കീമോതൊറാപ്പിക്ക് ശേഷം ആരോഗ്യാവസ്ഥ പങ്കുവച്ച് രേണുസുധി. ആദ്യ കീമോയ്ക്ക് ശേഷം കഠിനമായ ശാരീരിക ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നതെന്ന് രേണു വ്യക്തമാക്കി. ഈ ഘട്ടത്തില്‍ പിന്തുണയുമായി ചേച്ചിയുണ്ടെന്നും രേണു പറയുന്നു.
മൂന്നാഴ്ച കൂടുമ്പോള്‍ ഒരു കീമോ വച്ച് ആറു കീമോയാണ് രേണു സുധിക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ശേഷം സര്‍ജറിക്കും പദ്ധതിയുണ്ടെന്നും രേണു സുധിയുടെ വിഡിയോയില്‍ പറയുന്നു.
'കീമോയ്ക്കു ശേഷം ഡോക്ടര്‍ കാര്യങ്ങള്‍ ചേച്ചിയോടാണ് പറഞ്ഞത്. . അവർ അതൊന്നും എന്നോടു പറഞ്ഞില്ല. ചിലപ്പോൾ സീരിയസ് ആയ കാര്യങ്ങളാകും. ഇവിടെ വീട്ടിൽ വന്നപ്പോഴും എന്റെ റൂമിൽ ഇരുത്തി കതകടച്ച് അകത്ത് ഇരുത്തിയിട്ടാണ് വീട്ടുകാരോടും കാര്യങ്ങൾ പറഞ്ഞത്' എന്നും രേണുസുധി പറഞ്ഞു. നഴ്‌സായ ചേച്ചി ജോലിയിൽ നിന്ന് രാജിവച്ചാണ് പരിചരിക്കാൻ എത്തിയതെന്നും രേണുസുധി പറയുന്നു. കടുത്ത ക്ഷീണം കാരണം തളർന്നിരിക്കുന്ന തനിക്ക് ചേച്ചിയാണ് ഭക്ഷണം വാരി നൽകുന്നത്.
'മരുന്നിന് തന്നെ ലക്ഷങ്ങളാകും. അതൊന്നും ഞാൻ കരുതിയിട്ടില്ല, കുറച്ച് പരിപാടികൾ മുടങ്ങിപ്പോയിരുന്നു. പിരിവിനു വേണ്ടി പറയുന്നതല്ല. ചാനൽ പിന്തുണയ്ക്കണം. വിഡിയോയ്ക്ക് നല്ല വ്യൂസ് ഉണ്ടാകണം. എന്നാലേ മരുന്നൊക്കെ മേടിക്കാൻ സാധിക്കൂ. ബിഗ് ബോസിലെ ആളുകളൊക്കെ വിളിക്കുന്നുണ്ട്. ഞാനിങ്ങനെ ഇരിക്കുന്നുവെന്നെ ഒള്ളൂ. എവിടെ നിന്നോ കിട്ടിയ ധൈര്യമാണിത്. പണ്ടേ ഞാൻ ഇങ്ങനെയാണ്. മനക്കരുത്ത് ഉണ്ട്, ബാക്കിയുള്ളത് ദൈവത്തിന്റെ കയ്യിലാണ്', എന്നും രേണു സുധി വ്യക്തമാക്കി.