Image Credit: AFP

Image Credit: AFP

  • ആമിര്‍ഖാന്‍ ലവ് ജിഹാദ് പ്രോല്‍സാഹിപ്പിക്കുന്നുവെന്നും അത് ഇന്ത്യന്‍ സംസ്കാരത്തിന് എതിരാണെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് ശബ്ദ സന്ദേശത്തിലുള്ളത്

ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ഖാന് ഭീഷണി സന്ദേശവുമായി ലോറന്‍സ് ബിഷ്ണോയ് സംഘം. സമൂഹമാധ്യമക്കുറിപ്പിലൂടെയും ഓഡിയോ ക്ലിപിലൂടെയുമാണ് ഭീഷണി. ലോറന്‍സ് ബിഷ്ണോയുടെ സഹോദരന്‍ അര്‍സൂ ബിഷ്ണോയും ടൈസണ്‍ ബിഷ്ണോയുമാണ് ആമിറിനെതിരെ ഭീഷണി ഉയര്‍ത്തിയത്. ആമിര്‍ഖാന്‍ ലവ് ജിഹാദ് പ്രോല്‍സാഹിപ്പിക്കുന്നുവെന്നും അത് ഇന്ത്യന്‍ സംസ്കാരത്തിന് എതിരാണെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് ശബ്ദ സന്ദേശത്തിലുള്ളത്. 'ലവ് ജിഹാദ് അംഗീകരിക്കില്ല. ആമിറിനോടും അദ്ദേഹത്തിന്റെ കൂട്ടാളികളോടും ഒന്ന് പറയാം, നിങ്ങളുടെ ഈ പ്രവര്‍ത്തിയുടെ ഫലം അനുഭവിക്കേണ്ടി വരും. കണ്‍മുന്നില്‍ കണ്ടാല്‍ പാഠം പഠിപ്പിക്കും, അത് എക്കാലവും ഓര്‍ത്തിരിക്കും' –സന്ദേശത്തില്‍ പറയുന്നു. ‍

ലോറന്‍സിന്‍റെ സഹോദരന്‍ അര്‍സുവിന്‍റെ സമൂഹമാധ്യമ പോസ്റ്റില്‍ 'സനാതന ധര്‍മത്തിനെതിരായാണ് ഇത്തരം നടപടികളെന്നും അത് അംഗീകരിക്കാന്‍ കഴില്ല, ഉടന്‍ ഇതിന് മറുപടി ലഭിക്കും' എന്നാണ് പറയുന്നത്. 'താരങ്ങളാണെന്ന ഹുങ്കില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ ആ ധാര്‍ഷ്ട്യം തീര്‍ക്കാന്‍ ഞങ്ങള്‍ക്കറിയാം'- എന്നും കുറിപ്പിലുണ്ട്. 

ലവ് ജിഹാദിന്‍റെ ബ്രാന്‍ഡ് അംബാസിഡറാണ് ആമിറെന്ന തരത്തില്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ തന്‍റെ കുടുംബം എല്ലാ മതവിശ്വാസങ്ങളെയും മാനിക്കുന്നവരാണെന്നായിരുന്നു ആമിര്‍ ഇതിന് മറുപടി നല്‍കിയത്. തന്‍റെ കുടുംബത്തില്‍ ആരും ആരെയും മതംമാറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം ആദ്യമാണ് കൂട്ടുകാരി ഗൗരി സ്പ്രാട്ടിനെ 61കാരനായ ആമിര്‍ വിവാഹം കഴിച്ചത്. 

'എല്ലാവരെയും ഉള്‍ക്കൊള്ളുന്ന കുടുംബമാണ് എന്‍റേത്. എന്‍റെ രണ്ട് സഹോദരിമാരും ഹിന്ദുക്കളെയാണ് വിവാഹം കഴിച്ചത്. എന്‍റെ മകളും ഹിന്ദുവിനെയാണ് വിവാഹം കഴിച്ചത്. എന്‍റെ കസിന്‍ മന്‍സൂര്‍ ഒരു ക്രിസ്ത്യാനിയെയാണ് വിവാഹം കഴിച്ചത്. ഗൗരിയോ, കിരണോ, റീനയോ ആരും തന്നെ മതം മാറിയവരല്ല. ഗൗരിയാവട്ടെ, ഹിന്ദുവല്ല, ക്രിസ്ത്യാനിയാണ്. ജീവിതം ഭയങ്കര രസകരമാണ്'– ആമിര്‍ റെഡ്ഡിഫിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. റീന ദത്തയുമായുള്ള വിവാഹത്തില്‍ ജുനൈദ് ഖാന്‍, ഇറ ഖാന്‍ എന്നീ രണ്ട് മക്കളും  കിരണ്‍ റാവുവുമായുള്ള ബന്ധത്തില്‍ ആസാദ് റാവുവെന്ന മകനുമാണ് ആമിറിന് ഉള്ളത്. 

ENGLISH SUMMARY:

Bollywood superstar Aamir Khan has received direct threats from the Lawrence Bishnoi gang, specifically from Arzoo Bishnoi and Tyson Bishnoi, via social media posts and audio clips. The threats stem from unfounded allegations that Aamir Khan promotes "love jihad," with the gang members claiming such actions are against Sanatana Dharma and threatening to teach the actor a "lesson." Aamir Khan has previously addressed these accusations, emphasizing that his family is secular and respects all faiths. He recently clarified that his family members, including his sisters, daughter, and cousin, have married individuals from diverse religious backgrounds without any forced conversions, and he reiterated that his personal life and family values are inclusive.