TAGS

അടുത്തിടെയാണ് നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗറിന്റെ ഹൃദയശസ്ത്രക്രിയ മമ്മൂട്ടിയുടെ 'കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ' സഹായത്തോടെയാണ് പൂർത്തിയാക്കിയത്. ഹൃദയത്തിൽ ഗുരുതരമായ ബ്ലോക്കുകൾ കണ്ടെത്തിയതിനെ തുടർന്ന് അടിയന്തിരമായി ബൈപാസ് ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ഭീമമായ ചികിത്സാച്ചെലവ് താങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ അദ്ദേഹം തന്റെ നിസ്സാഹായാവസ്ഥ വെളിപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർഥിച്ചിരുന്നു. 

ബുദ്ധിമുട്ടിയ സാഹചര്യത്തില്‍ മമ്മൂട്ടിയുടെ ഷെയര്‍ ആന്‍ഡ് കെയര്‍ ഫൗണ്ടേഷന്‍ സഹായത്തിനെത്തിയതിന്‍റെ വിശദാംശങ്ങള്‍ പങ്കുവക്കുകയാണ് കണ്ണന്‍ സാഗര്‍. രമേശ് പിഷാരടി വഴിയാണ് കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനിലേക്ക് എത്തിയതെന്ന് വണ്‍ 2 ടോക്സിന് നല്‍കിയ അഭിമുഖത്തില്‍ കണ്ണന്‍ സാഗര്‍ പറഞ്ഞു. 

'രമേശ് പിഷാരടിയെ ഞാന്‍ വിളിച്ചിരുന്നു. പക്ഷേ എടുത്തില്ല. അസുഖവിവരങ്ങളെ പറ്റി ഞാന്‍ ഒരു മെസേജ് അയച്ചിട്ടു. പിറ്റേന്ന് റിപ്ലെ വോയ്സ് മെസേജ് വന്നു. മമ്മൂക്കയുടെ ഷെയര്‍ ആന്‍ഡ് കെയര്‍ ഫൗണ്ടേഷന്‍റെ ആള്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്, നമ്പര്‍ ഇട്ടുകൊടുത്തിട്ടുണ്ട്, അവിടെ നിന്നും വിളിക്കും, ചികില്‍സയുടെ വിവരങ്ങള്‍ മെസേജ് ചെയ്ത് കൊടുക്കണമെന്ന് പറഞ്ഞു. 

അതിന് ശേഷം ഓസ്ട്രേലിയയില്‍ നിന്നും മമ്മൂക്കയുടെ പിആര്‍ഒ ജിന്‍സ് വിളിച്ചു. ചേട്ടാ, മമ്മൂക്ക ഫൗണ്ടേഷന്‍സിന്‍റെ ഓപ്പറേഷന്‍ ചെയ്യുന്നത് നെയ്യാറ്റിന്‍കരയിലുള്ള മിംസ് ഹോസ്പിറ്റലിലും പിന്നൊന്ന് ആലുവയിലുള്ള രാജഗിരി ഹോസ്പിറ്റലുമാണ്, കുട്ടികളുടെയാണ് കൂടുതലും ചെയ്യുന്നത്, പിഷാരടി പറഞ്ഞതുകൊണ്ടും പിന്നെ ചേട്ടന്‍ നമുക്കൊക്കെ അറിയാവുന്ന ആളായതുകൊണ്ടും വിളിക്കുന്നതാണ്, എവിടെയാണ് ചേട്ടന് സൗകര്യം, തിരുവനന്തപുരത്ത് പോകണമെങ്കില്‍ പോകാം, അല്ലെങ്കില്‍ രാജഗിരിയില്‍, താമസിക്കണ്ട ഡോക്ടറെ ചെന്ന് കാണാന്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ ഞാന്‍ കരഞ്ഞുപോയി. ആരൊക്കെയോ സഹായിക്കാന്‍ ഉണ്ടെന്ന് തോന്നി. 

പിറ്റേന്ന് രാജഗിരിയില്‍ നിന്നും വിളിച്ചു. ഞാന്‍ ഭാര്യക്കൊപ്പം ആശുപത്രിയില്‍ ചെന്നു. അവിടെ ചെന്നപ്പോള്‍ മമ്മൂക്ക പറഞ്ഞിട്ട് കെ.എസ്.പ്രസാദ് ചേട്ടന്‍ അവിടെ വന്ന് നില്‍ക്കുകയാണ്. അവിടെ മുതല്‍ എനിക്ക് മറ്റൊന്നും അറിയേണ്ടിവന്നില്ല. അങ്ങനെ ഓപ്പറേഷനെല്ലാം കഴിഞ്ഞു. നന്ദി പറഞ്ഞ് ജിന്‍സിന് ഞാന്‍ മെസേജ് അയച്ചു. മമ്മൂക്കയെ ഒന്ന് കാണണമെന്ന് പ്രസാദ് ചേട്ടനോട് പറഞ്ഞു, എന്‍റെ ജീവന് വേണ്ടി പൈസ മുടക്കിയ ആളല്ലേ. അസുഖമൊക്കെ കഴിഞ്ഞിട്ട് കാണാം എന്ന് അദ്ദേഹം പറഞ്ഞു. അന്ന് അങ്ങനെയൊന്നും നടന്നില്ലെങ്കില്‍ ഞാന്‍ വേറൊരു ലോകത്തിരുന്നേനെ,' കണ്ണന്‍ സാഗര്‍ പറഞ്ഞു. 

ENGLISH SUMMARY:

Kannnan Sagar, a mimicry artist and actor, underwent a life-saving heart surgery with the support of Mammootty's 'Care and Share International Foundation'. This critical bypass surgery was necessitated by severe blockages in his heart, and he reached out for help through social media due to the prohibitive cost of treatment.