തലസ്ഥാനത്തെ എസ്എഫ്ഐ സമരത്തിന് പിന്നാലെ പരിഹാസവുമായി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. പൊലീസ് ലാത്തിചാര്‍ജില്‍ എസ്എഫ്ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് രഞ്ജിത്തിന്‍റെ പോസ്റ്റ് പുറത്തുവന്നത്. 'കഴിഞ്ഞ അഞ്ചു വർഷവും ജനങ്ങളെ ദുരിതത്തിലാക്കുന്ന ഒരു ഹർത്താൽ പോലും പ്രതിപക്ഷം നടത്തിയില്ല എന്ന പുതിയ കാല കാഴ്ചപ്പാടിന് ജനം നൽകിയ വിജയമാണ് ഈ ഭരണം. പാവപ്പെട്ടവരെ മാത്രം ബുദ്ധിമുട്ടിക്കുന്ന സമരങ്ങൾ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു,' എന്നാണ് രഞ്ജിത്ത് ശങ്കര്‍ കുറിച്ചത്. ഇതിനുമുന്‍പ് സമരം തുടങ്ങി, ആദ്യഹര്‍ത്താലിനായി കാത്തിരിക്കുന്നുവെന്നും രഞ്ജിത്ത് സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.
കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് രാത്രിയിൽ തലസ്ഥാനത്ത് എസ്എഫ്ഐ – കെഎസ്‌യു സംഘർഷമുണ്ടായത്. വോട്ടെണ്ണലിനിടെ, പരസ്പരം മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചിരുന്നവർ സെനറ്റ് വോട്ടെണ്ണൽ കൂടി കഴിഞ്ഞതോടെ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
സർവകലാശാല ആസ്ഥാനത്തിനു മുന്നിൽ ആരംഭിച്ച സംഘർഷം പാളയം പ്രധാന റോഡിലേക്കും നീണ്ടു. കെഎസ്‌യു എസ്എഫ്ഐ ഏറ്റുമുട്ടലിനു പിന്നാലെ എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ജലപീരങ്കി പ്രയോഗത്തിനു പിന്നാലെ പൊലീസ് ലാത്തിച്ചാർജ് നടത്തി. പൊലീസ് 4 തവണ കണ്ണീർവാതകം പ്രയോഗിച്ചു.