ആവശ്യത്തിനും അനാവശ്യത്തിനും ട്രോളുകളും ചര്‍ച്ചകളും നടക്കുന്ന ഇടമാണ് സോഷ്യല്‍ മീഡിയ. ഈ ഇടത്തേക്ക് കഴിഞ്ഞ ദിവസം ഒരു കൂട്ടം യുവാക്കളുടെ മെലഡി മാഷപ്പാണ് ചര്‍ച്ചയായത്. 'പള്ളിച്ചട്ടമ്പിയിലെ' 'കാട്ടുചെമ്പകം പൂത്തോട്ടെ', 'കല്യാണ രാമനി'ലെ 'കഥയിലെ രാജകുമാരി'യും പാട്ടും ഒന്നിപ്പിച്ച മാഷപ്പാണ് യുവാക്കള്‍ പാടിയത്. പിന്നാലെ ഈ പാട്ടിനെതിരെ വലിയ രീതിയില്‍ പരിഹാസമുയര്‍ന്നിരുന്നു. യുവാക്കളുടെ ശബ്ദത്തിനെതിരെയാണ് വിമര്‍ശവും കടുത്ത പരിഹാസവും വന്നത്.
ഇപ്പോള്‍ പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ഈ യുവാക്കള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ ശബ്ദം ഇങ്ങനെയാണെന്നും ഇനിയും പാട്ടുകള്‍ പാടുമെന്നുമാണ് യുവാക്കളുടെ പ്രതികരണം. ' ഷംനാസ് കെപി' 'ഫവാസ് ഫവാസ്' എന്നീ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്നുമാണ് പ്രതികരണ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
'രണ്ട് ദിവസം മുന്‍പ് ഞങ്ങള്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. അതില്‍ പോസിറ്റീവായും നെഗറ്റീവായും ട്രോളുകളും കമന്‍റുകളും വന്നിരുന്നു. അതെല്ലാം ഞങ്ങള്‍ അംഗീകരിക്കുന്നു. ഞങ്ങളുടെ ശബ്ദം ഇങ്ങനെയാണ്, ഈ ശബ്ദത്തിലേ പാടാനാവൂ. ഇനിയും പാടും. ഇനിയും വിഡിയോകള്‍ ചെയ്യും. സ്വീകരിക്കേണ്ടവര്‍ക്ക് സ്വീകരിക്കാം. അല്ലാത്തവര്‍ക്ക് തള്ളിക്കളയാം. അതില്‍ ബുദ്ധിമുട്ടില്ല. നമുക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്തുകൊണ്ടിരിക്കും. ആ വിഡിയോയില്‍ തുടരും എന്ന് പറയുന്നത് തുടരും എന്ന് തന്നെയാണ്,' യുവാക്കള്‍ പറഞ്ഞു.