raghavendra-rao

TOPICS COVERED

മുതിര്‍ന്ന തെലുങ്ക് സംവിധായകന്‍ കെ. രാഘവേന്ദ്ര റാവുവിനെതിരെ വിമര്‍ശനം. സംവിധായകൻ അനിൽ രവിപുടി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ പൂജ ചടങ്ങിനിടെ നായികമാരെ അനാവശ്യായി സ്പര്‍ശിച്ചു എന്നാരോപിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം കടുക്കുന്നത്. 

സംവിധായകൻ അനിൽ രവിപുടി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ പൂജ ചടങ്ങ് ജൂൺ 18-ന് ഹൈദരാബാദിൽ വച്ച് നടന്നിരുന്നു. ചടങ്ങിലേക്ക് സംവിധായകൻ കെ. രാഘവേന്ദ്ര റാവുവിനെ ക്ഷണിച്ചിരുന്നു. ഫോട്ടോ എടുക്കുന്നതിനായി നടിമാരെ നിർത്തിയപ്പോൾ, രാഘവേന്ദ്ര റാവു നടി കീർത്തി സുരേഷിന്റെ കൈയിൽ ബലമായി പിടിച്ചുനിര്‍ത്തുന്നത് വിഡിയോയില്‍ കാണാം. പിന്നീട് നടി കൃതി ഷെട്ടിയുടെ കൈയിലും ഇദ്ദേഹം പിടിച്ചുവലിച്ച് നിര്‍ത്തിയിരുന്നു. കൂടാതെ ചിത്രത്തിലെ നായകന്മാരായ വെങ്കിടേഷ്, കല്യാൺ റാം എന്നിവരോട് നടിമാരുടെ തോളിൽ കൈവെച്ച് നിൽക്കാൻ രാഘവേന്ദ്ര റാവു ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്

ചടങ്ങിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾക്കാണ് വഴിവച്ചത്. സ്ത്രീകളുടെ സമ്മതമില്ലാതെ അവരെ പൊതുവേദിയിൽ വെച്ച് ഇത്തരത്തിൽ സ്പർശിക്കാൻ സംവിധായകന് ആരാണ് അധികാരം നൽകിയത് എന്ന് പലരും എക്സിൽ ചോദിച്ചു.

മുൻപ് നടി നിഹാരികയോടും ഇത്തരത്തിൽ പെരുമാറിയ ദൃശ്യങ്ങളും പലരും പങ്കുവച്ചു. നായികമാരെ ഒബ്ജെക്ടിഫൈ ചെയ്യുന്ന തരത്തില്‍ പാട്ടുകള്‍ ചിത്രീകരിക്കുന്ന രാഘവേന്ദ്രയുടെ ശൈലിയും പലരും ചര്‍ച്ചാവിഷയമാക്കി.  

ENGLISH SUMMARY:

Veteran Telugu director K. Raghavendra Rao is facing severe backlash on social media for allegedly touching actresses Keerthy Suresh and Krithi Shetty inappropriately during a movie launch in Hyderabad. The viral video has sparked intense criticism online, with many questioning the director's behavior and raising concerns over the safety and respect of women in the film industry.