vijay-yesudas

മലയാളം കുറച്ച് ബുദ്ധിമുട്ടാണ്. പല വാക്കുകളും അക്ഷരങ്ങളും പഠിച്ചെടുക്കാന്‍ തന്നെ ഏറെ ബുദ്ധിമുട്ടാണ്. മലയാളം പാട്ടാണെങ്കിലോ സംസാരത്തിലേറെ കഠിനം. ഇന്ത്യയിലെ തന്നെ മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ സ്ഫുടതയോടെ മലയാളം പാടാന്‍ ബുദ്ധിമുട്ടുമ്പോള്‍ അനായാസമായി മലയാളം പാട്ടുപാടി കയ്യടി നേടുകയാണ് ഒരു ആഫ്രിക്കന്‍ ഗായകന്‍. 

ഇന്ത്യന്‍ സിനിമാ ഗാനങ്ങള്‍ അനായാസം പാടി ഇന്‍സ്റ്റാഗ്രാമില്‍ കയ്യടി നേടുന്ന ആഫ്രിക്കന്‍ ഗായകനാണ് ഫസല്‍. ഇപ്പോഴിതാ 2012ലെ മോഹന്‍ലാല്‍ സിനിമയായ ഗ്രാന്‍ഡ്മാസ്റ്ററിലെ അഴകേ വാ എന്ന ഗാനം പാടി അസ്വാദകരുടെ പ്രശംസ നേടുകയാണ് ഫസല്‍. ഏറെ ബുദ്ധിമുട്ടേറിയ ഗാനം ഏറെ അനായാസമായി ആത്മാവില്‍ തട്ടിയാണ് ഫസല്‍ പാടുന്നത്. പാട്ട് ഇന്‍സ്റ്റാഗ്രാമില്‍ വൈറലായതോടെ റീലിന് കമന്‍റുമായി നിരവധി പ്രമുഖര്‍ പ്രത്യക്ഷപ്പെട്ടു. 

ഇതിനിടെയാണ് പാട്ട് പാടിയ വിജയ് യേശുദാസും പാട്ടിന്‍റെ സംവിധായകനായ ദീപക് ദേവും കമന്‍റുമായി രംഗത്തുവരുന്നത്. ഫസലിന് നന്ദി. ഈ പാട്ട് വളരെ മനോഹമായാണ് താങ്കള്‍ പാടുന്നതെന്ന് വിജയ് യേശുദാസ് കമന്‍റ് ചെയ്തു. കമന്‍റില്‍ ദീപക് ദേവിനെ മെന്‍ഷന്‍ ചെയ്യാനും വിജയ് യേശുദാസ് മറന്നില്ല. ഇതോടെ ദീപക് ദേവും പാട്ടിന് കമന്‍റുമായി എത്തി. ഹൃദയം കൊണ്ടാണ് ഫസല്‍ പാടുന്നതെന്നും. പാട്ട് കേട്ട് തന്‍റെ ഹൃദയമുരുകിയെന്നും ദീപക് ദേവ് കമന്‍റിട്ടു. 

ഇതിനോടകം രണ്ട് മില്യണിന് മുകളില്‍ വ്യൂ ഫസലിന്‍റെ പാട്ടിന് കിട്ടിക്കഴിഞ്ഞു. സമാനമായ നിരവധി ഗാനങ്ങളാണ് ഫസല്‍ മനപ്പാഠമാക്കി പാടിയിരിക്കുന്നത്. കൂടുതലും ബോളിവുഡ് പാട്ടുകളാണെങ്കിലും ഇടയ്ക്ക് മലയാളവും തമിഴുമടക്കം ഒട്ടേറെ പാട്ടുകള്‍ ഫസല്‍ പാടുന്നുണ്ട്. 

ENGLISH SUMMARY:

African singer Fazal is captivating audiences by effortlessly singing difficult Malayalam songs. His rendition of the song 'Azhake Va' from the Mohanlal film Grandmaster has gone viral on Instagram, earning praise from prominent figures like Vijay Yesudas and Deepak Dev.