കൊച്ചുമകനൊപ്പം ഇൻസ്റ്റഗ്രാം റീലുകളിൽ തകർത്തഭിനയിച്ചിരുന്ന 76-കാരി ഡോളി ജൂൺ ഇപ്പോൾ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയാണ്. മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിന്റെ പുതിയ ചിത്രമായ ബാലൻ സിനിമയിൽ തന്റേടിയായ അമ്മൂമ്മയുടെ വേഷത്തിലെത്തിയാണ് തൃശൂർ കയ്പറമ്പ് സ്വദേശിനിയായ ഡോളി ജൂൺ ശ്രദ്ധ നേടുന്നത്.
കൊച്ചുമകൻ റിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോകളിലൂടെയാണ് ഡോളി ജൂൺ ശ്രദ്ധേയയായത്. രസകരമായ മറുപടികളും സ്വാഭാവിക അഭിനയശൈലിയും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സിനിമയിലേയ്ക്കുള്ള അവസരവും എത്തി. കാസ്റ്റിങ് ഡയറക്ടർ ഗണപതിയാണ് ഇൻസ്റ്റഗ്രാം വീഡിയോകൾ കണ്ട ശേഷം ഡോളി ജൂണിനെ ബാലൻ സിനിമയിലേയ്ക്ക് ക്ഷണിച്ചത്.
സിനിമയിൽ തോക്കേന്തി എത്തുന്ന അമ്മൂമ്മയുടെ കഥാപാത്രം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. തന്റേടവും ആത്മവിശ്വാസവും നിറഞ്ഞ കഥാപാത്രത്തെ ഡോളി ജൂൺ അനായാസമായി അവതരിപ്പിച്ചുവെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.
മുണ്ടക്കയത്ത് ജനിച്ച ഡോളി ജൂൺ പിന്നീട് കുടുംബത്തോടൊപ്പം നിലമ്പൂരിലേയ്ക്കും വിവാഹശേഷം തൃശൂരിലേയ്ക്കും താമസം മാറി. നാലു പെൺമക്കളുള്ള കുടുംബത്തിലെ ഒരാൾ മരണപ്പെട്ടിട്ടുണ്ട്. ഭർത്താവ് താര ജൂൺ വർഷങ്ങൾക്കുമുന്‍പ് അന്തരിച്ചു. വ്യത്യസ്തമായ പേരുകളോടുള്ള ഇഷ്ടം കാരണം യഥാർത്ഥ പേര് ജോസ് ആയിരുന്ന ഭർത്താവ് തന്റെ പേര് താര ജൂൺ എന്നാക്കി മാറ്റിയതോടെയാണ് ഡോളിയുടെ പേരിനൊപ്പം ‘ജൂൺ’ കൂടി ചേർന്നത്.
ഇന്നും കുടുംബത്തിന്റെ പ്രധാന ആശ്രയമായി തുടരുന്ന ഡോളി ജൂൺ കൊച്ചുമകൻ റിയോയുടെ വെള്ളേപ്പം നിർമ്മാണ സംരംഭത്തിൽ സഹായിക്കുകയും വീട്ടുപണികളിൽ സജീവമാകുകയും ചെയ്യുന്നു. ഒരുകാലത്ത് അമ്മൂമ്മയുമായുള്ള റീലുകൾ ചിത്രീകരിക്കുന്നതിൽ നിന്ന് റിയോയെ വിലക്കിയിരുന്ന കുടുംബാംഗങ്ങൾ ഇന്ന് ഡോളി ജൂണിന്റെ സിനിമാ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് കുടുംബം പറയുന്നു.
സിനിമയിൽ അഭിനയിക്കാൻ നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് പറയുന്ന ഡോളി ജൂണിന് ഒരു സ്വപ്നം കൂടിയുണ്ട്. മലയാളത്തിന്റെ പ്രമുഖ താരങ്ങളായ മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ കൂടെ, ചെറിയൊരു കഥാപാത്രമായാലും അഭിനയിക്കണമെന്നാണ് ആ ആഗ്രഹം. അപ്രതീക്ഷിതമായി ലഭിച്ച താരപദവിയും പ്രേക്ഷകരുടെ സ്നേഹവും ആസ്വദിക്കുകയാണ് ഇപ്പോൾ ഡോളി അമ്മൂമ്മ.