ബിസിനസിൽ നേരിട്ട വലിയ ചതിയെക്കുറിച്ചും തുടർന്നുണ്ടായ സാമ്പത്തിക, മാനസിക തകർച്ചയെക്കുറിച്ചും തുറന്നുപറഞ്ഞ് ഗായിക അഭിരാമി സുരേഷിന്‍റെ കുറിപ്പ് കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയിരുന്നു. ബിസിനസ്സിൽ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയ വ്യക്തി പണം നൽകാതെ മുങ്ങിയെന്നായിരുന്നു അഭിരാമിയുടെ വെളിപ്പെടുത്തല്‍. ഇതുകാരണം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കൂപ്പുകുത്തിയതെന്നും അഭിരാമി പറഞ്ഞു. കേസ് നടക്കുന്നതിനാൽ വഞ്ചിച്ചയാളുടെ പേരുവിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നില്ലെന്നും മാനസികമായി ഏറ്റ ആഘാതത്തിൽ നിന്ന് പതിയെ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും അഭിരാമി പറഞ്ഞിരുന്നു.

എങ്ങോട്ടാണ് അപ്രത്യക്ഷയായതെന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി പലരും ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും ഒളിച്ചിരിക്കുന്നത് അവസാനിപ്പിക്കാനുള്ള കരുത്ത് ഞാൻ സംഭരിച്ചതുകൊണ്ടാണ് എല്ലാം തുറന്നുപറഞ്ഞതെന്നും അഭിരാമി പറ​ഞ്ഞിരുന്നു. എന്നാല്‍ അഭിരാമിയുടെ തുറന്നുപറച്ചിലിന് പിന്നാലെ പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. അതിനാല്‍ തന്നെ താരം വീണ്ടും വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. തന്‍റെ തുറന്നുപറച്ചിലിനെ പ്രണയബന്ധമായി വ്യാഖ്യാനിക്കരുതെന്നും സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് നവ സംരംഭകരെ ബോധവല്‍ക്കരിക്കാനാണ് തുറന്നു സംസാരിച്ചതെന്നും അഭിരാമി വ്യക്തമാക്കി. വിഷയം പ്രണയമല്ല എന്ന് കുറിച്ചാണ് അഭിരാമി പോസ്റ്റ് പങ്കുവച്ചത്. 

'ഞാൻ അടുത്തിടെ നേരിട്ട സാഹചര്യത്തെക്കുറിച്ച് സംസാരിച്ചതിന്റെ ഏക ഉദ്ദേശം സംരംഭകരില്‍ ബോധവൽക്കരണം സൃഷ്ടിക്കാനായിരുന്നു, അവരും ഇത്തരം കുടുക്കുകളിൽ പെടാതിരിക്കാനായി. എന്നാല്‍ അത് ഒരു പ്രണയബന്ധമോ മാനസിക വിഷയമോ പോലെ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ്, അത് പൂർണമായും അസത്യമാണ്. ഇതൊരു സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയമായിരുന്നു. ഇവിടെ യാതൊരുവിധ പ്രണയബന്ധമോ വ്യക്തിപരമായ കാര്യങ്ങളോ ഇല്ല, അതിനാൽ ഇതിനെ ചുറ്റിപ്പറ്റി കെട്ടുകഥകൾ സൃഷ്ടിക്കുന്നത് നിർത്തണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. തുറന്നു സംസാരിച്ചതിന്റെ ഉദ്ദേശം ഗോസിപ്പുകൾക്ക് വഴിയൊരുക്കുക എന്നതല്ല, മറിച്ച് പ്രൊഫഷണൽ മേഖലകളിൽ പ്രവർത്തിക്കുന്ന ഇത്തരം തട്ടിപ്പുകാരെക്കുറിച്ച് ആളുകളെ ജാഗ്രതപ്പെടുത്താനായിരുന്നു,' അഭിരാമി കുറിച്ചു. 

ഈ വ്യക്തിയുമായി തനിക്ക് വ്യക്തിപരമായ ബന്ധമില്ലെന്നും പോസ്റ്റിനൊപ്പം അഭിരാമി കുറിച്ചു. ആറേഴുമാസം മുന്‍പ് തൊഴില്‍പരമായ സാഹചര്യത്തിലാണ് അദ്ദേഹത്തെ കണ്ടുമുട്ടിയത്. അതുകൊണ്ട് തൊഴില്‍പരവും സാമ്പത്തികവുമായ ഈ തട്ടിപ്പിനെ തകര്‍ന്ന പ്രണയ കഥയോ വഞ്ചനയോ ആയി വ്യാഖ്യാനിക്കരുത്. അത് വ്യാജവും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Abhirami Suresh, a Malayalam singer, has bravely spoken out about a significant financial fraud she experienced in her business venture. She aims to raise awareness among aspiring entrepreneurs about such scams and has clarified that her recent statements are not related to any romantic entanglement.