പെരുമ്പാവൂരിലെ അതിഥി തൊഴിലാളികളുടെ പരസ്യ മയക്കുമരുന്ന് ഉപയോഗം തുറന്നുകാണിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. 'പെരുമ്പാവൂര്‍ സ്റ്റോറീസ്' എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വിഡിയോ ആണ് കേരള പൊലീസിനെ ടാഗ് ചെയ്ത് ഉണ്ണി മുകുന്ദന്‍ പങ്കുവച്ചത്. വിഡിയോയില്‍ യുവാക്കള്‍ പരസ്യമായി കയ്യില്‍ ഇന്‍ജെക്ഷന്‍ ചെയ്യുന്നതും സിറിഞ്ച് കൊണ്ടുനടക്കുന്നതും കാണാം.
പിന്നാലെ വിഡിയോ കേരള പൊലീസിന് അയച്ചുകൊടുത്തതിന്‍റെ സ്ക്രീന്‍ ഷോര്‍ട്ടും നോട്ടെഡ് എന്ന് ലഭിച്ച റിപ്ലെയും ഉണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്ക്രീന്‍ ഷോര്‍ട്ട് പങ്കുവച്ചതോടെ ഉണ്ണി മുകുന്ദനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. കലാകാരന്മാര്‍ക്ക് സാമൂഹിക പ്രതിബന്ധത ഉണ്ടാവേണ്ടത് പ്രധാനമാണെന്നും ഉണ്ണി മറ്റുള്ളവര്‍ക്കും മാതൃകയാണെന്നും സോഷ്യല്‍ മീഡിയ പ്രശംസിച്ചു.
പെരുമ്പാവൂരിൽ ലഹരി ഉപയോഗവും മയക്കുമരുന്ന് കടത്തും വലിയ സാമൂഹിക പ്രശ്നമായി മാറിയിട്ടുണ്ട്. കോളനികളും നഗരത്തിന്റെ വിവിധ ഭാഗങ്ങളും കേന്ദ്രീകരിച്ച് പരസ്യമായി തന്നെ ഹെറോയിൻ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ, സിന്തറ്റിക് ഡ്രഗ്ഗുകൾ എന്നിവയുടെ ഉപയോഗം വർധിക്കുകയാണ്. അതിഥി തൊഴിലാളികളുടെ ലഹരി ഉപയോഗത്തില്‍ നാട്ടുകാരും വലയുകയാണ്.