അസമിൽ നിന്ന് കേരളത്തിലെത്തി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയില്‍ തന്റേതായ സ്ഥാനം നേടിയ വ്യക്തിയാണ് ജാൻമണി ദാസ്. സോഷ്യൽമീഡിയയിൽ നിരന്തരം ട്രോളുകൾ നേരിടുന്ന ജാൻമണി, അത്തരം പരിഹാസങ്ങൾ തന്നെ ബാധിക്കാറില്ലെന്നും മറിച്ച് അതെല്ലാം ആസ്വദിക്കാറുണ്ടെന്നും താരത്തിന്‍റെ വെളിപ്പെടുത്തല്‍.
അവതാരകയും അടുത്ത സുഹൃത്തുമായ രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ജാൻമണിയുടെ പ്രതികരണം. ജാൻമണിയുടെ വാക്കുകളിങ്ങനെ, 'എനിക്ക് ട്രോളുകൾ കുഴപ്പമില്ല. അത് നല്ലതല്ലേ. ഞാൻ ആസ്വദിക്കാറുണ്ട്. നമ്മൾ ചിരിച്ചും കളിച്ചും ജീവിക്കണം. അടുത്ത തവണയാകുമ്പോഴേക്കും അതൊക്കെ മറന്നുപോകും'.
അന്തരിച്ച നടൻ കൊച്ചുപ്രേമന്റെ പേരിൽ തന്നെ കളിയാക്കുന്നതിനെ കുറിച്ചും താരം പ്രതികരിച്ചു. 'കൊച്ചുപ്രേമൻ എന്ന് വിളിച്ചാലും എനിക്ക് പ്രശ്നമില്ല. അദ്ദേഹം ഒരു മികച്ച കലാകാരനായിരുന്നു. പക്ഷേ ചില ട്രോളുകൾ അദ്ദേഹത്തെ തന്നെ അപമാനിക്കുന്ന തരത്തിലേക്ക് പോകുമ്പോൾ വിഷമം തോന്നാറുണ്ട്. അദ്ദേഹത്തിന്റെ കുടുംബവും അത് കാണുന്നുണ്ടാകില്ലേ?' എന്നാണ് ജാൻമണി ചോദിക്കുന്നത്.
കേരളം വിടാൻ തനിക്ക് യാതൊരു പദ്ധതിയുമില്ലെന്നും ജാൻമണി അഭിമുഖത്തില്‍ വ്യക്തമാക്കി. കേരളം വിട്ട് ബാംഗ്ലൂരിലേക്ക് പോകൂവെന്ന് പലരും കമന്റ് ചെയ്യാറുണ്ട്. പക്ഷേ ഞാൻ ബാംഗ്ലൂർകാരിയല്ല. ഞാൻ അസമീസാണ്, എന്നും താരം പറഞ്ഞു.
അസമിലെ ഗുവാഹത്തിയിൽ ജനിച്ച ജാൻമണി ഇന്ന് കേരളത്തിലെ ശ്രദ്ധേയ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളാണ്. മോഹൻലാൽ, മഞ്ജു വാര്യർ, നസ്രിയ നസീം, സാനിയ ഇയ്യപ്പൻ, രഞ്ജിനി ഹരിദാസ് തുടങ്ങി നിരവധി പ്രമുഖർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള താരം ബിഗ് ബോസ് മലയാളം സീസൺ 6-ലൂടെയാണ് കൂടുതൽ ജനപ്രീതി നേടിയത്.