spa-radhika

TOPICS COVERED

എബ്രിഡ് ഷൈനിന്‍റെ സംവിധാനത്തിൽ പുറത്തു വന്ന ചിത്രം സ്പാ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയാണ്. സമൂഹം ചർച്ച ചെയ്യാൻ മടിക്കുന്ന വിഷയങ്ങളും, അഡൾട്ട് കോമഡിയും കൈകാര്യം ചെയ്ത ചിത്രത്തിലെ ബോള്‍ഡ് രംഗങ്ങളാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി വക്കുന്നത്. മനോരമ മാക്സിലാണ് സ്പാ സ്ട്രീം ചെയ്യുന്നത്. 

ചിത്രത്തിലെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവക്കുകയാണ് നടി രാധിക രാധാകൃഷ്ണന്‍. ഒരു സ്പായും അവിടെ ‘ഹാപ്പി എൻഡിങ്’ നൽകുന്ന കുറച്ചു തെറാപ്പിസ്റ്റുകളും എന്ന രീതിയിൽ കഥ കേട്ടപ്പോൾ തനിക്ക് മടിയുണ്ടായിരുന്നുവെന്നും എബ്രിഡ് ഷൈനിനെ വിശ്വസിച്ച് സിനിമയിലേക്ക് വരികയായിരുന്നുവെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ രാധിക പറഞ്ഞു. 

'ഷൈൻ സർ തിരക്കഥ എഴുതിയ 'റേച്ചൽ' മുൻപ് ചെയ്തിട്ടുള്ളതുകൊണ്ട് സാറിന്‍റെ കൂടെ വർക്ക് ചെയ്യാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു. 'റേച്ചൽ' കഴിഞ്ഞ് കുറച്ചു മാസങ്ങൾക്ക് ശേഷമാണ് 'സ്പാ'യിലേക്ക് വിളി വരുന്നത്. സർ ആദ്യം ഒരു ത്രെഡ് മാത്രമേ എന്നോട് പറഞ്ഞിരുന്നുള്ളൂ. ഒരു സ്പായും അവിടെ ‘ഹാപ്പി എൻഡിങ്’ നൽകുന്ന കുറച്ചു തെറാപ്പിസ്റ്റുകളും എന്ന രീതിയിൽ കഥ കേട്ടപ്പോൾ എനിക്ക് ചെയ്യാൻ ഒരിത്തിരി മടിയുണ്ടായിരുന്നു. എന്നാൽ പിന്നീട് സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് ഒരാഴ്ച മുൻപ് സർ വിളിച്ചു പറഞ്ഞു, "രാധികാ ഇത് എഴുതി വന്നപ്പോൾ ഭയങ്കര രസമായിട്ടുണ്ട്, രാധികയ്ക്ക് നന്നായിട്ട് പെർഫോം ചെയ്യാൻ പറ്റുന്നൊരു സംഭവമാണ്" എന്ന്. അങ്ങനെ സാറിനെ വിശ്വസിച്ച് ഞാൻ സിനിമയിലേക്ക് വരികയായിരുന്നു.

ഷൂട്ടിങ് തുടങ്ങിയതിനു ശേഷം ഭയങ്കര രസമായിരുന്നു, കാരണം ഒരുപാട് പെൺകുട്ടികൾ ഒരുമിച്ചുള്ള സെറ്റായിരുന്നു അത്. കാരവാനിൽ പോയിരിക്കുകയാണെങ്കിൽ പോലും എല്ലാവരും ഒരുമിച്ചായിരുന്നു. ഒരു കോളജ് ഹോസ്റ്റലിൽ ഫ്രണ്ട്സ് ഒന്നിച്ച് ഇരിക്കുന്ന ഒരു ഫീൽ ആണ് ആ സെറ്റിൽ ഉണ്ടായിരുന്നത്. മസാജ് ചെയ്യുന്ന ഷോട്ട് എടുക്കുമ്പോൾ ഷൈൻ സാർ ആവശ്യമില്ലാത്ത ഒറ്റ മനുഷ്യനെ ആ റൂമിൽ നിർത്തില്ലായിരുന്നു. ബാക്കി ടെക്നീഷ്യൻസ് ഒക്കെ ആണുങ്ങളായതുകൊണ്ട് ഒരു സ്ത്രീ ഒറ്റയ്ക്ക് അഭിനയിക്കുമ്പോൾ ബുദ്ധിമുട്ട് തോന്നാതിരിക്കാൻ അസോസിയേറ്റ് ഡയറക്ടറായ ആനന്ദിനി ബാല മുഴുവൻ സമയവും കൂടെയുണ്ടായിരുന്നു. 

ക്യാമറാമാൻ സ്വരൂപ് ഫിലിപ്പും സാറും ചേർന്നാണ് ഒട്ടും വൾഗാരിറ്റി ഇല്ലാതെ കാഴ്ചയ്ക്ക് മനോഹരമായി ആ സീനുകൾ ചെയ്തത്. സാധാരണയായി ആളുകൾ ചോദിക്കുക സ്ത്രീകളോടാണ് 'ബോൾഡ് ക്യാരക്ടർ' ചെയ്തോ എന്ന്. പക്ഷേ ഇതിൽ പുരുഷന്മാരോടാണ് അത് ചോദിക്കേണ്ടത്. അവരെല്ലാം വളരെ നന്നായി അഭിനയിച്ചു. പ്രശാന്തേട്ടന്‍റെ കൂടെയുള്ള രംഗമൊക്കെ വെറും ഒന്നര മണിക്കൂറിനുള്ളിൽ സർ ഡയലോഗ് എഴുതി പെട്ടെന്ന് എടുത്തതാണ്. വിനീതേട്ടന്‍റെ പെർഫോമൻസും അതിനോടൊപ്പമുള്ള ആ ഫ്ലാഷ്ബാക്ക് പാട്ടും ആളുകൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. യഥാർഥത്തിൽ ആ പാട്ട് ആദ്യം സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല. വിനീതിന്‍റെ മികച്ച പ്രകടനം കണ്ടതിന് ശേഷം സർ പിന്നീട് ചേർത്തതാണ്,' രാധിക പറഞ്ഞു. 

ENGLISH SUMMARY:

Spa movie discussions are taking place on social media after its release, with actress Radhika Radhakrishnan sharing her shooting experiences. She revealed her initial hesitation about the film's adult comedy and bold scenes but trusted director Abrid Shine, leading to her involvement in the project.