സാക്ഷി ധോണിയെ കണ്ടുമുട്ടിയ അപൂര്‍വ നിമിഷം പങ്കുവച്ച് നടന്‍ ജയറാം. ചെന്നൈയില്‍ ഐപിഎല്‍ കാണാനായി പോയപ്പോള്‍ സാക്ഷി തന്‍റെ കാലില്‍ വീണെന്നും മകള്‍ സിവ തന്‍റെ പാട്ട് കേട്ടാണ് ഉറങ്ങുന്നതെന്ന് പറഞ്ഞുവെന്നും സാക്ഷി പറഞ്ഞതായി ജയറാം വെളിപ്പെടുത്തി. സിനിമാ വികടന് നല്‍കിയ അഭിമുഖത്തിയിരുന്നു ജയറാമിന്‍റെ പരാമര്‍ശങ്ങള്‍.
'ഒരാഴ്ച മുൻപാണ് സംഭവം. ചെന്നൈയിൽ ഐപിഎൽ കാണാൻ പോയതായിരുന്നു. ഞാൻ എന്റെ സീറ്റിലിരിക്കുമ്പോൾ ധോണിയുടെ ഭാര്യ സാക്ഷി നടന്നുവരുന്നത് കണ്ടു. ഞാൻ കൂടെയിരുന്നയാളോട് രഹസ്യമായി പറഞ്ഞു അതാണ് ധോണിയുടെ ഭാര്യയെന്ന്. പക്ഷേ യഥാർത്ഥത്തിൽ അവർ എന്റെയടുത്തേക്കാണ് വന്നത്. ദൂരെനിന്ന് ഓടിവന്ന അവർ എന്റെ കാലിൽ വീണു. എന്റെ വലിയ ആരാധികയാണെന്ന് പറഞ്ഞു.
ഞാൻ അമ്പരന്നുപോയി. വേറെ ആരോ ആണെന്ന് വിചാരിച്ച് എന്റെ കാലിൽ വീണതാണോ എന്ന് സംശയിച്ചു. പക്ഷേ അവർക്ക് എന്നെ അറിയാമായിരുന്നു. അവരുടെ ആയ ഒരു മലയാളിയായിരുന്നു. അവർ ധോണിയുടേയും സാക്ഷിയുടേയും മകളായ സിവയ്ക്ക് ഞാനഭിനയിച്ച അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന ഗാനം സ്ഥിരമായി പാടിക്കൊടുക്കാറുണ്ടായിരുന്നു. ആ പാട്ടുകേട്ടാണ് ആ കുഞ്ഞ് ഉറങ്ങിയിരുന്നത്,' ജയറാം പറഞ്ഞു.