salim-kumar-hd

ഈ കഥ 90സ് കിഡ്സിന് നന്നായി റിലേറ്റ് ചെയ്യാൻ പറ്റും. കരിയറിന്റെ പീക്കിലുള്ള താരങ്ങളും ഹിറ്റുകളുടെ സംവിധായകനും ചേരുന്നൊരു സിനിമ. തുടക്കം മുതൽ കോമഡി രംഗങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച് മുന്നേറുന്ന കഥയ്ക്കിടെ വെറും 15-ാം മിനിറ്റിൽ 'ഉമാകാന്തൻ' എന്ന കഥാപാത്രത്തിന് വെട്ടേൽക്കുന്നു. പിന്നെ അയാളെ കാണാനില്ല. ഇനി സിനിമയിൽ ഉണ്ടാവില്ലെന്ന് കരുതി പ്രേക്ഷകർ സങ്കടപ്പെടുമ്പോൾ, 35-ാം മിനിറ്റിൽ 'ഉമാകാന്തൻ' വീണ്ടും തിരിച്ചെത്തുന്നു. അയാൾ മരിച്ചിട്ടില്ലായിരുന്നു. വെറും 15 മിനിറ്റ് കൊണ്ടൊരു കഥാപാത്രം അത്രത്തോളം ഇംപാക്ട് സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അതിന് ഒരു കാരണം മാത്രമേയുള്ളൂ — ഉമാകാന്തനെ അവതരിപ്പിച്ചത് സലിം കുമാർ എന്ന നടനായിരുന്നു. സിനിമയുടെ പേര് 'പാണ്ടിപ്പട'.

mayavi

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ സലിം കുമാർ സ്വന്തമായി നിർമ്മിച്ചെടുത്ത ഒരു "പേഴ്സോണ"യുണ്ട്. 'ഉമാകാന്തനാ'യി സലിം കുമാറിനെ സ്ക്രീനിൽ കാണുന്ന നിമിഷം തന്നെ ആ കഥാപാത്രത്തിൽ പ്രേക്ഷകർ വിശ്വസിക്കുന്നു. കാരണം, അതിന് മുമ്പ് തന്നെ അദ്ദേഹം നേടിയെടുത്ത വിശ്വാസ്യതയാണ്. സലിം കുമാർ തന്റെ കഥാപാത്രങ്ങളിലേക്ക് കൊണ്ടുവന്നതും ആ കരിസ്മ തന്നെയായിരുന്നു. അതുകൊണ്ടാണ് വർഷങ്ങൾ കഴിഞ്ഞിട്ടും ആ കഥാപാത്രങ്ങൾ ഓർമയിൽ നിന്ന് മായാതെ നിൽക്കുന്നത്.

റിയലിസ്റ്റിക് കഥകളും മിനിമലിസ്റ്റിക് അവതരണങ്ങളും കൊണ്ട് ചർച്ച ചെയ്യപ്പെടുന്ന മലയാള സിനിമയിലാണ് സലിം കുമാർ തന്റെ ഓവർ ദി ടോപ്പ് കഥാപാത്രങ്ങളുമായി ഒരു സമാന്തര ലോകം സൃഷ്ടിച്ചത്. അതിന്റെ സുവർണകാലമായിരുന്നു 2000-ങ്ങൾ. നിത്യജീവിതത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളെക്കുറിച്ച് നമ്മൾ പലപ്പോഴും സംസാരിക്കാറുണ്ട്. എന്നാൽ സലിം കുമാറിന്റെ കാര്യത്തിൽ അത് നേരെ തിരിച്ചാണ്. ഒരു പിരി ലൂസായ പ്യാരിയെപ്പോലെയോ, മണവാളനെപ്പോലെയോ, രാജാക്കണ്ണിനെപ്പോലെയോ, കണ്ണൻ സ്രാങ്കിനെപ്പോലെയോ, ഡാൻസ് മാസ്റ്റർ വിക്രമിനെപ്പോലെയോ ഒരാളെ യഥാർത്ഥ ജീവിതത്തിൽ നമ്മൾ കണ്ടുമുട്ടാൻ സാധ്യതയില്ല. ഒരു നോട്ടം, മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ, ചില വാക്കുകൾ, ചില ഭാഷാപ്രയോഗങ്ങൾ — അവ സിനിമയുടെ പരിധി കടന്ന് ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിത്തീർന്നു.

pulival-kallyanam

അങ്ങനെ നോക്കുമ്പോൾ സലിം കുമാർ സ്വന്തമായി ഒരു 'സിനിമാറ്റിക് യൂണിവേഴ്സ്' തന്നെ സൃഷ്ടിച്ചിട്ടുണ്ട്. 'അലങ്കോല പണി', 'അത്യാഗ്ര വിഭാഗം', 'ഉസ്താദ് അലവലാതി ഖാൻ', 'ഐ ആം ദ സോറി അളിയാ' എന്നിങ്ങനെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പറഞ്ഞ പല പ്രയോഗങ്ങളും ഇന്നും മലയാളികളുടെ നിത്യസംസാരത്തിന്റെ ഭാഗമാണ്.

