മലയാളത്തോട് പൊക്കിള്‍ക്കൊടി ബന്ധംസൂക്ഷിച്ച ഗായികയായിരുന്നു എസ്.ജാനകി. ആറ് പതിറ്റാണ്ട് നീണ്ട ആ സംഗീതജീവിതം മലയാള ചലച്ചിത്രഗാനശാഖയുടെയും തലക്കുറി തിരുത്തി. ഏതുകാലത്തോടും പുതുമയോടെ സംവദിച്ച ആ നാദം അട്ടിമറിച്ചത് തലമുറകളുടെ അഭിരുചി സങ്കല്‍പ്പങ്ങളെക്കൂടിയായിരുന്നു.  

ഉണര്‍വായിരുന്നു ചിലപ്പോഴത്  ഉണര്‍ത്തുപാട്ടായി ചിലനേരങ്ങളില്‍ ചുമലില്‍ത്തട്ടി ഉറക്കുന്ന താരാട്ടായി.. തലമുറകള്‍ ആ അമ്മത്തണലേറ്റുറങ്ങുന്ന കുഞ്ഞുങ്ങളായി. ആരായിരുന്നു മലയാളിക്ക് എസ്.ജാനകി? കാലദേശ ഭാഷകളുടെ അതിരുകള്‍ ഭേദിച്ച് പാട്ടിന്റെ പുഴയായി എസ്.ജാനകി ഒഴുകിയിറങ്ങി, നമ്മില്‍ അലിഞ്ഞുചേരുകയായിരുന്നു. പിന്നെ നമ്മുടെ വികാരവായ്പ്പുകള്‍, നെടുവീര്‍പ്പുകള്‍, എല്ലാമെല്ലാമായി ആ സ്വരം. പാട്ടില്‍ പ്രണയത്തിന്റെ.. വിരഹത്തിന്റെ.. കോടാനുകോടി ലോകങ്ങളെ കുടിയിരുത്തി ആ ശബ്ദസൗകുമാര്യം 

പ്രണയഭരിതമായ ഉള്ളുനീറിയുള്ള കാത്തിരിപ്പിന് ഇത്രയേറെ മാധുര്യമോ? പിന്നെ, അനുഭവത്തീച്ചൂളയില്‍ പരിപാകപ്പെട്ട ജീവിതങ്ങള്‍ക്കത് സാന്ത്വനഗീതമായി. ഈണങ്ങളുടെ ഊയലിലാടിയ മലയാളത്തിന്റെ  കാവ്യബിംബങ്ങളെ ഒരു കിളിനാദത്തിന്റെ വശ്യതയാല്‍ താരാട്ടി 

വിശേഷണങ്ങള്‍ ഏറെയുണ്ട് പാട്ടിന്... തെന്നിന്ത്യയുടെ പെണ്‍സ്വരങ്ങള്‍ക്ക് പതിറ്റാണ്ടുകളായുള്ള മാറ്റുരക്കല്ലായിരുന്നു എസ്.ജാനകി തന്മയത്വത്തിന്റെ ആഴങ്ങളുടെ മറുകരയിലേക്ക് നമ്മെ ആനയിച്ചു ജാനകിയമ്മ. മധുരമായ വാക്കുകളും അതിനേക്കാള്‍ മനോഹരമായ ചിരിയുംകൊണ്ട് എസ്.ജാനകി മലയാള മനസ്സുമായി സൃഷ്ടിച്ചത് ജന്മാന്തര ബന്ധമാണ്.  അതുകൊണ്ടുതന്നെ  അമ്മ  തിരയുലകില്‍ തന്റെ അവസാനഗാനം പാടാന്‍ തിരഞ്ഞെടുത്തതും മലയാളത്തെ. മനസു നിറയെ പാടി... പാടി മനസ്സുനിറച്ച് എസ്.ജാനകി മടങ്ങുമ്പോള്‍ പ്രാര്‍ഥനയോടെ കൈകൂപ്പുകയാണ് മലയാളം. നമുക്ക് നീന്തിക്കയറാനാവാത്തവിധം ജാനകിയമ്മ പാടിയൊരുക്കിയ കടലാഴങ്ങള്‍ ബാക്കി..

ENGLISH SUMMARY:

S Janaki's musical journey was deeply intertwined with the Malayalam language, shaping the landscape of Malayalam film music for over six decades. Her voice transcended generations, resonating with themes of love, longing, and comfort, making her an enduring presence in the hearts of Malayalis.