ഭാര്യയുടെ പിറന്നാള്‍ ആഘോഷമാക്കി മലയാളികളുടെ പ്രിയനടൻ മോഹന്‍ലാല്‍. ഭാര്യ സുചിത്രയുടെ അറുപതാം പിറന്നാൾ അടുത്ത സുഹൃത്തുക്കൾക്കൊപ്പമാണ് ഇരുവരും ആഘോഷിച്ചത്. സന്തതസഹചാരിയും പ്രമുഖ നിർമ്മാതാവുമായ ആന്‍റണി പെരുമ്പാവൂരിന്‍റെ ഭാര്യ ശാന്തിയാണ് ജന്മദിനാഘോഷത്തിന്‍റെ ചിത്രങ്ങൾ വിഡിയോ രൂപത്തിൽ സോഷ്യൽ മീഡിയയില്‍ പങ്കുവച്ചത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വിഡിയോ ഇതിനോടകം തന്നെ സൈബറിടത്ത് വൈറലാണ്.
'ഏറ്റവും പ്രിയപ്പെട്ട സുചിച്ചേച്ചിക്ക് ജന്മദിനാശംസകൾ' എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. മോഹൻലാൽ, സുചിത്ര, ആന്‍റണി പെരുമ്പാവൂർ, ശാന്തി എന്നിവർ ഒരുമിച്ചുള്ള മനോഹരമായ നിമിഷങ്ങളും ശാന്തി പങ്കുവെച്ച വിഡിയോയിലുണ്ട്. സിംഗപ്പൂര് വച്ചായിരുന്നു ആഘോഷം. ശാന്തിയുടെ പോസ്റ്റിന് താഴെ സിനിമാ ലോകത്തെ പ്രമുഖരും ആരാധകരും ഉൾപ്പെടെ ഒട്ടേറെപ്പേരാണ് സുചിത്രയ്ക്ക് ജന്മദിനാശംസകൾ നേർന്നത്.
തന്‍റെ പ്രിയതമയ്ക്ക് ആശംസകള്‍ അറിയിച്ച് മോഹന്‍ലാലും പോസ്റ്റ് പങ്കുവച്ചിരുന്നു. 'പുഞ്ചിരി, കരുത്ത്, ദയ.. നിന്നെ നീയാക്കുന്ന എല്ലാ ചെറിയ കാര്യങ്ങൾക്കും. ജന്മദിനാശംസകൾ എന്‍റെ പ്രണയമേ', എന്നാണ് മോഹൻലാൽ കുറിച്ചത്. മോഹൻലാലിന്‍റെ പോസ്റ്റിന് താഴെ പിറന്നാൾ ആശംസയുമായി ആരാധകരുമെത്തി.