'യെസ് യൂ കാൻ എക്സാമിനേഷൻ...'

'അൽ ഫത്തലു...'

'അവന്മാർക്ക് ചേഞ്ച് വേണമത്രേ...'

'ദൈവമേ മൂർഖനെ ആണല്ലോ ചവിട്ടിയത്...' ഒരു തലമുറയുടെ സംസാരഭാഷയുടെ ഭാഗമായ വാക്കുകളാണ്.

സലിം കയ്യില്‍ നിന്നിടുന്ന ഇമ്പ്രൊവൈസേഷനില്‍ ഷോട്ടില്‍ ചിരിക്കാതിരിക്കാന്‍ സഹതാരങ്ങള്‍ പാട് പെട്ടിട്ടുണ്ട്. 'കല്യാണ രാമന്‍' ഷൂട്ടിനിടയ്​ക്ക് എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ എന്ന് ഞാനൊന്ന് പറഞ്ഞോട്ടെ, എന്നൊരു സജഷന്‍ സലിം കുമാര്‍ വച്ചപ്പോള്‍

ആര്‍ക്കും ചിരിയില്ലായിരുന്നു, ഒടുവില്‍ ഷാഫിയുടെ പിറകെ നടന്ന് സലിം ആ ഡയലോഗ് ഷോട്ടില്‍ ഉള്‍പ്പെടുത്തി. ഇന്നും മലയാളി പല സന്ദര്‍ഭങ്ങളിലും മലയാളി ഏറ്റുപറയുന്നു, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍. 

'മായാവി'യില്‍ 'മഹി'യെ കണ്ട് പേടിച്ച് പുഴയിലേക്ക് ചാടിയ 'കണ്ണന്‍ സ്രാങ്കി'നെ മീം മറ്റീരിയലാക്കിയതും സലിം കുമാറിന്‍റെ സ്പോട്ട് ഐഡിയ ആണ്. നാട്ടിലെ പെണ്ണുങ്ങള്‍ മീന്‍ പിടിക്കാനും പുഴ കടക്കാനും ഉപയോഗിക്കുന്ന ട്രിക്ക് ഇവിടെ പ്രയോഗിച്ചാലോ, സലിമിന്‍റെ സജഷന്‍ ഷാഫിക്കും ബോധിച്ചു, രാവിലെ തീര്‍ക്കേണ്ട രംഗം സലിം കുമാറിനായി പൈപ്പ് ഉണ്ടാക്കി ഉച്ചക്ക് എടുത്തു, വെള്ളമെടുക്കാന്‍ വന്ന പെണ്ണിനെ കത്തി കാട്ടി പേടിപ്പിച്ച ആ കുടുവുമായി വെള്ളത്തില്‍ ചാടിയ ഗുണ്ടയെ കണ്ട് ഇന്നും നാം ചിരിക്കുന്നു. 

kannan-srangu

ഇംഗ്ലീഷ് ഭാഷയ്ക്കു പോലും സലിം കുമാർ സ്വന്തമായി ഒരു വ്യാകരണം ഉണ്ടാക്കി. "ഹോം അപ്ലയൻസ് ഓഫ് ദി ടു ഫാമിലി, യു ആർ ദി ലിങ്ക്", "ഐ ആൾസോ ഫെയിൽഡ് ഓഫ് യു", "ഇമ്മോറൽ ട്രാഫിക് ആൻഡ് വിഡിയോ പൈറസി ഓഫ് ഇന്ത്യ", "ബ്യൂട്ടിഫുൾ പീപ്പിൾ" — നിഘണ്ടുവിൽ ഇല്ലാത്ത ആ ഇംഗ്ലീഷ് പ്രയോഗങ്ങൾ, മലയാളികളുടെ ചിരിയുടെ നിഘണ്ടുവിൽ സ്ഥിരം ഇടം പിടിച്ചു.

മലയാളികൾ ചിരിക്കുമ്പോഴും കളിയാക്കുമ്പോഴും ട്രോളുമ്പോഴും അറിയാതെ ആവർത്തിക്കുന്ന പല വാക്കുകളും അദ്ദേഹത്തിന്‍റേതാണ്. സലിം കുമാർ എന്ന നടൻ വിടപറഞ്ഞിരിക്കാം. പക്ഷേ മലയാളികൾ ചിരിക്കുന്നിടത്തോളം കാലം അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്കും ഡയലോഗുകൾക്കും മരണമില്ല.

ENGLISH SUMMARY:

Salim Kumar's iconic characters have created a unique 'cinematic universe' within Malayalam cinema, resonating deeply with audiences. His memorable dialogues and comedic timing, showcased in films like 'Pandipatta,' continue to be a cherished part of Malayali culture and conversation.