adoorb-day

ലോക സിനിമയിലെ പൊളിറ്റിക്കൽ ഫിലിം മേക്കേഴ്സിൽ മുൻനിരക്കാരനായ  മൃണാൾ സെൻ  മലയാള ചിത്രം 'എലിപ്പത്തായം' കണ്ടതിനു ശേഷം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനോട് ചോദിച്ചു: "ഇത്ര ഭയങ്കരമായ അനുഭവത്തിലൂടെ താങ്കൾ കടന്നുപോയിട്ടുണ്ടോ?" ഉത്തരമല്ല ഒരു മറുചോദ്യമാണ് അടുരില്‍ നിന്നുണ്ടായത് . "എന്തുകൊണ്ടാണ് അങ്ങനെ ഒരു ചോദ്യം?" തെല്ലു പുഞ്ചിരിച്ച്, ഗൗരവത്തോടെ മൃണാൾ സെൻ പറഞ്ഞു: "അത് ആ സിനിമയിലുണ്ട്."

ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എലിപ്പത്തായത്തെ വിശേഷിപ്പിച്ചത് "അത്യന്തം മൗലികവും ഭാവനാത്മകവുമായ ചിത്രം" എന്നായിരുന്നു.

മൃണാൾ സെൻ പറഞ്ഞത് ഇന്നും ശരിയാണ്. നാലരപ്പതിറ്റാണ്ടിന് ഇപ്പുറത്തും എലിപ്പത്തായത്തിന്‍റെ പ്രമേയം സാർവദേശീയ പ്രമേയമായി പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാകുന്നു. 1981-ലാണ് അടൂർ ഗോപാലകൃഷ്ണൻ തന്‍റെ മൂന്നാമത്തെ ഫീച്ചർ ഫിലിം 'എലിപ്പത്തായം' ഒരുക്കുന്നത്. എലിപ്പത്തായത്തിൽ കുടുങ്ങിയ എലിയെപ്പോലെ ജീവിക്കുന്ന കുറേ ജീവിതങ്ങളുടെ കഥ. കേരളത്തിലെ ഫ്യൂഡൽ വ്യവസ്ഥിതിയുടെ ശിഥിലീകരണത്തെ ഒരു കുടുംബകഥയിലൂടെ മനോഹരമായി വെള്ളിത്തിരയിലേക്ക് പകർത്തിയ ചിത്രം. അടൂർ ഗോപാലകൃഷ്ണൻ എന്ന സംവിധായകന്‍റെ പ്രതിഭ ലോക സിനിമാ വേദികളിൽ ചർച്ചയാക്കിയ ചിത്രം. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് 'എലിപ്പത്തായ'ത്തെ വിശേഷിപ്പിച്ചത് "അത്യന്തം മൗലികവും ഭാവനാത്മകവുമായ ചിത്രം" എന്നായിരുന്നു.

adoorshooting

അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര സപര്യയിൽ അടൂർ ഗോപാലകൃഷ്ണന്‍റെ ഓരോ സിനിമയും  രാജ്യാന്തരചലച്ചിത്ര വേദികളിൽ പ്രേക്ഷകരെ നേടിയെടുത്തു. ലോക സിനിമാ ഭൂപടത്തിൽ മലയാള സിനിമയ്ക്ക് വ്യക്തമായ മേൽവിലാസവും ഇടവും സൃഷ്ടിച്ചു. മധുവും ശാരദയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച 'സ്വയംവര'ത്തിൽ തുടങ്ങിയ യാത്ര, പ്രദർശനത്തിനൊരുങ്ങുന്ന മമ്മൂട്ടിക്കൊപ്പമുള്ള നാലാമത്തെ ചിത്രം 'പദയാത്ര'യിൽ എത്തിനിൽക്കുന്നു. അതിലൊക്കെയും മലയാളി ജീവിതത്തെയും സമൂഹത്തെയും അതിന്‍റെ വിവിധ തലങ്ങളെയും ലോകത്തിനു മുന്നിൽ തുറന്നുകാട്ടുന്നു.

മമ്മൂട്ടിക്കൊപ്പമുള്ള നാലാമത്തെ ചിത്രം 'പദയാത്ര' ഉടൻ റിലീസാകും. 33 വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും അടൂര്‍ ഗോപാലകൃഷ്ണനും വീണ്ടുമൊന്നിക്കുന്നത്.

