ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ട കുഞ്ഞിന്‍റെ മാതാപിതാക്കളെ കണ്ടെത്താനായി സംഗീതപരിപാടി നിര്‍ത്തിവച്ച് പഞ്ചാബി ഗായകനും നടനുമായ പർമീഷ് വർമ്മ. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലുള്ള രാംലീല മൈതാനിയിൽ നടന്ന പരിപാടിക്കിടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
പർമീഷ് വർമ്മ വേദിയിൽ പാടിക്കൊണ്ടിരുന്നപ്പോൾ, സ്റ്റേജിന്‍റെ റാമ്പിന് സമീപം ഒരു ചെറിയ കുട്ടി ആരുമില്ലാതെ കരയുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഇവര്‍ കുഞ്ഞിനെ സ്റ്റേജിന് സമീപത്തുകൊണ്ടുവരുന്നത് കണ്ടാണ് പര്‍മീഷ് പാട്ട് നിര്‍ത്തിയത്. കുഞ്ഞിനെ ഉദ്യോഗസ്ഥുടെ കയ്യില്‍ നിന്നും വാങ്ങി മാതാപിതാക്കളെ അന്വേഷിച്ചു. ഒടുവിൽ കുട്ടിയുടെ അമ്മ മുന്നോട്ടു വന്നു.
കുഞ്ഞിനെ അലക്ഷ്യമായി കൈകാര്യം ചെയ്ത അമ്മയെ പർമീഷ് വർമ്മ സ്റ്റേജിൽ വെച്ച് തന്നെ അവരെ പരസ്യമായി ശാസിച്ചു. 'മാഡം, ഇത് നിങ്ങളുടെ കുട്ടിയാണോ? നിങ്ങൾ എവിടെയായിരുന്നു? ദയവായി ഉത്തരവാദിത്തമുള്ളവരായിരിക്കൂ. ജീവിതത്തിന് അല്പം വില കൽപ്പിക്കൂ,' എന്ന് പര്‍മീഷ് പറഞ്ഞു.
വിഡിയോ വൈറലായതോടെ പര്‍മീഷിനെ പ്രശംസിക്കുകയാണ് സോഷ്യലിടം. അമ്മക്കില്ലാത്ത ഉത്തരവാദിത്തം പര്‍മിഷ് കാട്ടിയെന്നും പൊതുവിടങ്ങളില്‍ കുട്ടികളെ കൊണ്ടുവരുമ്പോള്‍ അതീവ ശ്രദ്ധ ആവശ്യമാണെന്നും കമന്‍റുകള്‍ ഉയര്‍ന്നു. കുഞ്ഞിനെ ആള്‍ക്കൂട്ടത്തില്‍ വിട്ടുപോയ അമ്മക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.