അഭിനയവും നൃത്തവുമെന്ന പോലെ കാന്‍വാസും നിറങ്ങളും തനിക്ക് വഴങ്ങുമെന്ന് വീണ്ടും തെളിയിച്ച് മലയാളത്തിന്‍റെ സൂപ്പര്‍ താരം മഞ്ജു വാരിയര്‍. വീട്ടിലെ പ്രിയപ്പെട്ട വളർത്തുനായയുടെ ഛായാചിത്രം സ്വന്തമായി വരച്ച് അതിന്റെ പ്രതികരണം പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് താരം. ഹൃദയസ്പർശിയായ കുറിപ്പ് ഇതിനകം ആരാധകരുടെ മനംകവര്‍ന്നുകഴിഞ്ഞു.

മഞ്ജുവിന്റെയും സഹോദരനും സംവിധായകനുമായ മധു വാരിയറുടെയും കുടുംബത്തിലെ പ്രിയപ്പെട്ട നായ്ക്കുട്ടിയെയാണ് താരം കാൻവാസിൽ അതിമനോഹരമായി പകർത്തിയത്. ചിത്രം പൂർത്തിയാക്കിയ ശേഷം അത് നായ്ക്കുട്ടിയുടെ മുന്നിൽ തുറന്നുകാട്ടുന്ന നിമിഷങ്ങളും ചേര്‍ന്നതാണ് വിഡിയോ.

മഞ്ജുവിനും മധുവിനും പുറമെ അമ്മ ഗിരിജയും, മധുവിന്‍റെ ഭാര്യയും മകളും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കുടുംബാംഗങ്ങൾ ചേർന്ന് നായ്ക്കുട്ടിയെ ചിത്രത്തിനരികിലെത്തിക്കുന്നതും, ചിത്രം കണ്ട ശേഷം നായ്ക്കുട്ടി കൗതുകത്തോടെ നോക്കിനിൽക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. 'ഈ കൊച്ചു കുഞ്ഞിനോട്... ഞങ്ങളുടെ ജീവിതം നീ മാറ്റിമറിച്ച കാര്യം നിനക്കറിയാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' എന്ന കുറിപ്പോടെയാണ് മഞ്ജു ചിത്രവും വിഡിയോയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി പേരാണ് മഞ്ജുവിന്റെ ചിത്രരചനയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 'രാമനാഥന് ഇതും വശമുണ്ടല്ലോ', 'നിങ്ങൾ ശരിക്കും ഒരു വിസ്മയമാണ്", 'ഇത്രയും മനോഹരമായി വരയ്ക്കുമെന്നത് അതിശയിപ്പിക്കുന്നു' തുടങ്ങി കമന്‍റുകളില്‍ അഭിനന്ദനവും സ്നേഹവും നിറയുന്നു.

ENGLISH SUMMARY:

Manju Warrier's artistic talent shines through as she unveils a self-painted portrait of her beloved pet dog, captivating audiences online. The heartwarming video of her dog's reaction to the artwork has gone viral, garnering widespread admiration for the actress's multifaceted skills.