ചിത്രത്തിന് കടപ്പാട്: Facebook/ShwethaMenonOfficial
'അമ്മ'യിലെ രാജിക്ക് പിന്നാലെ തുറന്നുപറച്ചിലുമായി ശ്വേത മേനോന്‍. തുടർച്ചയായി വ്യക്തി അധിക്ഷേപം നേരിട്ടപ്പോൾ, നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിലാണ് അമ്മയിലെ രാജിയെന്നാണ് ശ്വേത മേനോന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്. ആരുടെയും കളിപ്പാവയാകാന്‍ താല്‍പര്യമില്ല. ബലഹീനത കൊണ്ടല്ല ആത്മാഭിമാനം കൊണ്ടാണ് രാജി. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയാണ് തനിക്കെതിരെ നടന്നതെന്നും ശ്വേത കുറിച്ചു. പഴയ കമ്മിറ്റിയുടെ തെറ്റുകളെ പറ്റി അന്വേഷിക്കാതിരിക്കാന്‍ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിച്ചെന്നും ശ്വേതയുടെ കുറിപ്പിലുണ്ട്.
ഒന്നും ഇവിടെ അവസാനിക്കുന്നില്ലെന്നും തുടങ്ങുകയാണെന്നും പറഞ്ഞാണ് ശ്വേത തന്‍റെ ഭാഗം വിശദീകരിക്കുന്നത്. 'അമ്മ'യുടെ തിരഞ്ഞെടുപ്പിന് മുന്‍പ് ക്രൈം നന്ദകുമാർ, മാർട്ടിൻ മേനാച്ചേരി പോലുള്ളവരെ മുന്നിൽ നിർത്തി തനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തി. ഇതിനെയെല്ലാം മറികടന്ന് ഭൂരിഭാഗം 'അമ്മ' അംഗങ്ങവുടെയും വോട്ട് നേടിയാണ് താന്‍ തിരഞ്ഞെടുക്കപ്പെട്ടത്. തന്‍റെ കഴിവിന്റെ പരമാവധി ചെയ്തെന്ന് ഉറപ്പാണെന്നും ശ്വേത കുറിച്ചു.
മുന്‍ കമ്മിറ്റിയിലെ ചില അംഗങ്ങളുടെ തെറ്റായ നടപടികള്‍ അന്വേഷിക്കാതിരിക്കാന്‍ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രദ്ധിച്ചു. തന്‍റെ ഭരണസമിതിയുടേത് ഉള്‍പ്പടെ കഴിഞ്ഞ രണ്ട് ടേമുകളിലെയും കണക്കുകൾ വിശദമായി പരിശോധിക്കണം. ഫോറൻസിക് ഓഡിറ്റ് നടത്താൻ ചുമതലപ്പെടുത്തണമെന്നും ശ്വേത ആവശ്യപ്പെട്ടു.
രാജിക്ക് ശേഷവും തനിക്കെതിരെ ദുഷ്പ്രചാരണം നടത്തുകയാണെന്നും ശ്വേത കുറിച്ചു. 'രാജിക്ക് ശേഷവും പുതുതായി ഇറക്കുമതി ചെയ്ത കഥാപാത്രങ്ങളിലൂടെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും വ്യക്തിഹത്യാ ശ്രമങ്ങളും തുടരുകയാണ്. അതുകൊണ്ട് ഒരു കാര്യം വ്യക്തമാക്കാം. ഞാൻ ഒരു സംഘിയുമല്ല, ഒരു കമ്മിയുമല്ല. എല്ലാവരും ക്ഷണം തേടി പോകുമ്പോഴും കേന്ദ്ര സര്‍ക്കാറിന്‍റെയോ എല്‍ഡിഎഫ് സര്‍ക്കാറിന്‍റെയോ ഒരു പരിപാടിയിലും ഞാന്‍ പങ്കെടുത്തിട്ടില്ല. അമ്മ പ്രസിഡന്റാകുന്നതിന് മുൻപും ശേഷവും പങ്കെടുത്തിട്ടില്ല' എന്നും ശ്വേത കുറിച്ചു. 'തുടരും… പിക്ചർ അബി ബാക്കി ഹേ, മേരെ ദോസ്ത്' എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.