പഞ്ചാബി ഗായിക ജാസ്മിൻ സാൻഡ്‌ലസിന് നേരെ ലൈവ് മ്യൂസിക് കൺസേർട്ടിനിടെ അതിക്രമം. ഷോയ്ക്കിടെ ആരാധകരോട് സംവദിക്കുന്നതിനിടെയാണ് ഗായികയെ ആള്‍ക്കൂട്ടം കടന്നുപിടിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഡെറാഡൂണിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന സൗജന്യ സംഗീത പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ഈ ദുരനുഭവം ഉണ്ടായത്. തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ധുരന്ധറി'ലെ ഗാനമുള്‍പ്പെടെ ജാസ്മിന്‍ പാടിയിരുന്നു.
ഗാനം പാടി പൂർത്തിയാക്കിയ ശേഷം, ജാസ്മിൻ മുൻനിരയിലുള്ള ആരാധകരെ അഭിവാദ്യം ചെയ്യാനായി സ്റ്റേജിന്‍റെ മുന്നോട്ട് നീങ്ങി. ഈ സമയത്ത് ആളുകൾ കയ്യടിച്ചും, ഹസ്തദാനം നൽകിയും, റോസാപ്പൂക്കൾ സമ്മാനിച്ചും വലിയ ആവേശം കാണിച്ചിരുന്നു. പൂക്കൾ വാങ്ങാനായി ജാസ്മിൻ അല്പം താഴേക്ക് കുനിഞ്ഞതോടെ ജനക്കൂട്ടം മുന്നോട്ട് നീങ്ങി. ഇതിനിടെ ചില വ്യക്തികൾ എല്ലാ അതിരുകളും ലംഘിച്ച് അവരുടെ കൈകളിൽ ബലമായി പിടിച്ചുവലിക്കുന്നതും മോശമായ രീതിയിൽ സ്പർശിക്കാൻ ശ്രമിക്കുന്നതും കാണാം.
ഇതിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത ഇത്തരം പെരുമാറ്റങ്ങളെ 'ആരാധകരുടെ ആവേശം' എന്ന് പറഞ്ഞ് ന്യായീകരിക്കരുതെന്നും, ഇവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും സോഷ്യൽ മീഡിയയില്‍ അഭിപ്രായങ്ങളുയര്‍ന്നു. ഈ സംഭവത്തെക്കുറിച്ച് ജാസ്മിൻ സാൻഡ്‌ലസോ പ്രാദേശിക പൊലീസോ ഇതുവരെ ഔദ്യോഗികമായ പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.
ഈ വേദിയില്‍ വച്ച് ജാസ്മിൻ തന്‍റെ ജീവിതത്തിലെ ഒരു സന്തോഷ വാർത്തയും പങ്കുവെച്ചിരുന്നു. തന്‍റെ പ്രതിശ്രുത വരൻ ശേഖർ ചൗധരിയെ വേദിയിലേക്ക് ക്ഷണിച്ച ജാസ്മിൻ, തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം ആരാധകരെ അറിയിക്കുകയും മോതിരം കാണിക്കുകയും ചെയ്തിരുന്നു. കൈയടികളോടെയാണ് കാണികൾ അന്ന് ആ വാർത്തയെ വരവേറ്റത്.