ഹോളിവുഡിന്റെ വെള്ളിത്തിരയിൽ വശ്യതയുടെ പുതിയ സമവാക്യങ്ങൾ എഴുതിച്ചേർത്ത മർലിൻ മൺറോയ്ക്ക് ഇന്ന് ജന്മശതാബ്ദി. മൂന്നര പതിറ്റാണ്ട് മാത്രം നീണ്ട ജീവിതം കൊണ്ട് ലോകസിനിമയുടെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ച വിസ്മയം. ലോകം വാഴ്ത്തിപാടിയപ്പോഴും വിഷാദത്തിന്റേയും വിരഹത്തിന്റേയും തടവറകളിലായിരുന്നു മര്‍ലിന്‍. 

"നിങ്ങൾ എന്നെ നോക്കുമ്പോള്‍ കാണുന്നത് നിങ്ങളുടെ തന്നെ സങ്കൽപ്പങ്ങളിലെ എന്നെയാണ്..." ലോകം പുതിയവിളിപ്പേരുകള്‍ കൊണ്ടാഘോഷിച്ചപ്പോള്‍ മര്‍ലിന്‍ കുറിച്ച വരികളാണിത്. ആരാധകർക്ക് അവൾ 'മര്‍ലിന്‍ ' എന്ന സ്വപ്നസുന്ദരിയായിരുന്നു. എന്നാൽ ആ മുഖമൂടിക്കുള്ളിൽ വെറുമൊരു സാധാരണക്കാരിയായിരുന്നു; എഴുത്തിനെയും വായനയെയും പ്രണയിച്ച, ആരും കാണാതെ കരഞ്ഞ നോർമ ജീൻ മോർട്ടെൻസൺ.  1926 ജൂൺ ഒന്നിന് ലോസ് ആഞ്ചലസിലെ സാധാരണ കുടുംബത്തിൽ ജനനം. അച്‌ഛനില്ലാത്ത ബാല്യവും അമ്മയുടെ രോഗവും നോർമ ജീനിനെ അനാഥാലയങ്ങളിലെത്തിച്ചു. അവിടെ നിന്നുള്ള മോചനം കൊതിച്ച് പതിനാറാം വയസില്‍ വിവാഹം. മൂന്നു പേരുടെ ഭാര്യയായെങ്കിലും ജീവിതത്തിൽ ഏറെ സമയവും മർലിൻ തനിച്ചായിരുന്നു. ജനനം മുതല്‍ മരണം വരെ ബന്ധങ്ങളെല്ലാം മര്‍ലിന് ബന്ധനങ്ങളായിരുന്നു. ആ ബന്ധനങ്ങളില്‍ നിന്നുള്ള മോചനമായിരുന്നു മുപ്പത്താറാം വയസിലെ മരണം.'ജെന്റിൽമെൻ പ്രിഫർ ബ്ളോണ്ടസ് 'സം ലൈക്ക് ഇറ്റ് ഹോട്ട്''ഹൗ ടു മാരി എ മില്യണയര്‍തുടങ്ങിയ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലെ പകരം വെക്കാനില്ലാത്ത രാജ്ഞിയായി. ഗ്ലാമർ വേഷങ്ങളിൽ മാത്രം തളച്ചിടാൻ ഹോളിവുഡ് ശ്രമിച്ചപ്പോൾ, അതിനെതിരെ കലഹിച്ചു. കഠിനമായ അഭിനയമുറകൾ പഠിക്കാൻ സമയം കണ്ടെത്തി. പുരുഷാധിപത്യം നിറഞ്ഞ സ്റ്റുഡിയോ സംസ്കാരത്തോട് പൊരുതി സ്വന്തം സിനിമകൾ നിർമ്മിച്ചു. വെറുമൊരു 'ബ്ലോണ്ട്' സുന്ദരിയല്ല, മറിച്ച് ശക്തമായ നിലപാടുകളുള്ള ഒരു സ്ത്രീയാണെന്ന് തെളിയിച്ചു. നടിയെന്നതിനപ്പുറം, ഇരുപതാം നൂറ്റാണ്ടിന്റെ പോപ്പ് സംസ്കാരത്തെയും ഫാഷനെയും നിയന്ത്രിച്ച പ്രതിഭാസമായിരുന്നു മര്‍ലിന്‍. 

ആഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കുമിടയില്‍, 1962 ഓഗസ്റ്റ് നാലിന് മുപ്പത്തിയാറാം വയസ്സിൽ പ്രശസ്‌തിയുടെ നെറുകയിൽ നിൽക്കേ അകാലമരണം പ്രാപിച്ച മർലിൻ മാദകസൗന്ദര്യത്തിന്റെ ഹോളിവുഡ് ബിംബമായി. മറ്റൊരു നടിക്കും സാധ്യമാകാത്ത വിധം നിഗൂഢമായ സൗന്ദര്യാരാധനയ്‌ക്കു പാത്രമായി. ബ്രെന്റ് വുഡിലെ വീടും ശവകുടീരമായ വെസ്‌റ്റ് വുഡ് വില്ലേജ് മെമ്മോറിയൽ പാർക്കും ആരാധകർക്ക് തീർഥാടനകേന്ദ്രങ്ങളായി. മൺറോ വിടപറഞ്ഞിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും, അവരുടെ നൂറാം ജന്മദിനത്തിലും ആ വശ്യതയ്ക്ക് അല്പം പോലും മങ്ങലേറ്റിട്ടില്ല. വെള്ളിത്തിരയുള്ളിടത്തോളം കാലം ആ പുഞ്ചിരി ലോകത്തെ മോഹിപ്പിച്ചു കൊണ്ടേയിരിക്കും.

 

ENGLISH SUMMARY:

Marilyn Monroe's enduring charm continues to captivate audiences on her centennial, a testament to her profound impact on Hollywood and global pop culture. Despite a tragically short life, she transcended her image as a sex symbol to become a powerful symbol of resilience and artistic ambition.