1965-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം പൂർത്തിയാക്കി തിരുവനന്തപുരത്ത് തിരിച്ചെത്തിയ അടൂരിന്‍റെ സിനിമാജീവിതം ആരംഭിക്കുന്നത് ഡോക്യുമെന്ററികളിലൂടെയാണ്. സമാന്തരമായി 'ചിത്രലേഖ' ഫിലിം സൊസൈറ്റിയുടെ പ്രവർത്തനവും. മധു, പി. ജെ. ആന്റണി, അടൂർ ഭാസി തുടങ്ങിയ താരനിരയെ അണിനിരത്തി ആദ്യ സിനിമയായ 'കാമുകി'യുടെ ജോലികളും അതിനിടെ ആരംഭിച്ചു. എന്നാൽ സിനിമ തുടങ്ങിയിടത്തുതന്നെ നിന്നു. അതൊരു ട്രയൽ മാത്രമാണെന്ന് മനസ്സിനെ പഠിപ്പിച്ച് തന്‍റേതായ സിനിമാവഴികളെ അദ്ദേഹം യാത്ര തുടര്‍ന്നു. വാണിജ്യസിനിമയുടെ സ്ഥിരം ചേരുവകളിൽ നിന്ന് പ്രേക്ഷകരുടെ രുചിമുകുളങ്ങളെ മുക്തമാക്കി സ്വതന്ത്രമായ ഒരു സൃഷ്ടിക്കായി അദ്ദേഹം കാത്തിരുന്നു.

adoorwithcamera

1972-ലാണ് ആദ്യ ഫീച്ചർ സിനിമയായ 'സ്വയംവരം' ഒരുക്കുന്നത്. അന്ന് തെന്നിന്ത്യയിൽ നിറഞ്ഞുനിന്ന ശാരദയെ നായികയാക്കി. രണ്ടരലക്ഷം രൂപ ബജറ്റിൽ ഒരുക്കിയ ചിത്രത്തിന് ശാരദയ്ക്ക് 25,000 രൂപ പ്രതിഫലം നൽകി. വളരെക്കാലത്തിനു ശേഷം, തന്‍റെ പ്രതിഫല വിഹിതം കൂടി ചേർത്തിട്ടാണ് അന്ന് ശാരദയ്ക്ക് പ്രതിഫലം നൽകിയതെന്ന് പറഞ്ഞപ്പോൾ, അവർ പരിഭവിച്ചെന്ന് അടൂർ തന്നെ ഓർത്തെടുത്തിട്ടുണ്ട്. സിനിമകളുടെ പതിവ് ഗ്രാമറിനെ തിരുത്തിയെഴുതി അടൂർ ഒരുക്കിയ 'സ്വയംവരം' തിയറ്ററിൽ ചലനം സൃഷ്ടിച്ചില്ല. എന്നാൽ സിനിമ അപ്പോഴേക്കും ലോകസഞ്ചാരം തുടങ്ങിയിരുന്നു. ഒരു വൈകുന്നേരം തിരുവനന്തപുരത്ത് പി.ജി.എം. ജങ്ഷനിലെ ഒരു കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ റേഡിയോയിൽ നിന്നാണ് അടൂർ വാർത്ത കേൾക്കുന്നത്: "സ്വയംവരത്തിന് നാല് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിരിക്കുന്നു – മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടി, മികച്ച ഛായാഗ്രാഹകൻ." നടപ്പുരീതികളെയാകെ പൊളിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ അടൂർ ഗോപാലകൃഷ്ണൻ എന്ന സംവിധായകനെ ഇന്ത്യൻ സിനിമാലോകം ശ്രദ്ധിച്ചു. മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വരെ 'സ്വയംവര'ത്തിലൂടെ അന്ന് മലയാളം മുഴങ്ങി.

