ലോകത്ത് ഒരാളെപ്പോലെ ഏഴുപേരുണ്ടാകും എന്നാണല്ലോ പൊതുവേ പറയാറുള്ളത്. ഇത്തരത്തില്‍ പ്രശസ്ത ചലച്ചിത്രതാരങ്ങളുമായി മുഖസാമ്യമുള്ളവര്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ നടൻ ദുൽഖർ സൽമാനോടുള്ള സാമ്യം കൊണ്ട് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് ഒരു യുവതി. ദുൽഖറിനോട് മുഖസാമ്യമുള്ള ‘യുവതി’ എന്നത് തന്നെയാണ് ഇക്കാര്യത്തില്‍ പലരേയും അമ്പരപ്പിച്ചത്.

എഴുത്തുകാരിയും സംരംഭകയുമായ സൗന്ദര്യ ബാലസുബ്രമണിയാണ് കഥയിലെ താരം. പലരും തന്നെ കാണാന്‍ ദുൽഖർ സൽമാനെ പോലെയാണെന്ന് സൂചിപ്പിച്ച് മെസേജ് അയക്കാറുണ്ടെന്ന് പറഞ്ഞ് സൗന്ദര്യ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയാണ് വൈറലായിരിക്കുന്നത്. തമാശ രൂപേണ, ആരാണ് ദുൽഖർ എന്നറിയാന്‍ ഗൂഗിളില്‍ തിരയുന്നതും ദുല്‍ഖറിന്‍റെ ഫോട്ടോയുമായി തന്‍റെ സാമ്യം ഒത്തുനോക്കുന്നതും എല്ലാം വിഡിയോയില്‍ ഉണ്ട്. ആളുകള്‍ ഈ സാമ്യം കണ്ടെത്തുമ്പോള്‍ സന്തോഷം തോന്നുന്നുണ്ടെന്നും ദുൽഖർ ഈ വിഡിയോ കാണുകയാണെങ്കിൽ. നമ്മൾ എന്നെങ്കിലും ഒരിക്കല്‍ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സൗന്ദര്യ പറയുന്നു.

സൗന്ദര്യ പങ്കുവച്ച വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഇതിനകം 7 മില്യണ്‍ ആളുകളാണ് കണ്ടിട്ടുള്ളത്. നിരവധി പേര്‍ കമന്‍റുകളുമായും എത്തുന്നുണ്ട്. ‘ചിരി കാണാന്‍ ശരിക്കും ദുല്‍ഖറിനെപ്പോലുണ്ട്, ചിരിക്കുമ്പോള്‍ 200% ദുല്‍ഖര്‍ സല്‍മാന്‍, ലുക്ക് മാത്രമല്ല... സംസാരവും സ്റ്റൈലും എല്ലാം ദുല്‍ഖര്‍, ആർക്കറിയാം, ഭാവിയിൽ ദുൽഖർ സൽമാന്റെ സഹോദരിയായി നിങ്ങള്‍ അഭിനയിച്ചാലോ?’ എന്നിങ്ങനെ നീളുന്നു വിഡിയോക്ക് താഴെയുള്ള കമന്‍റുകള്‍.

ആരാണ് സൗന്ദര്യ ബാലസുബ്രമണി?

അമേരിക്കയില്‍ താമസമാക്കിയ തമിഴ്നാട് സ്വദേശിയാണ് സൗന്ദര്യ ബാലസുബ്രമണി. ‘അഡ്മിറ്റഡ്, അൺഷാക്കിൾഡ്, 1000 ഡേയ്‌സ് ഓഫ് ലവ്’ എന്നീ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. കൂടാതെ അമേരിക്കയിലെ കുടിയേറ്റക്കാര്‍ക്കായുള്ള കമ്മ്യൂണിറ്റികളില്‍ ഒന്നായ ദി ക്യൂരിയസ് മാവെറിക് എൽ‌എൽ‌സിയുടെ സ്ഥാപകയുമാണ്. എൻ‌ഐ‌ടി ട്രിച്ചിയിൽ നിന്ന് സ്വർണ്ണ മെഡലും, ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഔട്ട്‌സ്റ്റാൻഡിങ് സ്റ്റുഡന്റ് സർവീസ് അവാർഡും നേടിയിട്ടുണ്ട്. 2019 ൽ ബിരുദാനന്തര ബിരുദം നേടിയ സൗന്ദര്യ സെയിൽസ്ഫോഴ്‌സിൽ പ്രൊഡക്റ്റ് മാനേജരായും ജോലി ചെയ്തിട്ടുണ്ട്.

ഡോപ്പുൾഗാങ്ങർ

ഡോപ്പുൾഗാങ്ങർ എന്ന ജർമൻ പദത്തിന് ഒരാളുടെ അതേ രൂപത്തിലുള്ള മറ്റൊരാൾ എന്നാണ് അർഥം. പരസ്പരം യാതൊരുവിധ ബന്ധവുമില്ലാത്ത, ലോകത്തിന്റെ വിവിധ കോണുകളിൽ ജീവിക്കുന്ന ആളുകൾക്ക് ഒരേപോലെയുള്ള മുഖച്ഛായയും രൂപവും ഉണ്ടാകാം ഇതിനെയാണ് ഡോപ്പുൾഗാങ്ങർ എന്ന് പറയുന്നത്. ഇവര്‍ക്ക് ജനിതകപരമായി ഒരു ബന്ധവുമുണ്ടാകില്ല.

ENGLISH SUMMARY:

A viral video featuring a striking female lookalike of popular actor Dulquer Salmaan has taken social media by storm. Soundarya Balasubramani, a US-based author and corporate entrepreneur of Tamil origin, shared the reel after repeatedly being told about her incredible facial resemblance to the star. The light-hearted clip, which shows her jokingly googling Dulquer to cross-match their features, has dynamically gathered over seven million views on Instagram. Netizens flooded the comments section, with many pointing out that her dynamic smile and speaking style hold a two-hundred-percent structural match to the actor. Beyond her sudden internet fame, Soundarya is an accomplished academic who holds a gold medal from NIT Trichy, a master's degree from Columbia University, and is the founder of an immigration community framework.