ലോകത്തെമ്പാടുമുള്ള ജുറാസിക് പാര്‍ക്ക് സിനിമ പ്രേമികള്‍ ഒരിക്കലും മറക്കാത്ത ‍ഡോ. അലന്‍ ഗ്രാന്‍ഡ് കഥാപാത്രത്തെ അനശ്വരമാക്കിയ ഹോളിവുഡ് നടന്‍ സാം നീല്‍ അന്തരിച്ചു. ഓസ്ട്രേലിയയിലെ സ്വവസതിയില്‍ 78–ാം വയസിലാണ് അന്ത്യം. ഇന്‍സ്റ്റഗ്രാം പേജിലൂടെ കുടുംബമാണ് മരണവിവരം പുറത്തുവിട്ടത്. 

തനിക്ക് സ്റ്റേജ് ത്രീ ആന്‍ജിയോ ഇമ്യുണേബ്ലാസ്റ്റിക് ടി–സെല്‍ ലിംഫോമിയ എന്ന രക്താര്‍ബുദം ആണെന്ന് 2023 ല്‍ സാം ലോകത്തെ അറിയിച്ചിരുന്നു. 2022 മുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു. സമീപകാലത്ത് കാന്‍സര്‍ മുക്തനായെന്നും അഭിനയത്തിലേക്ക് തിരികെ വരാനുള്ള ഒരുക്കത്തിലായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. മരണസമയത്ത് സാം കാന്‍സര്‍ ബാധിതനായിരുന്നില്ലെന്ന് കുടുംബവും അറിയിച്ചിട്ടുണ്ട്.

1947 സെപ്തംബര്‍ 14 ല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ജനിച്ച സാം നീല്‍, തിയേറ്ററിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് സിനിമകളിലെത്തി. 1977 ല്‍ റിലീസായ ന്യൂസിലന്‍ഡ് ചിത്രം സ്ലീപ്പിങ് ഡോഗ്‌സിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഹോളിവുഡ് സിനിമയില്‍ തിരക്കേറിയ സാം നീലിനെ ലോകമെമ്പാടും അറിയപ്പെടുന്ന താരമാക്കി മാറ്റുന്നത് 1993 ല്‍ പുറത്തിറങ്ങിയ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ചിത്രം ജുറാസിക് പാര്‍ക്കാണ്. 2001 ല്‍ ജുറാസിക് പാർക്ക് –3, 2022 ല്‍ ജുറാസിക് വേൾഡ് ഡൊമിനിയൻ എന്നീ സിനിമകളിലും ഡോ. അലൻ എന്ന കഥാപാത്രമായി തന്നെ സാം നീല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലുള്ള ദ് ലാസ്റ്റ് റിസോർട്ട് ആണ് അവസാനം അഭിനയിച്ച ചിത്രം.

അഞ്ച് പതിറ്റാണ്ട് പിന്നിട്ട കരിയറില്‍ 150 ല്‍ പരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരിസിലും സാം നീല്‍ സജീവമായിരുന്നു.  പീക്കി ബ്ലെന്റേഴ്‌സ്, അല്‍ക്കാട്രസ്, ക്രൂസോ, ദി ട്വല്‍വ് തുടങ്ങിയ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. പീക്കി ബ്ലൈന്‍ഡേഴ്സിലെ മേജര്‍. ചെസ്റ്റെര്‍ കാംപെല്‍ എന്ന നെഗറ്റീവ് കഥാപാത്രവും ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. 

ENGLISH SUMMARY:

Hollywood actor Sam Neill, renowned for his role as Dr. Alan Grant in Jurassic Park, has passed away at the age of 78. His family announced his death, clarifying that he was not suffering from cancer at the time of his passing.