Image Credit : Instagram/Youtube
മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഒരുപോലെ കയ്യടി നേടിയ താരമാണ് അനുപമ പരമേശ്വരന്‍. സമൂഹമാധ്യമങ്ങളിലും താരം ആരാധകരുമായി തന്‍റെ കൊച്ചു കൊച്ചുവിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പാട്ടുപാടി ആരാധകരുടെ ഹൃദയം കവരുകയാണ് താരം. 'ത്രീ' എന്ന ധനുഷ് ചിത്രത്തിലെ കണ്ണഴകാ എന്ന ഗാനമാണ് താരം ആലപിച്ച് വിഡിയോ പങ്കുവച്ചിരിക്കുന്നത്. മുടി പിന്നിയിടുമ്പോഴെല്ലാം തനിക്ക് ഈ പാട്ട് ഓര്‍മവരുമെന്നും അനുപമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'ത്രീ' സിനിമയില്‍ ശ്രുതി ഹാസന്‍റെ ജനനി എന്ന കഥാപാത്രത്തെ ഓര്‍മിപ്പിക്കും വിധമാണ് അനുപമ വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുടി രണ്ടുവശത്തും പിന്നിക്കെട്ടി ജനനിയെ ഓര്‍മിപ്പിക്കും വിധമുളള അനുപമയുടെ പാട്ടിന് സൈബറിടത്ത് നിറഞ്ഞ കയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാട്ടിനൊപ്പം താരം പങ്കുവച്ച കുറിപ്പ് ഇങ്ങനെ..
'ത്രീ സിനിമയിലെ ഈ ഗാനം പലയാവർത്തി കണ്ടാണ് ഞാൻ വളർന്നത്. ഞാൻ എപ്പോഴെല്ലാം മുടി ഇതുപോലെ രണ്ട് വശത്തേക്ക് പിന്നി ഇടുന്നോ, അപ്പോഴെല്ലാം ഈ പാട്ട് എന്‍റെ തലയിലേക്ക് പെട്ടെന്ന് വരും. ഇന്ന് വെറുതെ കണ്ണാടിക്ക് മുന്നിലിരുന്ന് ഇതുപോലെ മുടി പിന്നിയിട്ടപ്പോള്‍ എന്തുകൊണ്ട് ഈ പാട്ടൊന്ന് പാടിനോക്കിക്കൂടാ എന്നെനിക്ക് തോന്നി. ഞാൻ മാത്രമാണോ ഈ ഹെയർ സ്റ്റൈലിനെ ആ പാട്ടുമായി ബന്ധപ്പെടുത്തുന്നത്? ദയവായി പറയൂ...' എന്നാണ് അനുപമ കുറിച്ചത്.
അതേസമയം ‘പെറ്റ് ഡിറ്റക്ടീവ്’ ആണ് അനുപമയുടെ അവസാന മലയാള ചിത്രം. ധ്രുവ് വിക്രമിനൊപ്പം അഭിനയിച്ച ‘ബൈസൺ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച കയ്യടിയും താരത്തിന് ലഭിച്ചിരുന്നു. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് അനുപമ അഭിനയജീവിതത്തിന് തുടക്കം കുറിച്ചതെങ്കിലും അനുപമയ്ക്ക് പ്രശസ്തി നേടിക്കൊടുത്തതിലേറെയും അന്യഭാഷാ ചിത്രങ്ങളായിരുന്നു.