renu-sudhi

TOPICS COVERED

രേണു സുധിയെ രോഗം സാരമായി ബാധിച്ചെന്നും കഴിയുമെങ്കില്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്നും അഭ്യര്‍ഥിച്ച് ഫിറോസ് കെഎച്ച്ഡിഇസി. കോട്ടയം മെഡിക്കൽ കോളജിൽ തുടർ ചികിത്സ ആരംഭിക്കാനിരിക്കുകയാണെന്നും ഒരു നല്ല വാക്കും പ്രാർത്ഥനയും മരുന്നുകളേക്കാൾ വലിയ ആശ്വാസമാകാകുമെന്നും ഫിറോസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കൊല്ലം സുധിയുടെ കുടുംബത്തിന് വീടു വച്ചു നൽകിയ കെഎച്ച്ഡിഇസി ഗ്രൂപ്പിന്‍റെ സ്ഥാപകനാണ് ഫിറോസ്.

രേണു ഒരു വലിയ പോരാട്ടത്തിന്റെ നടുവിലാണെന്നും രോഗത്തോട് ധൈര്യത്തോടെ പൊരുതിക്കൊണ്ടിരിക്കുകയാണെന്നും ഫിറോസ് കുറിച്ചു. അസുഖം മുൻകൂട്ടി അറിഞ്ഞിട്ടും അതിന്റെ വേദനയും ഭയവും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ മനസ്സിൽ ഒതുക്കി ചികിത്സയുമായി മുന്നോട്ട് പോയ ഒരാളാണ് അവർ. ഈ സാഹചര്യത്തിൽ നെഗറ്റീവ് കമന്റുകളും പരിഹാസങ്ങളും ഒഴിവാക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു. ‘ജീവിതം എത്ര ദിവസം ബാക്കിയുണ്ടെന്ന് ആര്‍ക്കും അറിയില്ല. അതുകൊണ്ട് അവർക്ക് സന്തോഷം നൽകുന്ന റീലുകളും വിഡിയോകളും അവർ ചെയ്യട്ടെ. അവരുടെ ആ കുഞ്ഞു സന്തോഷങ്ങൾ അവർ ആഘോഷിക്കട്ടെ’െയന്നും ഫിറോസ് കുറിച്ചു.

രേണുവിന്‍റെ ചില പ്രതികരണങ്ങൾ മൂലം ജീവിതത്തിൽ താനടക്കം പലരും ഇതിനോടകം തന്നെ ഒരുപാട് വേദനകളും നഷ്ടങ്ങളും നേരിട്ടിട്ടുണ്ടെന്നും ഫിറോസ് പറയുന്നു. എന്നാല്‍ അതൊന്നും മനസിൽ വെച്ച് പ്രതികാരം ചെയ്യാനോ, രേണുവിന്‍റെ അസുഖവിവരം അറിഞ്ഞ് സന്തോഷിക്കാനോ തന്റെ മനസ് അനുവദിക്കുന്നില്ല. കാരണം ഇന്നല്ലെങ്കിൽ നാളെ നമ്മളൊക്കെയും ഈ ഭൂമിയോട് വിടപറയേണ്ടവരാണെന്നും ഫിറോസ് പറയുന്നുണ്ട്.

‘അവർക്ക് സഹതാപം ആവശ്യമില്ലെന്ന് എനിക്കറിയാം. പക്ഷേ ഒരു മനുഷ്യനെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് അവരെ ഉപദ്രവിക്കാതിരിക്കുക എന്നതാണ്. ഇഷ്ടമില്ലെങ്കിൽ അവരുടെ വിഡിയോകൾ അവഗണിക്കാം. പക്ഷേ ദയവായി വേദനിപ്പിക്കരുത്. കഴിയുമെങ്കിൽ അവർക്ക്‌ വേണ്ടി പ്രാർഥിക്കൂ. ചിലപ്പോൾ ഒരു നല്ല വാക്കും ഒരു പ്രാർത്ഥനയും മരുന്നുകളേക്കാൾ വലിയ ആശ്വാസമാകാറുണ്ട്. രേണുവിന് ശക്തിയും ധൈര്യവും ലഭിക്കട്ടെ. ഈ പോരാട്ടത്തിൽ അവർ വിജയിക്കട്ടെ’– ഫിറോസ് കുറിപ്പ് അവസാനിപ്പിക്കുന്നു. 

ദിവസങ്ങള്‍ക്ക് മുമ്പ് രേണുവിന് സ്തനാർബുദമാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ദുബായിൽ പ്രമോഷനായി പോയപ്പോൾ അവിടെ വച്ച് നടന്ന പരിശോധനയിലാണ് രോ​ഗം കണ്ടെത്തിയതെന്നും നാലാത്തെ സ്റ്റേജിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ ഇതുവരെയും തന്റെ അസുഖത്തെ കുറിച്ച് രേണു തുറന്ന് പറ‍ഞ്ഞിട്ടില്ല. എന്നാല്‍  കഴിഞ്ഞ ദിവസം സഹോദരിക്കും മറ്റ് ബന്ധുക്കൾക്കും ഒപ്പം ആശുപത്രിയിൽ പോയതിന്റെ വിഡിയോ രേണു പങ്കുവച്ചിരുന്നു.

ENGLISH SUMMARY:

Renu Sudhi is reportedly facing a critical health battle, with reports confirming she is battling stage four breast cancer. Firoz KHDIC, founder of the group that previously supported the family of the late Kollam Sudhi, recently took to social media to share the news and request public prayers for her recovery. According to Firoz, Renu is scheduled to begin follow-up treatment at the Kottayam Medical College Hospital. Despite the severity of her diagnosis, Firoz emphasized that Renu has been courageously managing her pain in silence to avoid worrying others. He also urged the public to refrain from posting negative comments or mockery regarding her social media content, stressing the importance of empathy during this challenging time. Ultimately, his appeal serves as a reminder to prioritize compassion and humanity, as he calls for collective prayers to support her throughout her recovery process.