നും പിന്തുണച്ചവര്‍ പറഞ്ഞു. അമ്മയിലെ കുറ്റാരോപിതർ ആരൊക്കെയാണെന്നും, ആരെ സംരക്ഷിക്കാനാണ് മാല പാർവതി ചേച്ചി സുപ്രീം കോടതി വരെ പോയതെന്നും ചേച്ചിക്കല്ലേ ഏറ്റവും നന്നായി അറിയൂ എന്ന ശ്വേത മേനോന്‍റെ പോസ്റ്റിന് മറുപടി നല്‍കിയുള്ള പോസ്റ്റിലായിരുന്നു കമന്‍റുകളുണ്ടായത്.
താൻ ഹേമ കമ്മിറ്റി മുമ്പാകെ സംസാരിച്ചത് പരാതിക്കാരിയായിട്ടല്ലെന്നും വിഷയത്തെക്കുറിച്ചുള്ള അക്കാദമികവും ഘടനാപരവുമായ കാഴ്ചപ്പാടാണ് അവതരിപ്പിച്ചതെന്നും ശ്വേതക്ക് മാല പാര്‍വതി മറുപടി നല്‍കി. അന്നത്തെ നടപടിക്രമവും അങ്ങനെയായിരുന്നു.
ഞാൻ പറഞ്ഞ ചില കാര്യങ്ങളെ അടിസ്ഥാനമാക്കി ഒരു FIR രജിസ്റ്റർ ചെയ്യപ്പെട്ടു. എന്നാൽ ആ കേസിൽ പരാമർശിക്കപ്പെട്ട യുവതിക്ക് അത്തരമൊരു ക്രിമിനൽ നടപടി ആവശ്യമുണ്ടായിരുന്നില്ല. അവരുടെ സമ്മതമില്ലാതെ അവരുടെ പേര് ഉപയോഗിക്കപ്പെട്ട സാഹചര്യത്തിൽ, ആ FIR റദ്ദാക്കാൻ ഞാൻ സുപ്രീം കോടതിയെ സമീപിച്ചു. ആരെയെങ്കിലും സംരക്ഷിക്കാനല്ല, പരാതിക്കാരിയുടെ അവകാശം സംരക്ഷിക്കാനാണ്.
പരാതിക്കാരിയുടെ സമ്മതമില്ലാതെ ക്രിമിനൽ നടപടി സ്വീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും അതനുസരിച്ച് നടപടിയുണ്ടാകുകയും ചെയ്തു. അതുകൊണ്ട് "ആരെയൊക്കെയോ സംരക്ഷിക്കാനാണ് സുപ്രീം കോടതിവരെ പോയത്" എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. പിന്നെ, "Hope you will not delete it" എന്ന് എഴുതിയല്ലോ. ഞാൻ അഭിപ്രായങ്ങൾ ഡിലീറ്റ് ചെയ്യുന്നത് അവ എനിക്ക് അസൗകര്യമുണ്ടാക്കുന്നതുകൊണ്ടല്ല; അസഭ്യവും അപകീർത്തികരവും നിയമവിരുദ്ധവുമായ ഉള്ളടക്കം മാത്രമാണ് നീക്കം ചെയ്യാറുള്ളത്. വസ്തുതകൾക്കും മാന്യമായ അഭിപ്രായവ്യത്യാസങ്ങൾക്കും എന്റെ പേജിൽ എപ്പോഴും ഇടമുണ്ട്, മാല പാര്‍വതി കുറിച്ചു.