സൂര്യ നായകനായ കറുപ്പ് വന്‍ വിജയമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആര്‍.ജെ.ബാലാജി സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തില്‍ 267 കോടി രൂപ നേടിയിരുന്നു. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം സൂര്യക്ക് ലഭിച്ച വമ്പന്‍ തിരിച്ചുവരവുമായി കറുപ്പ്. ചിത്രത്തില്‍ വിജയ് ആയിരുന്നു നായകനാവേണ്ടിയിരുന്നതെന്ന് പറയുകയാണ് ബാലാജി. കറുപ്പ് വിജയ്യുടെ അവസാന ചിത്രമായി ഇറങ്ങേണ്ടതായിരുന്നുവെന്നും എന്നാല്‍ കഥ കേട്ട ശേഷം അദ്ദേഹം പിന്മാറുകയായിരുന്നുവെന്നും ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ ബാലാജി പറഞ്ഞു.
'കറുപ്പ് അദ്ദേഹത്തിന്റെ അവസാന ചിത്രമാകേണ്ടിയിരുന്നതാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശനവും, ഏതായിരിക്കണം അവസാന പ്രൊജക്ട് എന്നതുമെല്ലാം ചർച്ചയായി. തനിക്ക് അനുയോജ്യമായ എന്തെങ്കിലും ഉണ്ടോ എന്ന് അദ്ദേഹം ചോദിച്ചതിനെത്തുടർന്ന് ഞാൻ രണ്ട് കഥകൾ അദ്ദേഹത്തോട് പറഞ്ഞു. എന്റെ ജോലിയോടും സർഗ്ഗാത്മകതയോടും കാണിക്കുന്ന വലിയൊരു ആദരവായിട്ടാണ് ഞാൻ അതിനെ കണക്കാക്കിയത്. ഞങ്ങള്‍ രണ്ടോ മൂന്നോ മീറ്റിങ് നടത്തിയിരുന്നു. കുറച്ച് കാലമെടുത്തു.
അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്നും അതിനാല്‍ അവസാന സിനിമ ഏതാകണം എന്നൊക്കെ ചര്‍ച്ച വന്നു. അദ്ദേഹത്തിന്റെ മുമ്പില്‍ മറ്റൊരു ഓപ്ഷനായി ഉണ്ടായിരുന്നത് എച്ച്.വിനോദ് ആയിരുന്നു. ഒരാഴ്ച കഴിഞ്ഞ് തീരുമാനം അറിയിക്കാമെന്ന് പറഞ്ഞു. പിന്നീട് വിളിക്കുകയും എന്തുകൊണ്ടാണ് പിന്മാറുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്,' ബാലാജി പറഞ്ഞു.
പിന്നീടാണ് കറുപ്പിന്റെ നിര്‍മാതാക്കളായ ഡ്രീം വാര്യര്‍ പിക്‌ചേഴ്‌സ് ഇതേ കഥ സൂര്യയോട് പറയാന്‍ ആവശ്യപ്പെട്ടതെന്നും ബാലാജി പറഞ്ഞു. വിജയ് ചെയ്തില്ലെങ്കിലും അദ്ദേഹം കഥ കേള്‍ക്കാന്‍ തയ്യാറായി. അതിനാലാണ് ഞാന്‍ അദ്ദേഹത്തിന് തുടക്കത്തില്‍ നന്ദി പറഞ്ഞത്. കഥ കേട്ട ശേഷം അദ്ദേഹം ചില ചോദ്യങ്ങള്‍ ചോദിച്ചു. അത് തിരക്കഥ മെച്ചപ്പെടുത്താന്‍ എന്നെ സഹായിച്ചിട്ടുണ്ട്. ആ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് കറുപ്പിന്റെ അന്തിമ തിരക്കഥ തയ്യാറാക്കിയതെന്നും ബാലാജി.