സൗന്ദര്യം വര്‍ധിപ്പിക്കണമെന്നും സ്വാഭാവികമായ സൗന്ദര്യം കൊണ്ട് കാര്യമില്ലെന്നും തന്നോട് പറഞ്ഞവരുണ്ടെന്നും അതെല്ലാം പുരുഷന്‍മാരാണെന്നും ബോളിവുഡ് താരം ദിയ മിര്‍സ. 'ചുണ്ടുകള്‍ നേര്‍ത്തതാണ്, കുത്തിവയ്പ്പെടുക്കൂ, സ്തന വലിപ്പം കൂട്ടൂ, ഇത് തീരെ ചെറുതാണ് എന്നെല്ലാം എന്നോട് ഒരിക്കലും ഒരു സ്ത്രീ പറഞ്ഞിട്ടില്ല, അങ്ങനെ പറഞ്ഞതെല്ലാം പുരുഷന്‍മാരായിരുന്നു. പുരുഷന്‍മാരാണ് ഇതെല്ലാം ആവശ്യപ്പെടുന്നത്'- താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
പുരുഷന്‍മാരുടെ സൗന്ദര്യ സങ്കല്‍പങ്ങള്‍ക്കനുസരിച്ച് മാറാത്തവര്‍ക്ക് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നതെന്നും സ്വാഭാവികമായ ശരീരത്തില്‍ മാറ്റം വരുത്താന്‍ അവര്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും ദിയ മിര്‍സ വെളിപ്പെടുത്തി. വല്ലാതെ ഉപഭോഗവല്‍ക്കരിക്കപ്പെട്ട സമൂഹത്തിലാണ് ഇന്ന് എല്ലാവരും ജീവിക്കുന്നത്. ആന്തരികമായ സൗന്ദര്യത്തിനോ, തനതായ ചിന്തകള്‍ക്കോ സ്ഥാനമില്ലെന്നും സൗന്ദര്യ വര്‍ധക ചികില്‍സകള്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം പണ്ടത്തെക്കാള്‍ വര്‍ധിച്ചുവെന്നും പേടി കൊണ്ടാണ് സ്ത്രീകള്‍ ഇത് ചെയ്യുന്നതെന്നും അവര്‍ പറയുന്നു.
'ഈ ഇന്‍ഡസ്ട്രി മുഴുവന്‍ പുരുഷന്‍മാരുടെ കൈയിലാണ്. ഭയപ്പെടുത്തിയാണ് അവര്‍ അത് മുന്നോട്ട് കൊണ്ടുപോകുന്നത്. ഒരു സ്ത്രീക്ക് അവരുടെ സ്വാഭാവികമായ രൂപത്തില്‍ സംതൃപ്തിയില്ലെങ്കില്‍ ശരീരം കൂടുതല്‍ ഭംഗിയാക്കുന്നതില്‍ തെറ്റില്ല. പക്ഷേ പുരുഷന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി അങ്ങനെ ചെയ്യേണ്ടി വരുന്നത് ശരിയല്ല'- ദിയ പറഞ്ഞു. പ്രായം കൂടുന്നതിന്‍റെ പേരില്‍ നടിമാരെ പരിഹസിക്കുകയും മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന രീതിയുണ്ടെന്നും അത് മാറേണ്ടതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.