ഷെയ്ൻ നിഗം നായകനായി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത ‘ദൃഢം’ തന്റെ കഥ മോഷ്ടിച്ചുണ്ടാക്കിയതാണെന്ന ആരോണവുമായി ബിജെപി കൗൺസിലറും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ. ‘ദൃഢം’ മാത്രമല്ല ‘ഭൂതകാലവും’ തന്‍റെ കഥയുടെ മോഷണമാണെന്നും ശ്രീലേഖ ആരോപിക്കുന്നുണ്ട്. ഭൂതകാലത്തിന്റെ തലക്കെട്ടിൽ പോലും സാമ്യമുണ്ടെന്നും ശ്രീലേഖ ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘ദൃഢം’ എന്ന സിനിമ കണ്ടു എന്ന് തുടങ്ങിയാണ് ശ്രീലേഖയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. പൊലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണെന്നും എന്നാല്‍ താന്‍ വർഷങ്ങൾക്കു മുൻപ് എഴുതി ഒരു ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘കരിങ്കുടി പൊലീസ് സ്റ്റേഷൻ’ എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥയെന്നും ശ്രീലേഖ പറയുന്നു. തന്‍റെ യൂട്യൂബ് ചാനലിലുള്ള കഥയുടെ ലിങ്കും ശ്രീലേഖ പങ്കുവച്ചിട്ടുണ്ട്.
‘ദൃഢം’ മാത്രമല്ല തന്റെ ചാനലിൽ മൂന്ന് വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് ‘ഭൂതകാലം’ എന്ന സിനിമയെന്നും ആരോപണമുണ്ട്. 'ഭൂത ഭവനം' എന്നായിരുന്നു താന്‍ ആ കഥയ്ക്ക് നല്‍കിയ പേരെന്നും തലക്കെട്ടിലും സാമ്യമുണ്ടെന്നും ശ്രീലേഖ അവകാശപ്പെടുന്നു. 2021 ലാണ് ഭൂതകാലത്തിന്‍റെ മൂലകഥ എന്ന് ശ്രീലേഖ അവകാശപ്പെടുന്ന കഥ ശ്രീലേഖ യൂട്യൂബില്‍ പങ്കുവച്ചിരിക്കുന്നത്. 2022 ലായിരുന്നു ഭൂതകാലത്തിന്‍റെ റിലീസ്.
ഈ രണ്ടു സിനിമകളും തമ്മിൽ മറ്റൊരു കണക്ഷൻ ഉണ്ടെന്നും രണ്ടിലെയും നായകൻ ‘ഷെയിൻ നിഗം’ ആണെന്നും ശ്രീലേഖ പറയുന്നുണ്ട്. ‘ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാൻ ഒരു സഹോദരനായി കണ്ടിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാൻ. പ്രത്യേകിച്ച് ദൃഡം എന്ന സിനിമയിൽ, പൊലീസ് വേഷത്തിൽ. മുഹമ്മദ് എന്ന പോലീസുദ്യോഗസ്ഥനാണ് കക്ഷി’– ശ്രീലേഖ കുറിച്ചു.