ഒരു മഴപക്ഷി പാടുന്നു...ഗാനം കേട്ട് കണ്ണ് നിറയാത്ത മലയാളികള്‍ ഉണ്ടാകില്ല. കുബേരന്‍ സിനിമയിലെ സുന്ദരിയായ നായികയെ മറന്നിട്ടും ഉണ്ടാകില്ല. മലയാളികള്‍ക്ക് പ്രിയപ്പെട്ട നടി ഉമ ശങ്കരി സ്തനാർബുദ രോഗത്തോട് മല്ലിടുകയാണ്. ചികിത്സയുടെ പുതിയ വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് പങ്കുവെച്ചത്.
കീമോതെറാപ്പിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണെന്നും നിലവിൽ എല്ലാ ദിവസവും ചികിത്സ സ്വീകരിക്കുകയാണെന്നും അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ, ‘കഠിനമായ ദിവസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാൻ പഠിക്കുകയാണ്. എനിക്ക് ശക്തി തോന്നുന്ന ദിവസങ്ങള്‍ ആഘോഷിക്കുകയാണ്. എപ്പോഴും എന്നോടൊപ്പം നിന്ന എന്റെ കുടുംബത്തിനും സ്നേഹത്തിനും പിന്തുണയ്ക്കും എന്റെ ആരാധകർക്കും നന്ദി’– ഉമ ശങ്കരി കുറിച്ചു.
തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധ നേടിയ ഉമ ശങ്കരി, ദിലീപ് നായകനായ 'കുബേരൻ' എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. തുടർന്ന് 'വസന്തമല്ലിക', 'സാഫല്യം', 'ഈ സ്നേഹതീരത്ത്' തുടങ്ങിയ മലയാള ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളിലെത്തിയിരുന്നു. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നിരുന്ന താരം, ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരം പൊതുജനങ്ങളുമായി പങ്കുവെച്ചിരിക്കുന്നത്.
സ്തനാർബുദം സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തിയപ്പോൾ, രോഗം അപ്രതീക്ഷിതമായാണ് ജീവിതത്തിലേയ്ക്ക് കടന്നുവന്നതെന്നും ആദ്യ നിമിഷങ്ങളിൽ വലിയ മാനസികാഘാതമാണ് അനുഭവപ്പെട്ടതെന്നും ഉമ ശങ്കരി പറഞ്ഞിരുന്നു. ‘എന്തുകൊണ്ട് ഇപ്പോൾ? എന്തുകൊണ്ട് എനിക്ക്? എന്ന ചോദ്യങ്ങളാണ് ആദ്യം മനസ്സിൽ ഉയർന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.
എന്നാൽ പിന്നീട് യാഥാർഥ്യം ഉൾക്കൊണ്ട് രോഗത്തെ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും നേരിടാൻ തീരുമാനിച്ചതായും ചികിത്സയുമായി മുന്നോട്ടുപോകുകയാണെന്നും ഉമ ശങ്കരി അറിയിച്ചു. നടിയുടെ ആരോഗ്യനില മെച്ചപ്പെടട്ടെയെന്ന ആശംസകളും പ്രാര്‍ഥനകളുമായി നിരവധി ആരാധകരും സഹപ്രവർത്തകരും സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ അറിയിച്ചെത്തിയിട്ടുമുണ്ട്.