മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന 'അനന്തൻ കാട്' റിലീസിനൊരുങ്ങുകയാണ്. രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സിനിമ എന്ന നിലയില്‍ ഇതിനോടകം തന്നെ അനന്തന്‍ കാട് ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഗ്ലിംപ്സ് വിഡിയോയും ശ്രദ്ധ നേടുകയാണ്. മുരളി ഗോപി അവതരിപ്പിക്കുന്ന തങ്കരാജ് പൊന്നപ്പൻ എന്ന കഥാപാത്രം പാര്‍ട്ടി ഓഫീസില്‍ കയറി വെല്ലുവിളിക്കുന്ന രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. 

ഓഫീസ് ചുമരിലെ ചിത്രങ്ങള്‍ നോക്കി 'ഈ അമ്മാച്ചന്മാര് ചുവരില്‍ കേറുന്നതിന് മുന്നേ തന്നെ ഇവിടെ കുറെ ആചാരങ്ങളും പരിപാടികളും ഉണ്ടായിരുന്നു. അതും ഒരു സൈഡില്‍ കൂടെ പോകും. ഇതും ഒരു സൈഡില്‍ കൂടെ പോകും. അങ്ങനെയേ പോകാവൂ. കോളേജിൽ ചേരാൻ പോകുന്ന ചെറുക്കന് അവന്റെ തള്ള ഒരു കുറിയും തൊടീച്ച് ജപിച്ച ചരടും കെട്ടി വിട്ടാൽ  അതൊക്കെ അറത്ത് മുറിച്ച് കളയാൻ നീയൊക്കെ ആരെടാ,' എന്നാണ് മുരളിയുടെ കഥാപാത്രം പറയുന്നത്. ഈ ഡയലോഗും സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നുണ്ട്. എമ്പുരാനില്‍ പറഞ്ഞ രാഷ്ട്രീയത്തിന് ബാലന്‍സ് ചെയ്യുകയാണോ എന്ന് വിമര്‍ശിക്കുന്നവരുണ്ട്. അതേസമയം സിനിമ കാണുന്നതിന് മുന്‍പേ ഒരു രംഗം മാത്രം കണ്ട് വിലയിരുത്തണോ എന്നും ചോദിക്കുന്നവരുണ്ട്. 

ജൂൺ 25 - നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. തമിഴ് നടന്‍ ആര്യയാണ് ചിത്രത്തില്‍ നായകനാവുന്നത്. എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആരംഭത്തിലും തിരുവനന്തപുരത്ത് ഒരു വിദ്യാർഥിയായിരിക്കെ കണ്ടും കേട്ടും കേട്ടുകേള്‍വിയിൽ വിരിഞ്ഞതുമായ സംഭവങ്ങളുടെ കോര്‍ത്തിണക്കലാണ് ഈ ചിത്രമെന്ന് മുമ്പ് മുരളി ഗോപി വ്യക്തമാക്കിയിരുന്നു.

തെലുങ്ക് താരം സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്‌ മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ENGLISH SUMMARY:

Ananthan Kaadu is an upcoming Malayalam political film written by Murali Gopy and directed by Jiyen Krishnakumar, generating significant buzz with its recent glimpse video. The film, starring Tamil actor Arya, is set to release worldwide on June 25th and has already sparked discussions regarding its political themes.