nationalaward

അടൂർ ഗോപാലകൃഷ്ണന്‍റെ സിനിമകളോരോന്നും പിന്നീട് സംസ്ഥാന-ദേശീയ പുരസ്കാരങ്ങളും നേടി വിവിധ ലോകോത്തര ചലച്ചിത്രമേളകളിലും തിളങ്ങി മലയാളത്തിനു തിലകക്കുറിയായി. ഭരത് ഗോപിയുടെ അസാമാന്യ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ 'കൊടിയേറ്റം', മലയാളത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ സിനിമകളിലൊന്നായ 'മുഖാമുഖം', ബഷീറിയൻ കഥയെ ആസ്പദമാക്കി ഒരുക്കിയ 'മതിലുകൾ', 'ഭാസ്കര പട്ടേലരും എന്‍റെ ജീവിതവും' എന്ന സക്കറിയയുടെ കഥയെ അധികരിച്ച് തയ്യാറാക്കിയ 'വിധേയൻ', കുഞ്ഞുണ്ണിയുടെ കണ്ണിലൂടെ ഒരു കാലഘട്ടത്തെ വരച്ചിട്ട 'കഥാപുരുഷൻ', ജയിൽപുള്ളി നിരപരാധിയാണെന്ന് അറിഞ്ഞിട്ടും അവനായി തൂക്കുകയർ ഒരുക്കാൻ വിധിക്കപ്പെടുന്ന ആരാച്ചാരുടെ കഥ പറഞ്ഞ 'നിഴൽക്കൂത്ത്' എന്നിങ്ങനെ ഒരുപിടി മികച്ച സിനിമകളെ അദ്ദേഹം സമ്മാനിച്ചു. 2000-മായപ്പോഴേക്കും ഇന്ത്യയ്ക്കകത്തും പുറത്തും തന്റെ പേരിനെ അടയാളപ്പെടുത്താൻ അടൂരിന് സാധിച്ചു. പത്മവിഭൂഷണും ദാദാസാഹേബ് ഫാൽക്കെ പുരസ്കാരവും മുതൽ അമേരിക്കൻ സർവകലാശാലയിലെ 'അടൂർ ഗോപാലകൃഷ്ണൻ ചെയർ' വരെ നീളുന്നു ആ സിനിമാ സഞ്ചാരങ്ങൾ.

mathilukalmammootyandadoor

വിപണിമൂല്യമുള്ള താരങ്ങളും അടൂരിന്‍റെ സിനിമയിലെത്തിയത് അഭിനേതാക്കളായി മാത്രമാണ്. 'വിധേയ'നിലെ ഭാസ്കര പട്ടേലരും 'മതിലുക'ളിലെ വൈക്കം മുഹമ്മദ് ബഷീറുമൊക്കെ നടനെന്ന നിലയിൽ മമ്മൂട്ടി പിന്നിട്ട അഭിനയപർവതങ്ങളാണ്. മമ്മൂട്ടിയും അടൂരും ആദ്യമായി ഒന്നിക്കുന്നത് 1987-ൽ 'അനന്തര'ത്തിലൂടെയായിരുന്നു. എൺപതുകളിൽ മലയാളത്തിലുണ്ടായ നവതരംഗ സിനിമാശ്രേണിയിൽ കഥപറച്ചിലിന്റെ സാമ്പ്രദായിക ശൈലികൾ പൊളിച്ചെഴുതിയ ഏറ്റവും മികച്ച മാതൃകകളിലൊന്നാണ് 'അനന്തരം'. കടലാഴമുള്ള വിഷാദം ഹൃദയത്തിൽ ഒളിപ്പിച്ച് കാത്തിരുന്ന അശോകൻ അവതരിപ്പിച്ച അജയനെന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാത്ത സാന്നിധ്യമാണ്. ഓരോ കാഴ്ചയിലും ചോദ്യങ്ങൾ സൃഷ്ടിക്കുകയും പുതിയ ഉത്തരങ്ങൾ പകരുകയും ചെയ്യുന്നു 'അനന്തരം'.

എൺപതുകളിൽ മലയാളത്തിലുണ്ടായ നവതരംഗ സിനിമാശ്രേണിയിൽ കഥപറച്ചിലിന്‍റെ സാമ്പ്രദായിക ശൈലികൾ പൊളിച്ചെഴുതി അടൂരിന്‍റെ ഓരോ സിനിമകളും.

 

ചലച്ചിത്രങ്ങളിലെ ആവർത്തനവിരസമായ കളർ ടോണുകളോട് മുഖം തിരിച്ച അടൂർ വെയിലും മഴയും ഋതുക്കളുമൊക്കെ കഥാപാത്രങ്ങളോട് ചേർത്തുവച്ചു. എഴുപതുകളിലെ കേരളീയ ഗ്രാമത്തിന്റെ ഫ്രെയിമുകളെ എണ്ണവിളക്കിന്റെ പ്രകാശവെട്ടത്തിൽ പ്രേക്ഷകർ കണ്ടു. സാഹിത്യസൃഷ്ടികളിലും അടൂർ ദൃശ്യഭാഷ തിരഞ്ഞു. സക്കറിയയുടെ 'ഭാസ്കര പട്ടേലരും എന്റെ ജീവിതവും' 'വിധേയ'നായും ബഷീറിന്റെ 'മതിലുകൾ' അതേ പേരിലും ചലച്ചിത്രമായി. തകഴി ശിവശങ്കരപ്പിള്ളയുടെ ചെറുകഥകളിൽ നിന്ന് 'നാലു പെണ്ണുങ്ങൾ', 'ഒരാണും രണ്ടു പെണ്ണും' എന്നീ ചിത്രങ്ങളും ഒരുക്കി.

