sathyan-anthikkad

വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നതിൽ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ടെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. വിട്ടുവീഴ്ചയില്ലാത്ത ചില നിലപാടുകൾ ഒരു രാഷ്ട്രീയ നേതാവിനു വേണമെന്നു തോന്നിയിട്ടുണ്ട്. കോൺഗ്രസിൽ അത് സതീശനിൽ മാത്രമേ ഇന്ന് കാണുന്നുള്ളു. 'സന്ദേശ' ത്തിൻ്റെ സന്ദേശം പൂർണ്ണമായി ഉൾക്കൊണ്ട ഒരാൾ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വരുന്നു എന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണെന്നും സത്യൻ അന്തിക്കാട് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

താൻ പങ്കെടുത്ത ചടങ്ങിൽ വെച്ച് സന്ദേശം സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവം സതീശൻ തുറന്നു പറഞ്ഞിട്ടുണ്ട്. സന്ദേശത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച കോട്ടപ്പള്ളി പ്രഭാകരൻ കഥയുടെ ക്ലൈമാക്സിൽ രാഷ്ട്രീയം ഉപേക്ഷിച്ച് ജീവിതയാഥാർത്ഥ്യം തിരിച്ചറിഞ്ഞ് വക്കീലായി പ്രാക്ടീസ് ചെയ്യാൻ പോകുന്ന രംഗമുണ്ട്. അതു കണ്ടതിൻ്റെ പിറ്റേ ദിവസം സതീശൻ പ്രശസ്തനായ ഒരു അഭിഭാഷകൻ്റെ ജൂനിയറായി ചേർന്നുവെന്ന് പറഞ്ഞു. പക്ഷേ സതീശൻ രാഷ്ട്രീയത്തിലേക്കു തന്നെ തിരിച്ചു വന്നു. 

'സന്ദേശ'ത്തിൻ്റെ അവസാനഭാഗത്ത് തിലകൻ പറയുന്നുണ്ട് 'രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആളുകൾ കൈകാര്യം ചെയ്യുമ്പോൾ' എന്ന്. സതീശൻ ആ നല്ല ആളുകളിൽപെട്ട ഒരാളാണ്. ആൾക്കൂട്ടത്തിനുള്ളിലും തനിച്ചാകാൻ സാധിക്കുന്ന ആളാണ് സതീശൻ. പാതിരാത്രി വരെ നീളുന്ന പരിപാടികൾ ഇല്ലാത്ത ദിവസം ഉറങ്ങുന്നതിനു മുമ്പ് നൂറു പേജെങ്കിലും വായിക്കാൻ ശ്രമിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വാക്കുകളിലും പ്രവൃത്തിയിലും അതിൻ്റെ ഗുണം കാണാറുമുണ്ട്.

സിനിമയും സമൂഹവും മാറിയതുപോലെ രാഷ്ട്രീയവും മാറിയിട്ടുണ്ട്. നമ്മുടെ പല നേതാക്കളും അതു മനസ്സിലാക്കിയിട്ടില്ല. സതീശൻ ഏറ്റവും പുതിയ തലമുറയുടെ നേതാവാണ്. വിദ്യാർത്ഥികളും യുവാക്കളുമാണ് വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്. വർഗീയതക്കെതിരെ മടിയില്ലാതെ സംസാരിക്കുന്ന കോൺഗ്രസുകാരനാണ് വി.ഡി.സതീശൻ. രണ്ട് സമുദായനേതാക്കൾ നിരന്തരം സതീശന്നെ കുറ്റപ്പെടുത്തുമ്പോൾ ജനഹൃദയങ്ങളിൽ ഉയരുന്നത് സതീശൻ്റെ ഇമേജാണെന്നും സത്യൻ അന്തിക്കാട് പറയുന്നു.

'രമേശ് ചെന്നിത്തലയോടും വ്യക്തിപരമായി ഒരുപാട് ഇഷ്‌ടമുണ്ട്. പക്ഷേ ഇന്നത്തെ കേരളത്തിനു വേണ്ടത് സതീശൻ്റെ നേതൃത്വമാണ്. 'സന്ദേശ' ത്തിൻ്റെ സന്ദേശം പൂർണ്ണമായി ഉൾക്കൊണ്ട ഒരാൾ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വരുന്നു എന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. അത് പങ്കിടാൻ ശ്രീനിവാസൻ ഒപ്പമില്ല എന്നത് ചെറുതല്ലാത്ത സങ്കടവും' - സത്യൻ അന്തിക്കാട് കുറിച്ചു.

ENGLISH SUMMARY:

VD Satheesan as CM is a cause for immense personal joy for director Sathyan Anthikad, who believes Satheesan embodies the unwavering principles needed in a political leader. Anthikad expressed profound happiness on Facebook about a leader who fully grasps the message of the iconic movie 'Sandesham' potentially becoming Kerala's Chief Minister.