താരസംഘടന അമ്മ ഭരണസമിതി രാജിവയ്ക്കണമെന്ന് മാല പാർവതി. ശ്വേതയും കുക്കു പരമേശ്വരനും രണ്ട് തട്ടിലാണെന്നും അമ്മയിലെ വിഷയങ്ങൾ സംബന്ധിച്ച് അംഗങ്ങൾക്ക് ഒരു തരത്തിലുമുള്ള വിവരവും ലഭിക്കുന്നില്ലെന്നും മാല പാർവതി പറഞ്ഞു.
ഒരു വർഷം മുൻപ് വലിയ പ്രതീക്ഷയോടെ ചുമതലയേറ്റ ഭരണസമിതിക്കെതിരെ വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ തുടർച്ചയായി ഉയരുന്നത്. ഭാരവാഹികളിൽ ചിലർ രാജിവച്ചെന്ന വിവരങ്ങൾ പോലും സംഘടനയിലെ മറ്റ് അംഗങ്ങൾ അറിയുന്നത് ഓൺലൈൻ മാധ്യമങ്ങളിലൂടെയാണ്. ഔദ്യോഗികമായി യാതൊരു ആശയവിനിമയവും ഭരണസമിതിയുടെ ഭാഗത്തുനിന്ന് നടക്കുന്നില്ലെന്നും മാല പാര്‍വതി ആരോപിച്ചു.
സംഘടനയിലെ അംഗങ്ങൾക്കെല്ലാം തലതാഴ്ത്തി നിൽക്കേണ്ട ഗതികെട്ട അവസ്ഥയാണ് നിലവിലുള്ളത്. ഭരണസമിതി പൂർണ്ണമായും പിരിഞ്ഞുപോകണമെന്നും സ്വയം രാജിവച്ച് ഒഴിയണമെന്നും മാലപാര്‍വതി പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങളല്ല, മറിച്ച് ഒരു വലിയ സംഘടനയെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഭരണസമിതിയുടെ കഴിവില്ലായ്മയാണ് ഇവിടെ പ്രധാനമായും ചോദ്യം ചെയ്യപ്പെടുന്നതെന്ന് മാല പാര്‍വതി പറഞ്ഞു.
ഭരണസമിതിയുടെ കെടുകാര്യസ്ഥത കാരണം നിരവധി വിവാദങ്ങളാണ് അടുത്തിടെ പുറത്തുവന്നത്. ഈ സാഹചര്യത്തിൽ നിലവിലെ ഭരണസമിതിക്ക് തുടരാൻ യാതൊരു അർഹതയില്ലെന്നും അടിയന്തരമായി രാജിവയ്ക്കണമെന്നുമാണ് അംഗങ്ങളിൽ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നത്. ഇതിനിടെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസിയുടെ പിന്തുണയും ചില ഭാരവാഹികൾക്ക് ലഭിക്കുന്നുണ്ട്.