അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ കുടുംബത്തോട് എന്നും ചേർന്നുനിൽക്കുന്ന വ്യക്തിയാണ് അവതാരകയും സംരംഭകയുമായ ലക്ഷ്മി നക്ഷത്ര. സുധിയുടെ ഭാര്യ രേണു സുധിക്ക് കാൻസർ സ്ഥിരീകരിച്ച വാർത്തയ്ക്ക് പിന്നാലെ, അവർക്ക് പൂർണ പിന്തുണയുമായി ലക്ഷ്മി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ, രേണുവിനെ സഹായിച്ചുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുട്യൂബര്‍ക്കെതിരെ രൂക്ഷമായ വിമർശനവുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര.

കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.‍ സായ് കൃഷ്‍ണയുടെ പേര് പരാമർശിക്കാതെയായിരുന്നു ലക്ഷ്മിയുടെ വിമർശനം. രേണുവിനെ വെച്ച് വിഡിയോ ചെയ്തതിലൂടെ ലഭിച്ച തുകയിൽ നിന്ന് ഒരു വിഹിതം അവർക്ക് നൽകി എന്ന് സായ് കൃഷ്‍ണ പറഞ്ഞതിനെ ലക്ഷ്മി പരിഹസിച്ചു.

ലക്ഷ്മിയുടെ വാക്കുകളിങ്ങനെ, രേണുവിനെ വെച്ച് ചെയ്ത വിഡിയോകളിൽ നിന്നും കിട്ടിയ തുകയിൽ നിന്നും ഒരു തുക രേണുവിന് കൊടുത്തു എന്നൊക്കെ ചിലർ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ചിരിയാണ് വന്നത്. ഇപ്പോൾ ഞാൻ ഇത് പറയാൻ പാടില്ല. ചോദിച്ചതുകൊണ്ട് മാത്രമാണ് പറയുന്നത്. രണ്ട് വർഷങ്ങൾക്ക് മുമ്പ് രേണു പറഞ്ഞതുകൊണ്ടാണ് ഞാൻ ഒരു പെർഫ്യൂം കൊണ്ടുചെന്ന് കൊടുത്തത്. കഴിഞ്ഞ ദിവസം രേണുവിനെ വീട്ടിൽ പോയി കണ്ട വ്യക്തി പറയുന്നുണ്ട്, ആ വ്യക്തിയുടെ പേര് ഒന്നും ഞാൻ പറയുന്നില്ല. ആ വ്യക്തി പറഞ്ഞത് ചില കാര്യങ്ങൾ ചെയ്യുമ്പോൾ അത് അറിയിച്ച് തന്നെ ചെയ്യണം എന്നാണ്. ഇത് തന്നെയേ ഞാനും ചെയ്തിട്ടുള്ളൂ. നിങ്ങൾ ശ്രദ്ധിച്ചാൽ അറിയാം, ഈ വിഷയത്തിൽ ഇയാളുടെ അഭിമുഖങ്ങളെല്ലാം ഒരേയൊരു ഓൺലൈൻ ചാനലിൽ മാത്രമാണ് വരുന്നത്.

അതേസമയം, രേണു സുധിയെ സ്നേഹിക്കുന്നവരോട് തനിക്ക് ഒരു അപേക്ഷയുണ്ടെന്നും താരം പറയുന്നു. രേണുവിന് നമ്മുടെ സാന്നിധ്യം സന്തോഷം നൽകിയേക്കാം, പക്ഷേ നേരിട്ട് ചെല്ലുന്നത് ഒഴിവാക്കുക. പകരം വീഡിയോ കോൾ ചെയ്യൂ, സംസാരിക്കൂ. കീമോതെറാപ്പി ചെയ്യുന്ന രോഗികൾക്ക് പ്രതിരോധശേഷി വളരെ കുറവായിരിക്കും. വീട്ടിലുള്ളവർ പോലും അങ്ങേയറ്റം ഹൈജീനിക് ആയാണ് രേണുവിനൊപ്പം നിൽക്കുന്നത്. വീഡിയോകളിൽ കാണുന്നത് പോലെ ഋതപ്പൻ പോലും മാസ്ക് ധരിച്ചാണ് രേണുവിനടുത്തേക്ക് വരുന്നത്. അതുകൊണ്ട് അണുബാധയുണ്ടാകാനുള്ള സാധ്യത മുൻനിർത്തി എല്ലാവരും ഇത് മനസിലാക്കണമെന്നും ലക്ഷ്മി പറഞ്ഞു. 

നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രേണു, തന്റെ ചികിത്സാ അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. രേണുവിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കയറിയിച്ചുകൊണ്ട് നിരവധിയാളുകളാണ് സോഷ്യൽ മീഡിയ വഴി എത്തുന്നത്.

ENGLISH SUMMARY:

TV presenter Lakshmi Nakshathra has publicly criticized a YouTuber for claiming credit while providing financial aid to Renu Sudhi, the wife of the late comedian Kollam Sudhi. Following Renu’s cancer diagnosis, Lakshmi expressed disapproval of those who use charity for publicity. Furthermore, she urged the public to respect Renu’s health needs by avoiding personal visits, recommending video calls instead to protect Renu from potential infections during her chemotherapy treatment.