mathilukal

താരസിംഹാസനങ്ങളിൽ നിന്നിറങ്ങി മമ്മൂട്ടിയും ദിലീപും അടൂർ സിനിമകളിൽ സാധാരണ കഥാപാത്രങ്ങളായി. ഭരത് ഗോപിയും കരമന ജനാർദ്ദനനും ഒടുവിൽ ഉണ്ണികൃഷ്ണനും അടൂരിന്റെ ചിത്രങ്ങളിൽ നായകന്മാരായി. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതകഥാ പരിസരത്ത് നിന്ന് രൂപം കൊണ്ട 'പിന്നെയും', ദിലീപിന്റെ കരിയറിലെ പതിവ് ചട്ടക്കൂടുകൾ ഭേദിച്ച ചിത്രമായിരുന്നു. അടൂർ ഗോപാലകൃഷ്ണന്‍റെ അവസാനമായി റിലീസ് ചെയ്ത ചിത്രവും ഇതാണ്. ഒരിക്കൽക്കൂടി മമ്മൂട്ടിയുമായി ചേർന്ന് ഒരുക്കിയ 'പദയാത്ര' ഉടൻ റിലീസാകും. 33 വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിക്കൊപ്പം വീണ്ടുമൊരു സിനിമ. എന്നാൽ മോഹൻലാലുമായി ചേർന്ന് ഒരു അടൂർ സിനിമ ഇനിയും സാധ്യമായില്ല എന്നത് മറ്റൊരു കാര്യം.

സിനിമയ്ക്കപ്പുറം സാമൂഹിക രംഗത്തെ ചില നിരീക്ഷണങ്ങളിലൂടെയും ഇടപെടലുകളിലൂടെയും വാർത്തകളിലും വിവാദങ്ങളിലും അടൂർ ഗോപാലകൃഷ്ണൻ പല കാലങ്ങളിൽ ഭാഗമായിട്ടുണ്ട്. പക്ഷേ, നിശിത വിമർശനങ്ങൾ ഉണ്ടായെങ്കിലും നിലപാടുകൾ മാറ്റാൻ അടൂർ തയ്യാറായില്ല. ചലച്ചിത്ര അവാർഡ് നിർണയങ്ങളിലെ പാകപ്പിഴകൾ, സിനിമകളിലെ സെൻസർ ബോർഡിന്റെ അനാവശ്യ ഇടപെടലുകൾ, ചലച്ചിത്രമേളകളിലെ അച്ചടക്കമില്ലായ്മ എന്നിങ്ങനെ അടൂർ പലപ്പോഴായി തുറന്നടിച്ച വിഷയങ്ങൾ ഏറെയാണ്.

adoorgopalakrishnanhome

കഴിഞ്ഞ കാലഘട്ടങ്ങളിൽ ദേശവും ജീവിതവും മാറിവന്നപ്പോൾ മലയാളി സമൂഹത്തിന് സംഭവിച്ച മാറ്റങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ച് തന്റെ സിനിമകളിലൂടെ ലോകത്തോട് സംവദിച്ച സംവിധായകൻ, തന്റെ 85-ാം വയസിലും ആക്ഷനും കട്ടിനും ഇടയിൽ പുതിയ മിഴി തുറക്കാനൊരുങ്ങുകയാണ്. അദ്ദേഹത്തിന്റെ ദർശനങ്ങളോട് യോജിക്കാം, വിയോജിക്കാം. പക്ഷേ, സർഗാത്മകതകൊണ്ട് ഉയരങ്ങളിൽ നിൽക്കുന്ന കലാകാരന്റെ സൗന്ദര്യശാസ്ത്രത്തെ അംഗീകരിക്കാതിരിക്കാൻ കഴിയില്ല. കാരണം, അടൂർ ഗോപാലകൃഷ്ണന്റെ സിനിമയ്ക്കായി കാത്തിരിക്കുന്നത് കേരളത്തിനും അപ്പുറം ലോകത്തിന്റെ വിവിധ കോണുകളിലെ സിനിമാ ആസ്വാദകരാണ്. ആ വേദിയിലേക്കും പുതിയ ചിത്രം 'പദയാത്ര' നടന്നുകയറുമെന്ന് പ്രതീക്ഷിക്കാം.

ENGLISH SUMMARY:

Adoor Gopalakrishnan's films have significantly shaped Malayalam cinema, gaining international acclaim and showcasing Kerala's socio-cultural landscape to the world. His critically lauded works, like 'Elipathayam', continue to resonate with audiences and filmmakers globally, solidifying his position as a master storyteller.