Image Credit : Twitter

തമിഴ് നടനും സംവിധായകനുമായ  കെ ഭാഗ്യരാജിന്‍റെ വിയോഗത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി അപേക്ഷിച്ചും പൊട്ടിക്കരഞ്ഞും നടി രാധിക ശരത്കുമാര്‍. അല്‍പം സ്വകാര്യത തരൂ..ഞങ്ങളും മനുഷ്യരാണ് എന്നുപറഞ്ഞുകൊണ്ടാണ് രാധിക മാധ്യമങ്ങള്‍ക്ക് മുന്നില്‍ വൈകാരികമായി പ്രതികരിച്ചത്. വർഷങ്ങളായി ഭാഗ്യരാജുമായും കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് രാധിക ശരത്കുമാര്‍. ഭാഗ്യരാജിന്‍റെ കുടുംബത്തിന്റെ ഏറ്റവും ദുഷ്കരമായ ഈ വേളയിൽ അവരുടെ സ്വകാര്യതയെ മാനിക്കണമെന്ന് അവിടെയുണ്ടായിരുന്ന എല്ലാവരോടും രാധിക അഭ്യർത്ഥിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സൈബറിടത്ത് വ്യാപകമായി പ്രചരിക്കുകയാണ്.

രാധികയുടെ വാക്കുകള്‍ ഇങ്ങനെ...'ഞാൻ കൈകൂപ്പി അപേക്ഷിക്കുകയാണ്... ദയവായി ടിആർപിക്ക് വേണ്ടി പിന്നാലെ നടക്കരുത്. ഞങ്ങൾ ഞങ്ങളുടെ സിനിമകളിലൂടെ നിങ്ങളെ രസിപ്പിക്കുന്നുണ്ട്. ഞങ്ങളും മനുഷ്യരാണ്. ദയവായി ഈ കുടുംബത്തിന് അല്‍പം സ്വകാര്യത നൽകൂ' രാധിക പറഞ്ഞു. ക്യാമറകളുടെ ശല്യമില്ലാതെ ഭാഗ്യരാജിന്റെ കുടുംബാംഗങ്ങൾക്ക് അന്തിമോപചാരമർപ്പിക്കാൻ സൗകര്യമൊരുക്കണമെന്ന് ഫോട്ടോഗ്രാഫർമാരോടും ക്യാമറ സംഘങ്ങളോടും അവര്‍ അഭ്യര്‍ഥിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വിഡിയോ സൈബറിടത്ത് വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് രാധികയുടെ വാക്കുകള്‍ക്ക് പിന്തുണയേകി രംഗത്തെത്തിയത്.

സിനിമാതാരങ്ങളും മനുഷ്യരാണ്. അവരുടെ വിയോഗത്തിലോ, അവര്‍ക്ക് വേണ്ടപ്പെട്ടവരുടെ ഇത്തരം ചടങ്ങുകളിലോ സ്വകാര്യത മാനിക്കാതെയുളള കടന്നുകയറ്റം അങ്ങേയറ്റം അപലപനീയമാണെന്ന് സൈബറിടം പറയുന്നു. പൊതുസമൂഹത്തിന്‍റെയും ഓണ്‍ലൈന്‍ മാധ്യമങ്ങളുടേയും കടന്നുകയറ്റം നിയന്ത്രിക്കേണ്ടതുണ്ടെന്നും കമന്‍റുകള്‍ ഉയര്‍ന്നു. അതേസമയം തമിഴ് സിനിമാലോകം ഒന്നടങ്കം പ്രിയ നടന്‍റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.

ENGLISH SUMMARY:

Actress Radhika Sarathkumar made an emotional plea to the media for privacy during the difficult time of Tamil actor K Bhagyaraj's demise. She urged them to respect the family's grief and not intrude on their personal moments for TRP.