സോഷ്യൽ മീഡിയയിൽ തന്‍റെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ അക്കൗണ്ടുകളെതിരെ മുന്നറിയിപ്പുമായി നടി ഭാവന. ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും തന്‍റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകൾ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് താരം ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
തനിക്ക് ഫേസ്ബുക്കിൽ ഔദ്യോഗിക അക്കൗണ്ടില്ലെന്നും, @bhavzmenon എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് മാത്രമാണ് തന്‍റെ ഏക ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടെന്നും ഭാവന വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്.
തന്‍റെ പേരിൽ കാണുന്ന മറ്റ് അക്കൗണ്ടുകൾ വിശ്വസിക്കരുതെന്നും, അവയിൽ നിന്ന് വരുന്ന സന്ദേശങ്ങളോ വിവരങ്ങളോ തെറ്റിദ്ധരിപ്പിക്കുന്നതാകാമെന്നും താരം മുന്നറിയിപ്പ് നൽകി. ആരാധകർ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ പ്രൊഫൈലുകൾ റിപ്പോർട്ട് ചെയ്യണമെന്നും ഭാവന അഭ്യർഥിച്ചു.
സെലിബ്രിറ്റികളുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്ത് വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുന്ന പ്രവണത സമീപകാലത്ത് നടക്കുന്നുണ്ട്. ഇത്തരം അക്കൗണ്ടുകൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും ആരാധകരെ കബളിപ്പിക്കാനും, ചിലപ്പോൾ സാമ്പത്തിക തട്ടിപ്പുകൾവരെ നടത്താനും ശ്രമങ്ങൾ നടക്കാറുണ്ട്. അതിനാൽ ഔദ്യോഗികമായി സ്ഥിരീകരിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാത്രം പിന്തുടരണമെന്ന് ഭാവനയുടെ മുന്നറിയിപ്പ് ഓർമ്മിപ്പിക്കുന്നു.