'അജസുന്ദരി' ഷൂട്ടിങിനെത്തി സാധനം വാങ്ങി പണം നല്‍കാതെ സിനിമസംഘം പോയതില്‍ വിശദീകരണവുമായി സംവിധായകന്‍ ആഷിഖ് അബു. വിലങ്ങാട് നടന്ന ഷൂട്ടിങില്‍ ഭക്ഷണച്ചുമതലകള്‍ വടകര സ്വദേശിയായ എന്‍.സജിത്തിനെയാണ് ഏല്‍പ്പിച്ചിരുന്നത്. സാധനങ്ങള്‍ വാങ്ങുന്നതും, പ്രാദേശിക വ്യാപാരികളുടെ കുടിശ്ശിക തീര്‍ക്കുന്നതും സജിത്തിന്‍റെ ചുമതലയായിരുന്നു. 15 ബാങ്ക് ഇടപാടുകളിലായി 25 ലക്ഷം രൂപ സിനിമ സംഘം സജിത്തിന് കൈമാറിയിരുന്നു. എന്നാല്‍ അയാള്‍ വ്യാപാരികള്‍ക്ക് പണം നല്‍കാതെ മുങ്ങി.
വ്യാപാരികളുടെ പരാതി ശ്രദ്ധയില്‍പ്പെട്ടതോടെ സജിത്തിന് നല്‍കാനുള്ള അവസാന ഘഡു തടഞ്ഞുവച്ചെന്നും FEFKA, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവടങ്ങളില്‍ പരാതി നല്‍കിയെന്നും ആഷിഖ് അബു അറിയിച്ചു. കൂടാതെ ക്രമക്കേട് നടത്തിയതിന് കോഴിക്കോട് വളയം പൊലീസിലും പരാതി നല്‍കി.
നിയമപരമായ തെറ്റ് ആരുടെ ഭാഗത്തായാലും വിലങ്ങാടുള്ള ഓരോ വ്യാപാരിക്കും പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ഞങ്ങള്‍ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ബാധിക്കപ്പെട്ട വ്യാപാരികള്‍ക്ക് കിട്ടാനുള്ള തുക, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ശേഖരിക്കാന്‍ തുടങ്ങി. എല്ലാ കുടിശ്ശികകളും നേരിട്ട് തീര്‍പ്പാക്കും. വിലങ്ങാട് ജനങ്ങള്‍ ചിത്രീകരണവേളയില്‍ നല്‍കിയ വിശ്വാസവും സ്നേഹവും പിന്തുണയും വലുതാണെന്നും അവരെ ഒരിക്കലും കൈവിടില്ലെന്നും ആഷിഖ് അബു കുറുപ്പില്‍ കൂട്ടിച്ചേര്‍ത്തു.
പാലും, പഴവും, ചിക്കനും, തേങ്ങയുമടക്കം ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ വാങ്ങിയിട്ടു പണം തരാതെ സിനിമക്കാർ മുങ്ങിയതായാണു പരാതി ഉയര്‍ന്നത്. സ്വന്തം കടയിലെ സാധനങ്ങള്‍ തികയാതെ വന്നതോടെ കയ്യില്‍ നിന്നും പണമെടുത്ത് മറ്റിടങ്ങളില്‍ നിന്നും സാധനങ്ങളെടുത്താണ് ലൊക്കേഷനിലേക്ക് കച്ചവടക്കാര്‍ ഭക്ഷണം എത്തിച്ചത്. പണം കിട്ടാനുള്ളവരില് കാന്‍സര്‍ രോഗിയും വൃക്ക രോഗിയുമുണ്ട്. ഷൂട്ടിങ് പൂർത്തിയാക്കി മടങ്ങുമ്പോൾ നായകനായ ജോജു ജോർജ് കടയിലേക്ക് എത്തിയിരുന്നു. പണം നൽകുമെന്ന് ഉറപ്പ് നൽകിയിട്ടാണ് പോയതെന്നും വ്യാപാരികൾ പറയുന്നു.