രണ്ടര വയസ്സിൽ പോളിയോ ബാധിച്ച് ഇടതുകാൽ തളർന്നിട്ടും കാൻസർ ബാധിതരുടെ പുനരധിവാസത്തിനായി തളരാതെ അധ്വാനിക്കുന്ന രത്നം പ്രചോദമാകുന്നു. സ്തനാർബുദം ബാധിച്ചവർക്കായി കൃത്രിമസ്തനങ്ങൾ കൈകൊണ്ട് തുന്നിയെടുക്കുകയാണ് തൃശൂര്‍ നെടുപുഴ സ്വദേശി രത്നം. ലോക സ്തനാർബുദ ബോധവൽക്കരണ ദിനമായ ഇന്ന് രത്നം ടീച്ചറുടെ ജീവിതം വേറിട്ട മാതൃകയാകുന്നു
കൃത്രിമ കോട്ടൺ നൂലും പഞ്ഞിയും കൊണ്ട് അർബുദ ബാധിതർക്കായി സ്തനങ്ങൾ നിർമിച്ചെടുക്കുകയാണ് 68 വയസ്സിൽ റിട്ട. അധ്യാപികയായ രത്നം. പോളിയോ ഉൾപ്പെടെയുള്ള പരാധീനതകളുണ്ടായിട്ടും പരാജയം സമ്മതിച്ചുകൊടുക്കാതെ ഇന്നും ആ കൈകൾ പ്രവർത്തനക്ഷമമാണ്. ഒരു സ്തനം നിർമിക്കാൻ ഒന്നര ദിവസം വരെ അധ്വാനിക്കണം. കഴുകി ഉപയോഗിക്കാം എന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. വാങ്ങുന്ന ഓരോരുത്തർക്കും നൂലും പഞ്ഞിയും അധികമായി നൽകും.1500 രൂപയാണ് ഇവയുടെ വില, അർഹതപ്പെട്ടവർക്ക് സൗജന്യമായി നൽകും.
കൃത്രിമ സ്തനങ്ങളുണ്ടാക്കുന്ന വിദ്യ ഇൻ്റർനെറ്റ് നോക്കി പഠിച്ചതാണ്. ബിരുദവും ബി.എഡും നേടിയ രത്നം അധ്യാപിക ജോലിയും പോരാടി നേടിയതാണ് . ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന അവാർഡും കാലിക്കറ്റ് സർവകലാശാലയുടെ ഗോൾഡൻ മദർ അവാർഡും നേടിയ രത്നത്തിന് ഇപ്പോഴും വിശ്രമമില്ല.