വിജയ്‌യുടെ പിറന്നാളിന് തൃഷ പങ്കുവച്ചത് എഐ ചിത്രമെന്ന ആരോപണവുമായി ഗായിക സുചിത്ര. പിറന്നാളിന്‍റെ പിറ്റേന്ന് കേക്ക് മുന്നില്‍ നില്‍ക്കുന്ന വിജയ്ക്കൊപ്പമുള്ള ചിത്രമായിരുന്നു തൃഷ പങ്കുവച്ചത്. ഇത് യഥാര്‍ഥമല്ലെന്നും എഐയില്‍ നിര്‍മിച്ചതാണെന്നുമാണ് സുചിത്രയുടെ വാദം.
'അക്ക പങ്കുവച്ചത് എഐ ജനറേറ്റഡ് ചിത്രമോ? ഞാന്‍ വലിയ എഐ എക്സ്പേര്‍ട്ട് ഒന്നുമല്ല, എന്‍റെ അക്കൗണ്ടില്‍ ഒരാള്‍ കമന്‍റ് ചെയ്തതാണ്. വിജയ്‌യുടെ ഷര്‍ട്ടിന്‍റെ ഫാബ്രികോ കോളറോ സ്വഭാവികമായി തോന്നുന്നില്ല. നിങ്ങള്‍ സൂം ചെയ്ത് നോക്കിയാല്‍ മനസിലാവും എല്ലാം 2ഡി ആയാണ് കാണുന്നത്. അദ്ദേഹത്തിന്‍റെ ഏത് ചിത്രം വേണമെങ്കിലും എടുത്തുനോക്കിക്കോളൂ, തോളില്‍ എങ്ങനെയാണ് ഷര്‍ട്ട് കിടക്കുന്നതെന്ന്. അത് ഒരു യഥാര്‍ഥ ഷര്‍ട്ടല്ല.
വിജയ്‌യുടെ അസംബ്ലിയിലെ മുഖമാണ് എടുത്തിരിക്കുന്നത്. എല്ലായിടുത്തുമുണ്ട്, ആ മുഖമെടുക്കാന്‍ എളുപ്പമാണ്. ഇങ്ങനെയാണ് എഐ ചിത്രം ജനറേറ്റ് ചെയ്തുകൊടുക്കുന്നത്. ബെര്‍ത്ത്ഡേ കേക്കിനൊപ്പം മൂന്ന് ടിറാമിസൂ. അതും അത്രയും വലിയ മൂന്ന് ടിറാമിസൂ. കേക്കിന് മുകളില്‍ പൂക്കള്‍. ഇത്രയും വലിയ പൂക്കള്‍ കൊണ്ട് ആരാണ് കേക്ക് ഉണ്ടാക്കുന്നത്. ഷര്‍ട്ടിന്‍റെ ഫാബ്രിക്കും മേശയും ബ്ലെന്‍ഡായി പോയിട്ടുണ്ട്. ഇതാണോ കാതല്‍. അയ്യയ്യോ ഭയമാവുന്നു,' പുറത്തുവന്ന വിഡിയോയില്‍ സുചിത്ര പറഞ്ഞു.
'എന്‍റെ ജീവിതം അർഥപൂർണമാക്കുന്ന പ്രിയപ്പെട്ട വ്യക്തിക്ക് ജന്മദിനാശംസകൾ' എന്നായിരുന്നു തൃഷയും വിജയ്യും ഒരുമിച്ചിരുന്ന് കേക്ക് മുറിക്കുന്ന പോസ്റ്റിന് താഴെയുള്ള കാപ്ഷന്‍. ഇതിനുപുറമെ, ഏഞ്ചൽ നമ്പർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന '00:00' എന്ന സംഖ്യയും തൃഷ ക്യാപ്ഷനിൽ ഉൾപ്പെടുത്തിയിരുന്നു. 2023 മുതൽ എല്ലാ വർഷവും വിജയ്‌യുടെ ജന്മദിനത്തിൽ കൃത്യമായി ആശംസകൾ പങ്കുവക്കാറുണ്ട് തൃഷ. ഇത്തവണ പിറന്നാളിനന്ന് തൃഷ ആശംസ പങ്കുവച്ചിരുന്നില്ല. വിജയ്യെ അണ്‍ഫോളോ ചെയ്യുക കൂടി ചെയ്തതോടെ ഇരുവരും തമ്മില്‍ അകല്‍ച്ചയിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനെയെല്ലാം കാറ്റില്‍ പറത്തിയാണ് തൃഷയുടെ പോസ്റ്റ് വന്നത്.