വാക്കുകളല്ല, ക്യാമറയ്ക്ക് മുന്നിലെത്തുന്ന ഒരാളുടെ ശരീരഭാഷയും കണ്ണുകളുമാണ് അയാളിലെ നടനെ അടയാളപ്പെടുത്തുന്നത് എന്ന് വിശ്വസിക്കുന്നവരാണ് ഓരോ സിനിമാപ്രേമിയും. അത്തരത്തിൽ ഒരു ഡയലോഗ് പോലും പറയാതെ, വെറും സ്ക്രീൻ പ്രെസെൻസ് കൊണ്ട് മാത്രം സിനിമാ ആസ്വാദകരുടെ ഉള്ളിൽ ഇടം നേടിയ ഒരു മലയാളി മുഖമുണ്ട് ഷിബിൻ എസ്. രാഘവ്.
വലിയ ഹൈപ്പുകളില്ലാതെ തിയേറ്ററുകളിലെത്തിയ 'ലോക ചാപ്റ്റർ 1' എന്ന സിനിമ കണ്ടവരാരും അതിലെ 'നോബഡി' എന്ന നിശബ്ദ കഥാപാത്രത്തെ മറക്കാനിടയില്ല. ഒരു വാക്ക് പോലും ഉച്ചരിക്കാതെ, നിഗൂഢത നിറഞ്ഞ ഭാവങ്ങൾ കൊണ്ട് ആ സിനിമയിൽ ഷിബിൻ നടത്തിയ പ്രകടനം മലയാളികൾക്കിടയിൽ മാത്രമല്ല ലോക കണ്ടിറങ്ങിയ ഓരോരുത്തരും ചർച്ച ചെയ്തതാണ്.
രൂപത്തിലും ഭാവത്തിലും പുലർത്തുന്ന ഈ വ്യത്യസ്തത തന്നെയാണ് ഒരു വലിയ ഇടവേളയ്ക്ക് ശേഷം ടോളിവുഡിന്‍റെ ഒരു വലിയ ക്യാൻവാസിലേക്ക് ഈ മലയാളി യുവാവിന് വഴിതുറന്നതും. മെഗാ പവർ സ്റ്റാർ രാം ചരൺ നായകനായ 'പെദ്ധി' എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമ ഒട്ടാകെ ഉറ്റുനോക്കുന്ന ഒരു പേരായി ഷിബിൻ ഇപ്പോൾ മാറിയിരിക്കുന്നു.
ബുച്ചിബാബു സന ഒരുക്കിയ ഈ സ്പോർട്സ് ഡ്രാമയിൽ 'തലാരി ആബ്രോസ്' എന്ന ക്രിക്കറ്റ് താരമായിട്ടാണ് ഷിബിൻ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. വിൻഡീസ് ഇതിഹാസ ബൗളർമാരെ ഓർമ്മിപ്പിക്കുന്ന ആറ്റിറ്റ്യൂഡും, മൈതാനത്തെ തീപ്പാറുന്ന ബൗളിംഗ് സ്റ്റൈലും കൊണ്ട് തിയേറ്ററുകളെ അക്ഷരാർത്ഥത്തിൽ ആവേശത്തിലാഴ്ത്താൻ ഈ മലയാളി യുവാവിന് സാധിച്ചു. വെറുമൊരു അതിഥി വേഷം എന്നതിനപ്പുറം, സിനിമയുടെ വൈകാരികമായ വഴിത്തിരിവുകളിൽ രാം ചരണിന്റെ കഥാപാത്രത്തിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന പെർഫോമൻസ് ആണ് ഷിബിൻ കാഴ്ചവെച്ചിരിക്കുന്നത്.
മോഡലിംഗ് പശ്ചാത്തലത്തിൽ നിന്നും തന്റെ കഠിനാധ്വാനം കൊണ്ട് മാത്രം സിനിമാലോകത്തേക്കെത്തിയ ഷിബിൻ, തനിക്ക് ലഭിച്ച വലിയ ജനപ്രീതിയിൽ സന്തോഷത്തിലാണ്. സിനിമ തിയേറ്ററുകളിൽ ഒരു തരംഗം തന്നെ സൃഷ്ടിക്കുമ്പോൾ തന്നിലെ പ്രതിഭയെ വിശ്വസിച്ച് ഇത്രയും വലിയൊരു വേഷം ഏൽപ്പിച്ച സംവിധായകനോടും സഹപ്രവർത്തകരോടും ഷിബിൻ നന്ദി പറയുന്നു. വാക്കുകളേക്കാൾ ശക്തമാണ് തന്റെ സ്ക്രീൻ പ്രെസെൻസ് എന്ന് വീണ്ടും തെളിയിച്ച നമ്മുടെ 'നോബഡി', വരും ദിവസങ്ങളിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ തിരക്കുള്ള ഒരു നടനായി മാറാൻ കാത്തിരിക്കാം.