പത്മ പുരസ്കാര നിറവില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച്  നടന്‍ മമ്മൂട്ടി. രാഷ്ട്രപതിയില്‍നിന്ന് പത്മഭൂഷണ്‍ ഏറ്റുവാങ്ങിയശേഷമാണ് മമ്മൂട്ടിയും കുടുബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചത്.  പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം.  

ഭാര്യ സുല്‍ഫത്ത് മകൾ സുറുമി, മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍, മരുമകൾ അമാൽ സൂഫിയ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.  മമ്മൂട്ടിയോടും ദുല്‍ഖര്‍ സല്‍മാനോടും പ്രധാനമന്ത്രി ഏറെനേരം സംസാരിച്ചു.  മമ്മൂട്ടിയും കുടുംബവുമൊത്തുള്ള ഫോട്ടോകള്‍ പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിലും പങ്കുവച്ചു.  'ഇന്ന് പത്മ പുരസ്‌കാര ചടങ്ങിന് ശേഷം പ്രമുഖ നടൻ മമ്മൂട്ടിയെയും കുടുംബത്തെയും കണ്ടു' എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോകള്‍ പങ്കുവച്ചത്.  

പത്മ പുരസ്കാരദാന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മമ്മൂട്ടി രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍നിന്ന് പുരസ്കാരം സ്വീകരിച്ചത്.  മമ്മൂട്ടി പുരസ്കാരമേറ്റുവാങ്ങുന്നതിന് സാക്ഷിയാകാന്‍ കുടുംബവും ചടങ്ങിനെത്തിയിരുന്നു. ചടങ്ങിനുശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ ഒരുക്കിയ വിരുന്നിലും മമ്മൂട്ടി പങ്കെടുത്തു.

ENGLISH SUMMARY:

Mammootty met Prime Minister Narendra Modi after receiving the Padmabhushan award. The renowned Malayalam actor was accompanied by his wife, daughter, son Dulquer Salmaan, and daughter-in-law, and the Prime Minister shared photos of their meeting on social media.