Image: Instagram, the_real_chiyaan

തോട്ടത്തിനുള്ളില്‍ ദൂരെ ചിരപരിചിതമായൊരു യുവമുഖം, ചെക്കനെ കണ്ട് ഓടി വന്നതാണ് ഒരു കൂട്ടം തൊഴിലാളി സ്ത്രീകള്‍, പിന്നെ കണ്ടത് ചിരിയും കളിയും പാട്ടും ആട്ടവും. ചിയാന്‍ വിക്രം പങ്കുവച്ച ഇന്‍സ്റ്റഗ്രാം വിഡിയോ ആരാധകരുടെയടക്കം ഹൃദയം കീഴടക്കി വൈറലാവുകയാണ്. 

‘നടക്കാനിറങ്ങി, തിരിച്ചെത്തിയത് ഒരു ഊഷ്മളമായ ഓര്‍മയുമായി’ എന്ന ക്യാപ്ഷനോടെയാണ് ചിയാന്‍ വിക്രം മൂന്നാറിലെ തോട്ടത്തിനുള്ളില്‍ നിന്നുള്ള വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ദൂരെ നിന്നും വിക്രമിനെ കണ്ട് നെഞ്ചിടിപ്പോടെ ഓടിവന്ന മുഖങ്ങളിലെല്ലാം നിറഞ്ഞ ചിരി, പ്രിയതാരത്തിന്റെ ഓരോ ചലനവും വാക്കും നോട്ടവും അവര്‍ക്ക് ചിരിക്കാനും ഉല്ലസിക്കാനുമുള്ള വഴിയായി. ദൂരെനിന്നും ധൈര്യത്തോടെ ഓടിവന്നവര്‍ അടുത്തെത്തിയപ്പോള്‍ നാണിക്കുന്നുവെന്ന് താരം തന്നെ വിഡിയോയില്‍ പറയുന്നു.

വിക്രം ചെയ്ത, പ്രിയ കഥാപാത്രങ്ങളും സിനിമകളും പലരും വിളിച്ചുപറഞ്ഞു, സാമി, സാമി എന്നും അന്യന്‍ എന്നുമൊക്കെ പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. പിന്നാലെ സ്ത്രീകള്‍ക്കൊപ്പം ‘അന്യന്‍’ സിനിമയിലെ ഹിറ്റ് ഗാനമായ ‘അണ്ടൻകാക്ക കൊണ്ടക്കാരി’ എന്ന പാട്ടുപാടി ചുവടുവയ്ക്കുന്നത് താരം തന്നെ മൊബൈലില്‍ പകര്‍ത്തുന്നതും വിഡിയോയിലുണ്ട്. 

ആഴ്ചകള്‍ക്ക് മുന്‍പാണ് ചിയാന്‍ വിക്രം തന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകരെ അമ്പരപ്പിക്കുന്ന ലുക്കുമായി എത്തിയിരുന്നത്. ‘60വയസുള്ള ചെറുപ്പക്കാരന്‍’ എന്ന തരത്തിലുള്ള കമന്റുകളായിരുന്നു നിറയെ. ഇതിനിടെ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഗൗതം മേനോന്‍ ചിത്രം ധ്രുവനക്ഷത്രം റിലീസിനൊരുങ്ങുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ടിവികെ നേതാവ് വിജയ്‌യുടെ ചരിത്രവിജയത്തില്‍ ‘അഭിനന്ദനം നന്‍പാ’ എന്ന ക്യാപ്ഷനോടെ ചിത്രങ്ങള്‍ പങ്കുവച്ചതും സോഷ്യല്‍മീ‍ഡിയയില്‍ പ്രചരിച്ചിരുന്നു. 

 

Chiyaan Vikram's Viral Heartwarming Video Captivates Fans:

Chiyaan Vikram's heartwarming video is going viral, capturing the hearts of fans and audiences alike. The clip shows the actor interacting joyfully with a group of women in a plantation, singing and dancing to the hit song 'Andanakka Ka Kondakkari' from his iconic film 'Anniyan'.